Saturday, August 21, 2010

നിന്റെ മണം

11




ആദ്യം കാണുമ്പോള്‍
നിനക്ക് മഴയുടെ മണം.
മുറ്റത്തെ ചരലില്‍ തലതല്ലിച്ചിരിച്ച്
ചുടുമണ്ണിലലിഞ്ഞു ചേര്‍ന്ന
നീര്‍ത്തുള്ളിയുടെ മണം.

പിന്നെ തൊട്ടപ്പോള്‍
നിന്റെ മുടിയിഴകള്‍ക്ക്
മാന്തളിരിന്റെ മണം.

ചുംബിച്ച നേരം ഉമിനീരിലും
ചുണ്ടില്‍ പൊടിഞ്ഞ ചോരത്തുള്ളികളിലും
നിന്റെ മണം.

ഒരു ദേഹമായപ്പോള്‍
നിന്റെ വിയര്‍പ്പില്‍
എന്റെ രേതസ്സും എന്റെ മണവും.

കുഞ്ഞിനുള്ള മുലപ്പാല്‍ കട്ടുകുടിച്ചത്
മൂക്കു തുറന്നുപിടിച്ച്

ഉണ്ണിമൂത്രത്തിനു
പുണ്യാഹമണം

ഒടുവില്‍ ഞാനറിയുന്നത്
നിന്റെ കണ്ണീരിന്റെ മണം.
അതിനു കാരണം...
രാത്രി വൈകിയെത്തിയ
എന്റെ മണവും.

(July 2010)

11 Response to നിന്റെ മണം

Anonymous
October 7, 2010 at 11:06 PM

ഇത് വായിച്ചിട്ട് പെണ്ണെഴുത്ത്‌ പോലെ തോന്നുന്നില്ല.....നന്നായിട്ടുണ്ട്.....

June 11, 2011 at 10:43 PM

ജാലകത്തിലൊരു കവിത കണ്ട് വന്ന് പഴയതിലേക്കൊന്ന് എത്തിനോക്കിയെന്ന് മാത്രം.

കവിതക്കൊന്ന്, കഥക്കൊന്ന്, ചിത്രത്തിനൊന്ന്, ഇനിയും വേറെ ബ്ലോഗ് വല്ലോം...!? ഹോ

June 12, 2011 at 8:59 PM

ഇനി ഒന്നുകൂടിയുണ്ട്‌, ഇംഗ്ളീഷ് കവിതകള്‍ക്ക്‌ വേണ്ടി. http://smokingvoice.blogspot.com/
ഒരാവേശത്തിനു തുടങ്ങിയതാ. ഇംഗ്ളീഷില്‍ എഴുതുന്നതിനേക്കാള്‍ എളുപ്പം മലയാളം ആയതുകൊണ്ട്... ഇപ്പോള്‍ ഞാന്‍ പോലും അത് ഉപേക്ഷിച്ചു.

June 12, 2011 at 9:00 PM

ഭഗോതി കാത്തു :p

September 24, 2011 at 8:49 PM

എന്തിനാ വൈകിയത്.. മോശമായിപ്പോയി.. എന്നാലും ഇത് വായിച്ചപ്പോള്‍ എനിക്കൊരു ചമ്മല്‍ മണം.. ഇഷ്ടായിട്ടോ..

September 24, 2011 at 8:57 PM

നാളെ നേരം വെളുക്കുമ്പോള്‍
ഒരു ഗ്ലുക്കോസ് മണം,
അതിനു കാരണം
ഇത് വായിച്ച കെട്ട്യോന്റെ കൊണം!!!

September 24, 2011 at 10:34 PM

നേരം വെളുകുമ്പം മണപ്പിക്കാൻ എന്തെങ്കിലും ബാക്കി വെച്ചേക്കണെ..

വേറിട്ട ചിന്ത.. ആശംസകൾ..!

September 25, 2011 at 4:11 PM

മൊത്തത്തില്‍ നല്ല ഒരു സുര്ഗന്ധം!

"ഉണ്ണിമൂത്രത്തിനു
പുണ്യാഹമണം"

ഇതെന്താ സോണി ഈ വരികളുടെ ഒരു പ്രസക്തി?

March 31, 2012 at 12:16 PM
This comment has been removed by the author.
March 31, 2012 at 12:23 PM

എന്തോ.. എനിക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല ഈ പറഞ്ഞ ഒരു ഗന്ധങ്ങളെയും .. സുഗന്ധങ്ങളെയും..ദുര്‍ഗന്ധങ്ങളെയും വേര്‍തിരിച്ചു ഞാന്‍ ഇഷ്ടപെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ ഗന്ധത്തെ ആരാണ് രണ്ടായി തിരിച്ചിരിക്കുന്നത്.

January 17, 2014 at 8:24 PM

കണ്ണീരിന്റെ മണം മാത്രം എനിക്ക് മനസ്സിലായി

Post a Comment