Wednesday, January 30, 2013

പറയാത്ത പൊരുളുകള്‍

24


കഷണ്ടിയ്ക്കു മരുന്നുകിട്ടാത്തത്
തല മറന്നെണ്ണ തേച്ചവന്,
ചേരയെത്തിന്നുന്ന നാട്ടില്‍
അടികൊണ്ടുവലഞ്ഞത്
നടുക്കഷണം ചോദിച്ചതിന്

അമ്മയോടുകയര്‍ത്തത്
അങ്ങാടിയില്‍ത്തോറ്റതിനല്ല,
കുട വയ്ക്കുന്നിടത്ത്
വടി വയ്ക്കാതിരുന്നതിന്,
കാടി കൊടുത്തപ്പോള്‍
മൂടിക്കുടിയ്ക്കാതിരുന്നതിന്,
പുരയ്ക്കുചാഞ്ഞ മരം
മുറിയ്ക്കാതിരുന്നതിന്

കൊല്ലുന്ന രാജാവിന്റെ പരസ്യം,
തിന്നുന്ന മന്ത്രിയെ വേണം...
എല്ലും മുടിയും വയ്ക്കാതെ,
പപ്പും പൂടയുമില്ലാതെ
പാത്രം നക്കിത്തോര്‍ത്തണം

ആയിരം കോഴിയെ വിറ്റ്
അരക്കാടയെ വാങ്ങിയവന്‍
അരമുട്ടയടവച്ചു,
ഒരു കാടയെത്തിന്നാന്‍

നിലാവുണ്ടെന്നുകരുതി
വെളുക്കുവോളം കട്ടവന്‍
കണ്ണടച്ചിരുട്ടാക്കിയത്
നില്‍ക്കാന്‍ പഠിക്കാതിരുന്നിട്ട്

ശവത്തില്‍ കുത്തിയത്
ചത്തുകിടന്നപ്പോള്‍
ചമഞ്ഞുകിടക്കാതിരുന്നതിന്;
എന്നിട്ടും നായ മുറുമുറുത്തത്
ആശാരിയെക്കൂടി
കടിക്കാന്‍ കിട്ടാത്തതിനും

അമ്പഴങ്ങയും കൊടുക്കാമെന്നും
മെലിഞ്ഞാല്‍ തൊഴുത്തില്‍ക്കെട്ടാമെന്നും
പുത്രനും തഴമ്പുണ്ടാവുമെന്നും...
നിത്യാഭ്യാസി ചിരിക്കുന്നു;
ആനപ്പുറത്തിരുന്ന്...



(29.01.2013)

Saturday, January 12, 2013

ശേഷം ചിന്ത്യം

18

 
നീ, മാറിടം പിഴിഞ്ഞെന്‍റെ
ചോര കുടിച്ചവന്‍,
കാല്‍വിരല്‍ താഴ്ത്തിയെന്‍
ശ്വാസം മുറിച്ചവന്‍,
ആറടിയ്ക്കുള്ളില്‍
കളിയ്ക്കും നിനക്കിനി
ജാതകം കുറിച്ചിട്ട്
പിറക്കുന്ന കുഞ്ഞുങ്ങള്‍

ഇനിവരും ജന്മവും
ഗതിയില്ലാതലയണം;
ദുര്‍മ്മരണമാക്കുവാന്‍
ഊര്‍ദ്ധ്വന്‍റെ പ്രാണനെ
തൂക്കിനിര്‍ത്തുന്നവന്‍

താന്താനനര്‍ത്ഥങ്ങള്‍!
താവഴിക്കാഴ്ചയില്‍
ആറുകലങ്ങാത്ത
കാലവര്‍ഷങ്ങളും
തീറെഴുതിത്തീരുന്ന
തീരദേശങ്ങളും

വരയാടിന്നുദരത്തില്‍
പ്ലാസ്റ്റിക്‌ ഗര്‍ഭങ്ങള്‍,
വംശം നശിക്കുന്ന
തൂമഴപ്പാറ്റകള്‍,
വീശിക്കഴയ്ക്കും
ഇരുട്ടടിമൂര്‍ച്ഛയില്‍
സൂര്യനെച്ചൂണ്ടുന്ന
മിന്നാമിനുങ്ങുകള്‍

മലിനത തീണ്ടിയെന്‍
ദക്ഷിണമുരുകുമ്പോള്‍
കരിവിഷക്കാറ്റുകള്‍
വാനം തുളയ്ക്കുമ്പോള്‍
വേരില്ലാമണ്ണിലെ
ഇലയില്ലാത്തടിയിലെ
ചൂണ്ടാണി ചായുന്നു, എന്‍റെ
നെല്ലിപ്പടിയിലേയ്ക്ക്...

(07..12..2012)