Tuesday, September 7, 2010

അവര്‍ അറിയാതിരുന്നത്‌....

0


പ്രണയത്തിന്റെ വീട്ടുപടിക്കല്‍
കവികള്‍ വായിച്ചിട്ടുപോയത്
ചരമക്കുറിപ്പായിരുന്നില്ല...
അതൊരനുശോചനക്കുറിപ്പായിരുന്നു.

അതവരുടെ പ്രതിഷേധക്കുറിപ്പാണ്  - അവന്‍ പറഞ്ഞു;
- അനുവാദമില്ലാതെ പ്രണയിച്ചതിന്...
അതിന്റെയരികുകള്‍ കീറിപ്പോയി - അവള്‍
ഇറങ്ങിച്ചെന്നാല്‍ നാമവരെപ്പോലെയാവും - അവന്‍ മുരണ്ടു
പക്ഷെ ഒരിക്കലുമവര്‍ നമ്മെപ്പോലാവില്ല - അവള്‍ ചിരിച്ചു.

അവന് കുഴിഞ്ഞ കണ്ണുകളായിരുന്നു
അവള്‍ക്ക് പതിഞ്ഞ മൂക്കും.

അവന്റെ കണ്ണുകള്‍ കുഴിഞ്ഞത്
ഇരുട്ടിലേക്ക് നോക്കി ചിന്തിച്ചിട്ടാണെന്നവള്‍ 
അവളുടെ മൂക്ക് പതിഞ്ഞത്
അവന്റെ ചിന്തകള്‍ക്ക് മണം പിടിച്ചിട്ടാണെന്നവന്‍

വീടിന്റെ ആകാശത്ത് മേഘങ്ങളുണ്ടായിരുന്നു
മുറ്റത്ത്‌ അപ്പോള്‍ ‌ നിഴലുകളില്ലായിരുന്നു.

നിലാവും നക്ഷത്രങ്ങളുമില്ലാത്ത 
രാത്രി വരുമെന്നവന്‍,
അന്ന് കാര്‍മേഘങ്ങള്‍ക്കു മീതെ ഉറങ്ങുമെന്നവള്‍ 
എങ്കിലും രാത്രി വരാതിരിക്കില്ലെന്ന്...
രാത്രി കഴിഞ്ഞാല്‍ പുലരുമെന്ന്...
പുലര്‍ന്നാല്‍ വീണ്ടുമിരുട്ടുമെന്ന്...
പുലര്‍ന്നാല്‍ ഇരുട്ടാന്‍ നേരമേറെയെന്ന്....

കറുത്ത രാത്രി വെളുത്തപ്പോള്‍
അവര്‍ മഴയിലേയ്ക്കിറങ്ങി...

അവരറിഞ്ഞിരുന്നില്ല -
അനുശോചിക്കാന്‍ വന്നവര്‍
മുറ്റത്തെ മണലിനടിയില്‍
കാരമുള്ളുകള്‍ നിരത്തിയത്....

(2006)
                       ***************

No Response to "അവര്‍ അറിയാതിരുന്നത്‌...."

Post a Comment