Monday, January 17, 2011

അജ്ഞം

19


മൗനം വിളിക്കുമ്പോള്‍ 

ഞാനുറങ്ങുകയായിരുന്നു; 
 

ഉറക്കത്തില്‍
 

പുല്‍മേടുകള്‍ ചുവന്നിരുന്നു;
 

മരങ്ങളില്‍ നിന്ന്
 

ഒഴുകിയിറങ്ങിയ രക്തം
 

വെളുത്തിരുന്നു.


മൗനം വിളിച്ചത്
 

അവള്‍ മരിച്ചുവെന്നു പറയാന്‍ ;
 

എന്റെ ചിതയില്‍ച്ചാടി....

 
അഗ്നി വറ്റി;
 

പറന്നുയര്‍ന്ന ചാരം
 

അവളുടെയും എന്റെയും.
 

ഉരുമ്മിയ അസ്ഥികള്‍;
 

പുരുഷനും, സ്ത്രീയും.

 
ഹിന്ദുച്ചിതയില്‍
 

അന്യജാതിയെല്ലുകള്‍
 

തിരിഞ്ഞെടുക്കാനാവാതെ
 

കുഴങ്ങിയ കാര്‍മ്മികന്‍...

 
കുടത്തിലായത് ചിലത്,
 

കുഴിച്ചുമൂടിയത് ചിലത്.

 
കുടത്തില്‍ അവള്‍
 

ഗംഗയിലൊഴുകിയപ്പോള്‍ 
 

മണ്ണിനടിയില്‍ എനിക്ക് കൂട്ടിന്

അവളുടെ വലതു കൈപ്പത്തി...
 

പുണര്‍ന്ന ചാരം;
 

രക്തവും, മാംസവും, മുടിയിഴകളും...

 
പിന്നെ മൗനം പറഞ്ഞത്
 

വളരെ പതിയെയായിരുന്നു;
 

'ഞാനറിഞ്ഞിരുന്നില്ല,
 

അവള്‍ നിന്നെ പ്രണയിച്ചത്‌...'


(14.01.2011)

19 Response to അജ്ഞം

March 22, 2011 at 1:54 PM

ഈ കവിതകള്‍ ആരും വായിക്കാതെ പോകുന്നത് എന്തുകൊണ്ട്?
കഷ്ടം.

November 3, 2011 at 9:45 AM

ഹിന്ദുച്ചിതയില്‍

അന്യജാതിയെല്ലുകള്‍

തിരിഞ്ഞെടുക്കാനാവാതെ

കുഴങ്ങിയ കാര്‍മ്മികന്‍...


ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക, ഹിന്ദുച്ചിതയിൽ എന്ന് പ്രത്യേകിച്ച് പറയണോ ? ഹിന്ദുക്കളല്ലേ എന്റെ അറിവിൽ ദഹിപ്പിക്കുകയുള്ളൂ. തെറ്റാണെങ്കിൽ ക്ഷമിക്കുക. നല്ല അർത്ഥഗംഭീരമായ കവിത. ഒരോ തവണ വായിക്കുമ്പോഴും ഒരോരോ അർത്ഥതലങ്ങൾ. അത്കൊണ്ട് ഞാൻ വായിക്കൽ രണ്ടിലവസാനിപ്പിച്ചു. കാരണം അർത്ഥങ്ങൾ മാറിമാറി എനിക്ക് പ്രാന്തായാലോ ?

November 3, 2011 at 9:49 AM

ഹിന്ദുച്ചിത എന്ന് പ്രത്യേകം പറഞ്ഞത് പിന്നാലെവരുന്ന ജാതി എന്ന വാക്കിനോട് ചേര്‍ന്ന്നില്‍ക്കാനാണ്. ജാതി എന്ന കണ്‍സപ്റ്റും ഹിന്ദുസമുദായത്തില്‍ മാത്രമാണല്ലോ.

November 3, 2011 at 10:00 AM

തീഷ്ണമായ വരികള്‍......പ്രണയത്തിനുമുന്നില്‍ എന്ത് ജാതി എന്ത് മതം

November 3, 2011 at 10:20 AM

ഇത്ര കുറഞ്ഞ വാക്കുകളില്‍ ആശയങ്ങളുടെ ഒരു മഹാപ്രപഞ്ചം സൃഷ്ടിക്കാമല്ലേ? നന്ദി, ഇനിയും ഇത് വഴി വരാം; ആവശ്യമായി വരുമ്പോഴൊക്കെ.

November 3, 2011 at 10:32 AM

.................................................
കൊച്ചു വാക്കുകളില്‍ ഏറെ ഗഹനമായ
വരികള്‍ എഴുതുന്നതിനാലാണോ
താങ്കളുടെ കവിതകള്‍
വല്ലാതെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്..?
മിക്കപ്പോഴും,
പ്രണയത്തിന്റെ അതി തീവ്ര ഭാവങ്ങളെ
കിറു കൃത്യമായ ബിംബങ്ങളും
വാക്ക് ചേരുവകളും കൊണ്ട്
താങ്കള്‍ വരച്ചു കാട്ടുമ്പോള്‍
അത്ഭുതം കൂറിയിട്ടുണ്ട്...!
വാക്കും ചിന്തയും
വരദാനമാകുന്നത്
അനുഭവിച്ചറിയുന്നത്‌
ഇത്തരം വരികള്‍ വായിക്കുമ്പോഴാണ്.
കൂടുതല്‍ എഴുതൂ...
നന്നായി മാര്‍ക്കറ്റ്‌ ചെയ്യൂ...
അടുത്തു തന്നെ ഇവയൊക്കെ ഒരു കവിതാ
സമാഹാരത്തിലൂടെ
വെളിച്ചം കാണട്ടെ എന്നാശംസിക്കുന്നു.!

November 3, 2011 at 10:37 AM

കുടത്തിലായത് ചിലത്,

കുഴിച്ചുമൂടിയത് ചിലത്.

അവളുടെ അസ്ഥികള്‍ ഗംഗയില്‍ ഒഴുകിയെങ്കിലും
അവള്‍ കൈപിടിയില്പോതുക്കിയ ചാരം
കൂട്ടായുണ്ട് ...... എനിക്കീ മണ്ണിനടിയില്‍ ,,,,,,,

ആശംസകളോടെ ... (തുഞ്ചാണി)

November 3, 2011 at 1:14 PM

പിന്നെ മൗനം പറഞ്ഞത്
വളരെ പതിയെയായിരുന്നു;
'ഞാനറിഞ്ഞിരുന്നില്ല,
അവള്‍ നിന്നെ പ്രണയിച്ചത്‌...'

ഈ അവസാന വരികളില്‍‍ നിന്നും കവിതയിലെ തീവ്ര പ്രണയത്തിന്റെ ആത്മാവ് കണ്ടെത്തി. അഭിനന്ദനീയമായ രചനാപാടവം. ഭാവുകങ്ങള്‍ സോണി.

November 3, 2011 at 3:14 PM

സ്നേഹത്തിന്റെ കെട്ടുമാറപ്പുകള്‍ ജാതിയ്യതയില്‍ കുരുക്കി വിധിയെഴുതുന്നവരും അതില്‍ വധിക്കപെടുന്നവരും

വരികള്‍ ഇഷ്ടമായി

November 4, 2011 at 1:26 PM

“രക്തവും, മാംസവും, മുടിയിഴകളും..” ഇത് മണ്ണിനടിയിൽ എത്തി എന്നാണോ ഉദ്ദേശിച്ചത്? എങ്കിൽ എങ്ങനെ? ഒന്ന് വിശദീകരിയ്ക്കാമോ, സോണീ...

നല്ല ആശയം! വൃത്തിയായി പറഞ്ഞിരിയ്ക്കുന്നു

November 4, 2011 at 1:34 PM

ആ മൗനത്തില്‍ നിന്നും ..വാചാലമായ ഈ വരികള്‍ ഒരുപാടിഷ്ടമായി..
വായിച്ചു കഴിഞ്ഞപ്പോള്‍ ....എനിക്കും തോന്നി ....മൌനം എന്നെയും വിളിച്ചു വോ ..എന്ന് ..ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

November 4, 2011 at 1:49 PM

ഒരു തിരുത്ത്‌...
"അന്ത്യ "മൊഴി മാറ്റം"നടത്തുമ്പോള്‍
ആദ്യമായി "മൌനം"
തേനില്‍ ചാലിച്ച വയമ്പ്
"നുണയില്‍" ചേരുവ തെറ്റാതെ
അരച്ച് ചേര്‍ത്തിരുന്നു."

November 4, 2011 at 1:53 PM

"പുണര്‍ന്ന ചാരം;
രക്തവും, മാംസവും, മുടിയിഴകളും..."
- ഇത് ചേര്‍ത്ത് വായിക്കൂ ബിജൂ.

November 4, 2011 at 2:58 PM

ഉറക്കത്തില്‍

പുല്‍മേടുകള്‍ ചുവന്നിരുന്നു;

മരങ്ങളില്‍ നിന്ന്

ഒഴുകിയിറങ്ങിയ രക്തം

വെളുത്തിരുന്നു....

--------------------------------
ഒരു ഡൌട്ട് ചേച്ചി .... മരങ്ങളില്‍ നിന്നും ഒഴുകിയിറങ്ങിയ രക്തം വെളുതിരിന്നുവെങ്കില്‍ പുല്‍മേടുകള്‍ പാല്കടല്‍ അല്ലെ ആകുമായിരുന്നത് .. പിന്നെന്തേ അവ ചുവന്നിരുന്നു?

November 4, 2011 at 3:54 PM

ഹിന്ദുച്ചിതയില്‍

അന്യജാതിയെല്ലുകള്‍

തിരിഞ്ഞെടുക്കാനാവാതെ

കുഴങ്ങിയ കാര്‍മ്മികന്‍...

ചെറിയ വരികളിൽ സമൂഹത്തിന് നെരെ എയ്യുന്ന വലിയ കൂരമ്പുകൾ; ശ്രദ്ധിക്കപ്പെടേണ്ട കവിത.. ആശംസകൾ സോണി..!!

November 4, 2011 at 6:22 PM

നന്നായിട്ടുണ്ട് സോണി ചേച്ചി.. തീപ്പൊള്ളലേറ്റു എന്റെ ചിന്തകള്‍ക്കും... കവിതയിലെ വാഗ്മയങ്ങള്‍ കടന്നു എന്റെ ചിന്തകളെ അശ്വമേധത്തിനായ്‌ ഞാന്‍ അഴിച്ചു വിടുന്നു... നന്ദി.. ഈ വേറിട്ട തീക്ഷ്ണചിന്തകള്‍ സമ്മാനിച്ചതിനു..

November 4, 2011 at 8:06 PM

കവിതയെക്കുറിച്ച് വലുതായൊന്നും അറിയില്ല.... ആശംസകള്‍....

സ്നേഹപൂര്‍വ്വം...

November 4, 2011 at 9:49 PM

@ YUNUS.COOL - അത് ഉറക്കത്തിലായിരുന്നെന്ന് പറയുന്നുണ്ടല്ലോ. ഉറക്കത്തില്‍, സ്വപ്നത്തില്‍ ലോജിക്കിന് സ്ഥാനമില്ല. മരണത്തിന് ശേഷം ആത്മാവ് എത്തിപ്പെടുന്ന (അങ്ങനെ ഉണ്ടായേക്കാവുന്ന) ഒരു മോഹനിദ്ര... അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.

September 11, 2012 at 1:29 PM

എല്ലാ വരികളുമൊന്നൊന്നിനു മെച്ചം...എന്റെ പ്രണയം.. മൌനത്തിനോടുള്ളത്, ഇപ്പോൾ വീണ്ടും ശക്തിയാർജ്ജിക്കുന്നു.. ആശംസകൾ..

Post a Comment