Saturday, March 16, 2013

നാടോടിയപ്പോൾ...

21



നാടോടിയത്
കാറ്റിന്റെ വിത്തിന്...

വാടാതിരിക്കുവാന്‍
തീയില്‍ക്കുരുപ്പിച്ച്,
കായാതിരിക്കുവാന്‍
തേകിത്തണുപ്പിച്ച്,
മാനത്തുമുട്ടാതെ
കോതിവളര്‍ത്തുവാന്‍

വിത്തുകേന്ദ്രങ്ങളില്‍
പെണ്‍വിത്തുകള്‍ മാത്രം
കത്രീന, മരിയ, റീത്ത...
നസ്രാണിക്കാറ്റുകള്‍!
ബാലാനിലന്റെയോ?!?!’
മൂക്കത്തൊരുവിരല്‍...
പാറിവന്നാലായി...!

നാടോടിയപ്പോള്‍
നടുവേയോടിയവന്‍
ഭൂമദ്ധ്യരേഖയില്‍ തട്ടിവീണു,
അച്ചുതണ്ടില്‍ തൂങ്ങി
നേരെ നിവര്‍ന്നവന്‍
മഞ്ഞിന്‍ മറയിലേയ്ക്കൂര്‍ന്നിറങ്ങി

കാറ്റിന്റെ വിത്തുകള്‍
കൂണായ് മുളച്ചു,
ആലായ്‌പ്പടര്‍ന്നു,
രേഖാംശങ്ങളില്‍
വേരിറങ്ങി,
തായ്ത്തടി നീണ്ടത്
മേഘത്തൊടികളില്‍,
ഇലകള്‍ പൊഴിഞ്ഞത്
ആകാശഗംഗയില്‍

ഹിമക്കരടിയോടിച്ചു,
കാറ്റത്തൊടിയാതെ
ഉത്തരധ്രുവത്തിലിരുന്നവനെ;
യതിയെക്കണ്ടു വിരണ്ടു,
കാറ്റില്‍ പറക്കാതെ
ഹിമാലയത്തില്‍ കയറിയവന്‍...
നടുവേയോടിയവനെച്ചൊല്ലി
പാടിത്തേഞ്ഞു നാട്ടുകാര്‍
.............................................

നാടന്‍ കൊന്നക്കാടുകള്‍
കാലംതെറ്റി പൂത്തപ്പോള്‍,
വിഷപ്പല്ലുകളില്ലാതെ
ഉണ്ണികള്‍ പിറന്നപ്പോള്‍,
അപ്പൂപ്പന്‍താടിയായ് വന്നു
ഇളംകാറ്റിന്‍ വിത്തുകള്‍...

നാടോടിപ്പോയിരുന്നന്ന്,
വീഴാന്‍ മണ്ണില്ലാതെ,
തൂവാന്‍ മഴയില്ലാതെ,
ചൂടാനിലയില്ലാതെ...


(15..02..2013)

Friday, March 1, 2013

ചൂണ്ടക്കാരന്‍

16


വാ കീറിയ ദൈവം തന്ന ഇര
വലുതായിരുന്നു

വയറുകീറി പഴകിയപ്പോള്‍
പട്ടില്‍ പൊതിഞ്ഞതിനെ
പൂമുഖത്തിരുത്തി

ഇര തേടിയിറങ്ങുമ്പോള്‍
മടിശ്ശീല നിറയെ
കയ്യാളും കാലാളും

കാലിച്ചന്തയില്‍ ലേലം
ഇടുപ്പുറച്ചതിനഞ്ച്,
മിണ്ടാപ്രാണിയ്ക്കിരുപത്...

എനിക്കു പഥ്യം
പഴുത്താലും പുഴുത്താലും
പതിനാലുതികയാത്തതിനെ,
ഇരുവായ്‌പ്പയ്യുകളെ...

(26..02..2013)