Wednesday, June 10, 2015

ദംശനം

15


കണക്കിന്റെ കറുപ്പുതാളില്‍ നിന്നാണ്
കാലദംശനമേറ്റത്..
പടിവാതില്‍ കടന്നുവന്നിരുന്നില്ല
പച്ചക്കുതിരകള്‍

അഹമെന്ന അദ്ധ്യായത്തിലെ
ഉപബോധത്തിന്റെ ആണരികുകളില്‍
പ്രായം താഴ്ത്തിയ വേരുമായ്
കൃതാവിനുള്ളിലുണങ്ങി
ഒരു പ്രണയക്കുരു

പുറംചട്ടയ്ക്കതിരിലൂടെ
കാറ്റില്‍ പാറിവരുന്നുണ്ട്
ചൊറിയന്‍ പൊടിയും പേറി
ഒരു പ്രണയപ്പുഴു

കടിവായില്‍ നിന്നകലെ
പച്ചയ്ക്ക് കത്തുന്ന മേഘം..
പെരുവിരല്‍മുനയില്‍
നീറിപ്പടരുന്ന മിഴിത്തീ

പുകയാനൊരുങ്ങുമ്പോള്‍
എന്റെ ചുണ്ടില്‍
നിന്റെ വിരലരുത്..
പൊഴിയാനിരിക്കുമ്പോള്‍
എന്റെ കണ്ണില്‍
നിന്റെ മിഴിയരുത്..

നിഴലുകള്‍ക്ക് നിന്റെ
പ്രണയാകൃതി,
മുനിഞ്ഞുപോയ പെണ്‍തിരിക്ക്
മഴക്കുടന്നയില്‍ നിന്ന്
ഒരു കവിള്‍ പ്രാണന്‍

ചാരം പെയ്യുമ്പോള്‍
കിനിയുകയാണ് ഞാന്‍..
മുനകളിലൂടെ, മുഴകളിലൂടെ..

പൊലിയാതിരിക്കണം,
കിഴിഞ്ഞുപോയ വരികളില്‍
വരളാതിരിക്കണം,
ചുരുണ്ടുവീണ സിരകളില്‍
കലരാതിരിക്കണം,
കടിപ്പാടില്‍ നിന്ന്
വലിച്ചുതുപ്പണം...

വെയിൽത്തുള്ളി പാകണം..
വേനൽക്കരുത്തിൽ 
കുരുപ്പിച്ചെടുക്കണം..
പച്ചക്കുതിരകള്‍ക്കുമേല്‍
യാത്ര പോകണം,
മനസ്സ് വിളയുന്ന പാടങ്ങളിലേക്ക്..

(22..04..2015)