Saturday, June 16, 2012

കര്‍മ്മണി

27

കര്‍ത്തരിപ്രയോഗത്തില്‍
പുലിയായിരുന്നു നീ;
കര്‍മ്മണിയില്‍ ഞാനും

നാടോടിയപ്പോള്‍ നോക്കി
നടുവേയോടാന്‍ ,
മൗനം ചെത്തിപ്പൂളിയത്
നടുക്കഷണം തിന്നാന്‍ ,
നോക്കിനോക്കിച്ചെല്ലേ
ചിതല്‍തിന്നുതീര്‍ന്നുപോയ്
കര്‍മ്മണിച്ചിന്തകള്‍


കര്‍ത്തരിയില്‍ നീയുറഞ്ഞുതുള്ളി
കര്‍മ്മണിയില്‍ ഞാന്‍ വിറച്ചുനിന്നു,
വിയര്‍പ്പിന്‍റെ അപ്പങ്ങള്‍ക്ക്
ഉപ്പിന്‍റെ അരുചി,
കാലപ്പഴക്കത്തിന്‍ പാത്രത്തില്‍
സോഷ്യലിസം കൊണ്ട്
വീതിച്ചുവച്ചപ്പോള്‍
കര്‍ത്തരി ഞാനെടുത്തു
കര്‍മ്മണി നീയും...

കര്‍ത്താവില്ലിനി,
ക്രിയകള്‍ മാത്രം...
നാമവും ജപവും
കര്‍മ്മവും ഫലവുമില്ല,
ഭേദ്യവും ഭേദകവും
പ്രതിയും പ്രത്യയവുമില്ല,
വിനയും വിനയെച്ചവും
വ്യയവും അവ്യയവുമില്ല,
കരണത്തും അകാരണത്തും
ഇരുന്നാലുമിരന്താലും
കര്‍മ്മം ചെയ്യാന്‍
നീ പോലുമില്ല,
കാരണം നീയിപ്പോള്‍
കര്‍ത്താവല്ലല്ലോ...

(15..06..2012)

Saturday, June 2, 2012

പ്രണയമഴ

27

നിന്‍റെ കുടക്കീഴില്‍ ഞാനും നിന്നിട്ടും
നീ മാത്രം നനഞ്ഞതുകണ്ടപ്പോഴാണ്
നിന്‍റെയുള്ളില്‍ പെയ്ത മഴ
എത്ര ശക്തമായിരുന്നെന്നു ഞാനറിയുന്നത്

അപ്പോഴാണ്‌,
അപ്പോള്‍ മാത്രമാണ്,
കുടയെന്റേതായിരുന്നെങ്കില്‍
ഞാന്‍ മാത്രം നനയുമായിരുന്നെന്നും
ഞാനറിയുന്നത്

പിന്നെ വന്ന മഴയില്‍
കുടയില്ലാതിരുന്നിട്ടും
നമ്മുടെ ഹൃദയങ്ങള്‍ മാത്രം നനഞ്ഞില്ല,
അവയ്ക്ക് കുടയായി
നമ്മുടെ മുഖങ്ങളുണ്ടായിരുന്നു...

(05..02..2012)