Showing posts with label ഇങ്ങനെയും ചിലത്. Show all posts
Showing posts with label ഇങ്ങനെയും ചിലത്. Show all posts

Thursday, July 4, 2013

ഇങ്ങനെയും ചിലത്..

19

 
ചിത്രമെഴുതാന്‍ നോക്കുമ്പോൾ
ചുവരുണ്ടായിരുന്നില്ല...
പൂമുഖപ്പടിയിലനാഥമായി,
പാഴായ്‌പ്പോയ കരിക്കട്ട
  ............................................
 
മെത്തയില്‍ കയറ്റിക്കിടത്തുമ്പോള്‍
താരാട്ട് വേണമെന്നട്ട,
ചുടല വരെയെന്നാരുപറഞ്ഞു?
ചൊട്ടയിലെ ശീലം കിടക്കവരെ...
  ............................................

വൃത്തമില്ലാതെയെഴുതിയ
ഗദ്യകവിതയായിരുന്നവള്‍,
നടുവില്‍ വരയിട്ടിടയിൽ
വാക്കുമുറിക്കേണ്ടതിനാല്‍
  ............................................

ഉഷ്ണമാപിനി നോക്കി വൈദ്യന്‍
അന്തംവിട്ടു കുറിച്ചു,
പ്രണയപ്പനിയൊരു രോഗമല്ല,
സമയദോഷത്തിന്‍ ലക്ഷണം മാത്രം

Wednesday, June 12, 2013

ആദി

10


ഉത്തരക്കടലാസില്‍
അക്ഷരം പിശകിയപ്പോള്‍
മാഷുവിളിച്ചു
'ആദിവാസീ...'

ആദ്യരാത്രികളില്‍
ആക്രാന്തം കണ്ട്
അവളും വിളിച്ചു
'ആദിവാസീ...'

ആദിസിരകളില്‍
കലര്‍പ്പില്ലാച്ചോര
ആദിക്കരളില്‍
കറുപ്പില്ലാസ്നേഹം
ആദിക്കുടികളില്‍
വിഷമില്ലാത്തന്നം...

ആദിവാസിയാവാന്‍
ഞാനും കൊതിച്ചപ്പോള്‍,
മണ്‍തറയും പുല്‍ക്കൂരയുമായ്
ഇനിയും പിറക്കാത്ത
എന്‍റെ വീടിനുപേര്‍ 'ആദി '

Wednesday, June 5, 2013

പറയാതെ പോയവള്‍

9


ഇന്നലെ
പാതിവെന്ത കവിതയില്‍ നിന്ന്
അവളിറങ്ങിവന്നു
"
ഉപ്പില്ല, മുളകില്ല..."
പതിവുപല്ലവി

"
മാറ്റിപ്പറഞ്ഞൂടെ,
ഒരിക്കലെങ്കിലും...?"
പുകയില്‍ ചുവന്നിരുന്ന
കണ്ണുകളില്‍ തട്ടി
തിരിച്ചുവന്നെന്‍ ചോദ്യം

രാവിലെയുണര്‍ന്നപ്പോള്‍
അടുക്കളയില്‍ തട്ടും മുട്ടും..
'
ചായാ...'ന്നു വിളിച്ചപ്പോള്‍
'
തേയിലയില്ലെ'ന്നു കേട്ടില്ല.

"
അവര്‍ പോയി സര്‍..."
പിന്നിലൊരു കിളിമൊഴി !
ചോദ്യചിഹ്നം പറന്നു,
"
നാലാംവരിയിലെ കാമുകനൊപ്പം..."

മരച്ചീനിക്കച്ചവടക്കാരന്‍ !
"
ഒരു നേരമെങ്കിലും പുഴുങ്ങാന്‍
ചീനി കൊടുക്കാമെന്നയാള്‍..."

നാലാംവരിയില്‍ നോക്കി,
അവനും പോയിരിക്കുന്നു...

"
നീ പിന്നെയാര്...?

"
പത്താംവരിയിലെ പെണ്‍കുട്ടി..
മഴയെ പ്രണയിക്കുന്ന,
കണ്ണുകളില്‍ കവിതയുള്ള..."

കയ്യിലെ ഗ്ലാസവള്‍
മേശപ്പുറത്തു വച്ചു,
"
മഴവെള്ളമാണ് സര്‍,
അങ്ങേയ്ക്കിതു മതിയാവും..."

(05..06..2013)


Thursday, April 18, 2013

അവസ്ഥാന്തരങ്ങള്‍

5


നീ ഉരുണ്ടിരിക്കുന്നതുകൊണ്ടാണ്
ഞാന്‍ നീണ്ടുപോയതെന്ന്
തേങ്ങാമുറിയോടു ചിരവ

നീയെരിയുന്നതുകൊണ്ടാണ്
ഞാന്‍ തിളയ്ക്കേണ്ടിവന്നത്
-
തീയോട് എണ്ണ

നീ മുറിയുന്നതുകൊണ്ടാണ്
ഞാന്‍ കരയേണ്ടിവന്നത്
-
ഉള്ളിയോട് കണ്ണ്

അവസ്ഥാന്തരങ്ങള്‍
അങ്ങനെയെത്രയെത്ര...!


(03..11..2011)