Saturday, December 17, 2011

Dec
17

മീശക്കാരി

28

പെണ്ണിനു മീശയില്ലെന്നു പറഞ്ഞവന്‍
നിന്നെക്കാണണം പെണ്ണേ,
കണ്‍പുരികങ്ങളില്‍ നിനക്കില്ലേ
നല്ലൊരുജോഡി കട്ടിമീശ...!

ചൂണ്ടുവിരല്‍ത്തുമ്പത്ത്
താമരയുഴിഞ്ഞപ്പോള്‍,
കാല്‍മുട്ടുചിരട്ടയില്‍
തീവെട്ടിയെരിഞ്ഞപ്പോള്‍,
മീശ വിറപ്പിച്ചല്ലേ നീയെന്നെ
വീണപൂവാക്കിത്തീര്‍ത്തത്?

ഇടതുചെവിമടക്കിനുള്ളില്‍‌,
നാലാമത്തെ വാരിയെല്ലില്‍,
നട്ടെല്ലിനരികിലെ കുഴികളിലാണ്‌
നിന്‍റെ 'നീ'യെന്നു പറഞ്ഞപ്പോള്‍,
പ്രണയം മൂര്‍ച്ഛിച്ച ഒന്‍പതാം
മരണത്തിന്‍റെമണമറിഞ്ഞു ഞാന്‍.

ആറാമിന്ദ്രിയം വരെ
ആടിയുലഞ്ഞു നീ നില്‍ക്കവേ,
തോരാനിട്ടിരിക്കുന്നു ഞാന്‍
ഹൃദയത്തിന്‍റെ കുപ്പായം...
ചുളി വീണുപോയതും നോക്കി
ഉറങ്ങാനൊക്കാതിരിക്കുന്നു ഞാന്‍...

(04.10.2011)

*  പ്രണയത്തിന്‍റെ അവസ്ഥകള്‍ ഒന്‍പതെണ്ണം ആണെന്ന് ശാസ്ത്രം.  അവ യഥാക്രമം - 1. ചക്ഷുപ്രീതി, 2. മനസ്സംഗം, 3. നിദ്രാഛേദം, 4. ശരീരകാര്‍ശ്യം, 5. ലജ്ജാനാശം, 6. വിഷയനിവൃത്തി, 7. ഉന്മാദം, 8. മൂര്‍ഛ, 9. മരണം ഇങ്ങനെയാണ്.

Thursday, December 1, 2011


എന്‍റെ കുറുംകവിതകള്‍ 
സൂക്ഷിച്ചു വയ്ക്കാന്‍ ഒരിടം.
ഈ ലിങ്കില്‍...

http://kuruttukolli.blogspot.com/