Wednesday, May 4, 2011

ഉള്ളുരുക്കം

0



മകരമഞ്ഞു മൂടുമ്പൊഴും
ഇടവപ്പാതി തിമിര്‍ക്കുമ്പൊഴും
എനിക്കു ഭയമാണ്,
നിനക്ക് പൊള്ളുന്നുവോ  എന്ന്,
ചൂടേറ്റ്, 
എന്റെ നെഞ്ചിലെ
നെരിപ്പോടിന്‍റെ...

(25.04.2011)

Tuesday, May 3, 2011

ധാരണ !

6
Dew drop pic - Courtesy to :
http://www.estatevaults.com/bol/archives/2008/09/10/dewdrops.html



മഞ്ഞുതുള്ളിയില്‍
മുന്നൂറ്ററുപതു ദിക്കിലും
തെളിയുന്ന ഭൂഗോളം...

അതുകണ്ടു വിവശയായ്
ഭൂമിയേ താനെന്നു
ഗര്‍വ്വിക്കും മഞ്ഞുതുള്ളി. 

(03.05.2011)

കള്ളം പറയിക്കുന്നതാര് ?

15











കല്യാണപ്പിറ്റേന്ന് -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ (മൗനം)

അടുത്ത ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : അകത്തു ടോയ് ലറ്റ് ഉണ്ടല്ലോ, അവിടെ പൊയ്ക്കൂടെ?
ഭര്‍ത്താവ് : എന്നാലും പുറത്തുപോയൊഴിക്കുന്ന ഒരു സുഖം കിട്ടില്ല.

മൂന്നാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  അത്... ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : ഛെ! ഇത്ര വൃത്തികെട്ടവനായിപ്പോയല്ലോ നിങ്ങള്‍.
ഭര്‍ത്താവ്  (മൗനം)

നാലാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഓ, വെറുതെ, പുറത്തു നല്ല കാറ്റുണ്ട്....

(29.04.2011)

Sunday, May 1, 2011

വൈകിപ്പോയത്

6



ഏറെക്കൊതിച്ച യാത്രയ്ക്ക് 

നീ വന്നു വിളിച്ചത് 

വര്‍ഷങ്ങള്‍ കഴിഞ്ഞ്...


അപ്പോഴേയ്ക്കും

നിന്നോടുള്ള

എന്‍റെ സ്നേഹം

തീര്‍ന്നുപോയിരുന്നു.


(14.04.2011)

Friday, April 29, 2011

കാത്തിരിപ്പ്

8


ഇരുവഴി പിരിയുമ്പോള്‍

അവള്‍ പറഞ്ഞു,

കാത്തിരിക്കും ഞാന്‍,

വേഴാമ്പല്‍ പോലെ.


വേഴാമ്പലിന്റേത്

കള്ളക്കാത്തിരിപ്പ് -


ഒരു മഴപെയ്തു ദാഹംതീര്‍ന്നാല്‍

അതാരെയും കാത്തിരിക്കില്ല,

വീണ്ടും ദാഹിക്കുന്നതുവരെ....

(21.04.2011)

Wednesday, April 27, 2011

ബാധ്യത

8

 
ഞാനത്

മുറിക്കാന്‍ തീരുമാനിച്ചു;

ഈര്‍ക്കില്‍ കൊണ്ട്

ഇലകള്‍ തുന്നി

നാണം മറച്ചപ്പോള്‍

നീണ്ടുനിന്നതുകൊണ്ട്.


                                  (14.04.2011)

Monday, April 25, 2011

എങ്ങുമെത്താത്തവര്‍

3



ചിന്തകള്‍ക്ക് വേരിറങ്ങിയപ്പോള്‍
വിണ്ടുപോയത് സ്വന്തങ്ങള്‍;
പ്രായം തികഞ്ഞ വിഷാദങ്ങള്‍ക്ക് 
രോമം മുളച്ചത് സ്വപ്നങ്ങളിലും.


ഒന്നുമൊന്നും കൂട്ടിയാല്‍
രണ്ടല്ലേയാവൂ എന്ന്,
രണ്ടു രണ്ടായിപ്പിളരുമ്പോള്‍
ഒന്നാവാത്തതെന്തുകൊണ്ടെന്ന്....


കണ്ണീര്‍ ചുരന്നപ്പോഴും
അവളുടെ കണ്ണിലെ തീക്കനല്‍
തിളങ്ങിയതെന്തിനെന്ന്,
കുടലെരിഞ്ഞ വിശപ്പിലും 
മുന്നില്‍ കണ്ട പെണ്‍കഴുത്തില്‍
ഉരുമ്മാന്‍ തോന്നിയതെന്തിനെന്ന്....


അന്തമില്ലാത്ത തോന്നുകള്‍,
ചിന്ത തൂങ്ങുന്ന കൊമ്പുകള്‍


നേരറിവിന്റെ നെഞ്ചില്‍
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍,
ചില്ലുകൂട്ടിലെ തലച്ചോറില്‍
പൊടിക്കാറ്റു ചുഴന്നപ്പോള്‍
കണ്ണില്‍ മിന്നിയ ബോധിയില്‍
കല്ലില്‍ കൊത്തിക്കണ്ടത് -
"താഴേയ്ക്ക് വളരുന്നത്‌ വേരുകളും
താടിമീശകളും മാത്രം."


(വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി 
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്, 
അവരെക്കുറിച്ച്...)
(14.04.2011)

Sunday, April 17, 2011

രൂപാന്തരണം

4



സ്നേഹം -- കിട്ടുന്നവര്‍ക്ക്

ദാഹം -- കിട്ടാത്തവര്‍ക്ക്,

ബാധ്യത -- വാരിക്കോരിക്കിട്ടി

ചെടിച്ചു പോയവര്‍ക്ക്...

(14.04.2011)

Friday, April 15, 2011

കൈവശപ്പിശകുകള്‍

1



വേനല്‍ച്ചിന്തകളുടെ   
ചുവരുതുളച്ചുവന്നു,
തെരുവില്‍ നിന്നൊരു കൈ.

മേശപ്പുറത്തു പരതി
അന്നത്തെ പത്രവും കത്രികയുമെടുത്ത്
വാതിലിലൂടെ അതിറങ്ങിപ്പോയി.

നിമിഷങ്ങള്‍ക്കപ്പുറം തിരികെ വന്നത് 
നീളത്തില്‍ മടക്കിയ
നാലു കൌപീനങ്ങള്‍

മടങ്ങുംമുന്‍പ് എനിക്കും കിട്ടീ,
അതിലൊരെണ്ണം, നരച്ച ചരടും...

(13.04.2011)



Tuesday, April 12, 2011

നിനക്കറിയുമോ

3



മേഘം മണ്ണിനോട് ചെയ്തത്,

നീയെന്നോടു ചെയ്തു...



നിനക്കറിയുമോ,

ജലം വിത്തിനോട് ചെയ്തതും

മഴത്തുള്ളി ചിപ്പിയോടു ചെയ്തതും

എന്തായിരുന്നെന്ന്?



(പ്രചോദനം : ജീവിതഗാനം)

(11.04.2011)