Tuesday, May 31, 2011

May
31

കാഴ്ചപ്പാടുകള്‍

5

ബസ്സിനുള്ളില്‍
മുപ്പത്തെട്ടാളുകള്‍,
വെളുക്കുവോളം യാത്ര

തുടക്കം മുതല്‍
അവനും അവളും
സംസാരിക്കുകയായിരുന്നു,
വാ തോരാതെ,
നിറുത്തില്ലാതെ

'പ്രണയിതാക്കള്‍' -
കണ്ടക്ടര്‍ തിരിഞ്ഞു,
കണ്ണിലുണ്ടു പ്രണയം...

'കാമുകീകാമുകന്മാര്‍' -
സഹയാത്രികര്‍ ചിരിച്ചു,
അല്ലെങ്കിലെന്താ
ഇത്രയ്ക്കു പറയാന്‍.

അവരറിഞ്ഞില്ല,
നാവൊഴിയാതെ,
രാവുറങ്ങാതെ,
ഇടമുറിയാതെ
അവര്‍ പറഞ്ഞുകൊണ്ടിരുന്നത്
അവളുടെ കാമുകനെക്കുറിച്ചായിരുന്നു,
അവന്‍റെ കാമുകിയെക്കുറിച്ചും.

(20..05..2011)

Monday, May 30, 2011

May
30

ആലോചന

5

ഞാനെഴുതിയതു കണ്ട്
നിന്‍റെ തല പുകഞ്ഞു -
ഇതില്‍ ഞാനെത്ര ശതമാനം,
നീയെത്ര ശതമാനം...?

നീയറിഞ്ഞില്ല,
പറ്റിക്കിടന്നെന്നും
ചുറ്റിപ്പിണഞ്ഞെന്നും
കോരിയെടുത്തെന്നും
രണ്ടായ് പിളര്‍ന്നെന്നും
ഉപ്പു പുരണ്ടെന്നും
നാവില്‍ രുചിച്ചെന്നും
ഞാനെഴുതിയത്,

കല്ലുമ്മക്കായെക്കുറിച്ചായിരുന്നു...

(26..05..2011)

Saturday, May 28, 2011

May
28

അമ്പട ഞാനേ !

2

കടലാസുവെളുപ്പില്‍
മണ്‍നിറച്ചായത്തില്‍
അങ്ങിങ്ങായ്‌ ഞാന്‍ കോറി,

തല പുകച്ചിരുന്ന്‍
അതിനൊരു പേരുമിട്ടു....

ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ്
എന്‍റെ ചിത്രത്തിന് ! -


'ഇനിയും മരിക്കാത്ത ഭൂമി'

(22.05.2011)

Thursday, May 26, 2011

May
26

യക്ഷി

1

കാലങ്ങളായി ഞാന്‍
ചോദിച്ചു പോരുന്നു,
യക്ഷിയാര്, യക്ഷന്‍റെ ഭാര്യയോ?


യക്ഷന്‍, കുബേര ദാസന്‍,
യക്ഷി...? -  സുഹൃത്ത്‌ ചിരിച്ചു,
പാറ്റയെ തിന്നണോ
പാറ്റച്ചുവയറിയാന്‍,
ലോഷന്‍ കുടിക്കണോ
അരുചിയറിയാന്‍...?

അവന്‍റെ വാക്കു നേര്,
യക്ഷിയെക്കണ്ടപ്പോള്‍
യക്ഷിയെന്നറിഞ്ഞു ഞാന്‍,
കൂട്ടിനു പോന്നവള്‍
യക്ഷിയായിന്നലെ

ആദ്യമവളെന്നെ പിച്ചിക്കീറി,
കണ്ണുചുഴന്ന് ഉരുട്ടിക്കളിച്ചു,
ചെവി കടിച്ചു, മൂക്ക് മുറിച്ചു,
ഞരമ്പൊന്നു വലിച്ചൂരി
ചോരയൂറ്റിക്കുടിച്ചു

അടയ്ക്കാന്‍ കണ്ണില്ലാതെ
നേരം വെളുത്തപ്പോള്‍
അവള്‍ ചവച്ചിരുന്നത്
എന്‍റെ തുടയെല്ലായിരുന്നു !

എന്നിട്ടും
പടിക്കല്‍ വന്നാരോ
രാധയെന്നു വിളിച്ചപ്പോള്‍
അവള്‍ വിളി കേട്ടതെന്തിന്?

(19..05..2011)

Sunday, May 22, 2011

May
22

പ്രളയാന്ത്യം

5


പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
നിലകള്‍ക്കുമപ്പുറം മുങ്ങുവോളം

പ്രളയം വരുമെന്നറിഞ്ഞില്ല ഞാന്‍
മരണത്തിനോരം നടക്കുവോളം

കര ദൂരെ, കണ്ണുകള്‍ക്കപ്പുറത്ത്,
തിരതല്ലി,യൊരു തോണി നൊമ്പരങ്ങള്‍
മഴനാരു നെഞ്ചില്‍ മിടിപ്പുചേര്‍ക്കേ
ചുഴിചുറ്റി വീഴ്ത്തിയ ഗദ്ഗദങ്ങള്‍

നുരപൊങ്ങിയോളപ്പരപ്പിലൂടെ
ചിതറിപ്പൊഴിഞ്ഞു, കഴിഞ്ഞ കാലം
പ്രളയത്തിനപ്പുറം ജനനമുണ്ടോ,
ജനനത്തിനറ്റവും മരണമുണ്ടോ?

മുടിനാരിനോരം നനഞ്ഞ നേരം
തിരികെത്തുഴഞ്ഞിടാന്‍ കര വിദൂരം,
പ്രളയം വരുമെന്നറിഞ്ഞിടാതെ
കളി ചൊന്ന ജീവിതം ബാക്കിപത്രം.


Thursday, May 19, 2011

May
19

മുഖംമൂടി

4


മുഖമില്ലാതിരുന്നവള്‍ക്ക്
ഞാനൊരു മുഖം വരച്ചപ്പോള്‍
വഴിവക്കില്‍ നിന്ന്
പത്തുകാശിന്
അവളൊരു മുഖംമൂടി വാങ്ങി.

മുഖംമൂടി വച്ച്
അവളെന്നെ നോക്കി...
എന്‍റെ മുഖം കണ്ട്
അവള്‍ പറഞ്ഞു,
എടുത്തുമാറ്റൂ,
മുഖംമൂടി !

ഞാനറിഞ്ഞു,
'അദ്ദേഹം' പറഞ്ഞത് ശരി,
മുഖമില്ലെങ്കിലും
തലയിലുണ്ട്,
നിലാവെളിച്ചം !

(19..05..2011)

Tuesday, May 17, 2011

May
17

വിഭോഗം

22

 
വിഭോഗം
വരാത്ത വണ്ടിയ്ക്ക്
കാത്തുനില്‍ക്കുമ്പോള്‍,
ഇളം വെയിലേറ്റ്
മുങ്ങിക്കുളിയ്ക്കുമ്പോള്‍,
കിടക്കപ്പായില്‍
തിരിഞ്ഞുമറിയുമ്പോള്‍...

വിഭോഗം
ഓര്‍മ്മകളുടെ നായാട്ട്,
സ്വപ്നങ്ങളുടെ തേരോട്ടം,
പുറംചട്ടയില്ലാത്ത പുസ്തകത്തില്‍
നനഞ്ഞ അക്ഷരങ്ങള്‍ക്കുള്ളില്‍
വരികള്‍ക്കിടയിലൂടെ
നീന്തി നടക്കുന്നത്,

കണ്ണീര്‍ പൊടിയാതെ,
ചുണ്ട് വിതുമ്പാതെ,
കൈകളനങ്ങാതെ,
വിരല്‍ കടയാതെ,
അവ്യക്തം, ആച്ഛാദം,
ആസൂത്രിതം.... വിഭോഗം !

അക്ഷരത്തിന്‍റെ ആകൃതിയില്‍
വാക്കിന്‍റെ പ്രകൃതിയില്‍
എഴുത്തിന്‍റെ അടിവേരുകളില്‍
മാര്‍ദ്ദവം തിരഞ്ഞവര്‍ക്ക്,

വിഭോഗം,
എഴുതപ്പെടാത്ത
ശ്ലീലങ്ങള്‍ക്കും,
വരയ്ക്കപ്പെടാത്ത
പിണരുകള്‍ക്കും,
കാഴ്ച മങ്ങുമ്പോള്‍
ഉലഞ്ഞുടയുന്ന
രോമകൂപങ്ങള്‍ക്കും,
വിഭോഗം -
ഇനിയും.....

(13..05..2011)

Sunday, May 15, 2011

May
15

വെറുക്കപ്പെട്ടവന്‍റെ അത്താഴം

4


വെയില്‍ പരന്നപ്പോള്‍
ന്‍റെ വീടിന്‍റെ മുറ്റത്ത്‌ --

വരണ്ട മണ്ണില്‍

നീറിപ്പോവുന്ന നാമ്പുകള്‍;
ഏറെപ്പറക്കുമ്പോള്‍
വിത്തുപൊഴിയുന്ന
അപ്പൂപ്പന്‍ താടികള്‍;
എത്ര കുളിച്ചാലും
കൊക്കാവാത്ത കാക്കകള്‍...

പുല്ലിനും പുഴുവിനും മേല്‍
കല്ലിനും മുള്ളിനും മേല്‍
ഒന്നായൂതുന്ന പ്രാണവായു.

പച്ചിലക്കൊമ്പുകളില്‍
കാലുടക്കിക്കിടന്നത്
മുമ്പേ പറന്ന സ്വപ്‌നങ്ങള്‍;
കരിഞ്ചായച്ചുവരിനുള്ളില്‍
അടയിരുന്നിരുണ്ടത്
വെണ്‍പ്രാവിന്‍ ചിറകുകള്‍.


ഇരുള്‍ വീണപ്പോള്‍ --
വെറുക്കപ്പെട്ടവ
ന്‍റെ അത്താഴത്തില്‍
കല്ലും കരടും;
അവ
ന്‍റെ കുടിനീരില്‍
ചാമ്പലും മണ്ണും;
കണ്ണടച്ചിരുട്ടാക്കുമ്പോള്‍
ചിലന്തിക്കൂട്ടങ്ങള്‍...

റാന്തലണയ്ക്കുക,
കാണാതെ പോകട്ടെ
കല്ലും മണ്ണും, കരടും ചാമ്പലും.
ഉറങ്ങാന്‍ നോക്കുക,
കണ്ണടയ്ക്കാതെ,
 സ്വപ്‌നങ്ങള്‍ വന്ന് 
 വേട്ടയാടാതിരിക്കാന്‍.

വിധിയെന്നാല്‍ -
പിറന്ന മണ്ണിന്,
താങ്ങുന്ന ഭൂമിയ്ക്ക്,
പ്രാണവായുവിന്,
തിരികെ നല്‍കാന്‍
നമുക്ക് വിസര്‍ജ്യങ്ങള്‍ മാത്രം....
-- അത് പ്രപഞ്ചസത്യം.

(06.05.2011)

Friday, May 13, 2011

May
13

മാറ്റങ്ങള്‍

4


മാറ്റങ്ങള്‍ -
മുറ്റത്തെ പൂഴിയില്‍ കാലുരച്ച്‌,
വാതില്‍പ്പടിയില്‍ മറഞ്ഞുനോക്കി,
അകത്തളത്തില്‍ പാദമൂന്നി,
അവ കടന്നുവരും

ചിലപ്പോള്‍ ഉറുമ്പുപോലെ അരിച്ചരിച്ച്,
ചിലപ്പോള്‍ ഒച്ചുപോലെ ഇഴഞ്ഞിഴഞ്ഞ്,
മറ്റു ചിലപ്പോള്‍ കാറ്റു പോലെ,
ആരോരുമറിയാതെ,
ഇനിയും ചിലപ്പോള്‍
ആധിപിടിച്ച അമ്മയെപ്പോലെ,
കരഞ്ഞും പറഞ്ഞും.
 
മാറ്റങ്ങള്‍ -
അകത്തു കയറും,

ആരും കാണാതെ
അടുക്കളച്ചുവരില്‍
ഞാന്നു കിടക്കും,

അടുപ്പെരിയുമ്പോള്‍
അവ പുകയും,
പുകയേറ്റ് എന്‍റെ കണ്ണു നീറും...

മാറ്റങ്ങള്‍,
അവനറിയാതെ
അവളറിയാതെ
അവരുടെ പിന്നാലെ പോകും,
വഴിത്തിരിവുകളില്‍
ചൂണ്ടുപലകകള്‍ തിരിച്ചുവയ്ക്കും ,
വഴിയവസാനിക്കുന്നിടം
മാറ്റങ്ങള്‍ ആത്മഹത്യ ചെയ്യും.
 

തിരിഞ്ഞുനടക്കാം,
പിറുപിറുക്കാം, എല്ലാം നല്ലതിനെന്ന്,
വഴി തീരുന്നിടത്ത്‌ പറന്നുനോക്കാം,
അഗാധതയിലേയ്ക്ക്,
ചിറകുകള്‍ താനേ

മുളയ്ക്കുമെന്നു കരുതി.

(12..05..2011)

Saturday, May 7, 2011

May
7

ഉറുമ്പുകള്‍ അഥവാ PMP

5


ഉണങ്ങിത്തുടങ്ങിയ 
പൊക്കിള്‍ക്കൊടിയില്‍
അമ്മ പുരട്ടി എണ്ണ,
ഉറുമ്പരിക്കരുത്...
എണ്ണ തേടി ഉറുമ്പെത്തി.

മധുരപലഹാരം ടിന്നിലടച്ചു,
ടിന്നുതുരന്ന് ഉറുമ്പുവന്നു.

റേഷന്‍ കാര്‍ഡിന്‍റെ
ആറാം പേജില്‍
ചോണനുറുമ്പിന്‍ കൂട്.

കിടക്കപ്പായിലുറുമ്പ്,
പത്രം തുറന്നാ
ലുറുമ്പ്,
കുടിവെള്ളത്തില്‍ നിറയെ,
ഉണങ്ങാനിട്ട മുണ്ടില്‍,
അഴിച്ചിട്ട ചെരിപ്പില്‍,
ഉറുമ്പു
റുമ്പ്,
പല്ലില്ലാത്തു
റുമ്പ്.

കടിയനു
റുമ്പിരുന്നത് 
അവളുടെ തലമുടിയില്‍;
ഉറക്കത്തില്‍ കടിച്ചതെന്നെ,
ഒരുപാടു നൊന്തതെനിക്ക്.
ഉണര്‍ന്നു നോക്കുമ്പോള്‍
ഒരു നെഞ്ചിടിപ്പിനപ്പുറം
ഉറങ്ങിക്കിടക്കുന്നു... അവള്‍.

ഉറുമ്പില്ലാത്ത ലോകം
എന്‍റെ സ്വപ്നം,
ഉറുമ്പരിയ്ക്കാത്ത സ്വപ്നം
എന്‍റെ ലോകം.

(06..05..2011)


Wednesday, May 4, 2011

May
4

ഗതികേട്

7


മോഹങ്ങള്‍ മൂടിയ കുഴിയില്‍

ഞാനൊരു വാഴ നട്ടു

അടക്കാനാവാത്ത മോഹം

അതൊന്നു കുലച്ചു കാണാന്‍

(04.05.2011)

May
4

വിലങ്ങ്

0


ജീവിതം തളയ്ക്കപ്പെട്ട

വിലങ്ങിനും,

മൂന്നക്ഷരമായിരുന്നു,

നിന്‍റെ പേരിന്‍റെ.


               (12.04.2011)

May
4

ഉള്ളുരുക്കം

0



മകരമഞ്ഞു മൂടുമ്പൊഴും
ഇടവപ്പാതി തിമിര്‍ക്കുമ്പൊഴും
എനിക്കു ഭയമാണ്,
നിനക്ക് പൊള്ളുന്നുവോ  എന്ന്,
ചൂടേറ്റ്, 
എന്റെ നെഞ്ചിലെ
നെരിപ്പോടിന്‍റെ...

(25.04.2011)

Tuesday, May 3, 2011

May
3

ധാരണ !

6
Dew drop pic - Courtesy to :
http://www.estatevaults.com/bol/archives/2008/09/10/dewdrops.html



മഞ്ഞുതുള്ളിയില്‍
മുന്നൂറ്ററുപതു ദിക്കിലും
തെളിയുന്ന ഭൂഗോളം...

അതുകണ്ടു വിവശയായ്
ഭൂമിയേ താനെന്നു
ഗര്‍വ്വിക്കും മഞ്ഞുതുള്ളി. 

(03.05.2011)
May
3

കള്ളം പറയിക്കുന്നതാര് ?

15











കല്യാണപ്പിറ്റേന്ന് -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ (മൗനം)

അടുത്ത ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : അകത്തു ടോയ് ലറ്റ് ഉണ്ടല്ലോ, അവിടെ പൊയ്ക്കൂടെ?
ഭര്‍ത്താവ് : എന്നാലും പുറത്തുപോയൊഴിക്കുന്ന ഒരു സുഖം കിട്ടില്ല.

മൂന്നാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  അത്... ഒന്ന് മൂത്രമൊഴിക്കാന്‍.
ഭാര്യ : ഛെ! ഇത്ര വൃത്തികെട്ടവനായിപ്പോയല്ലോ നിങ്ങള്‍.
ഭര്‍ത്താവ്  (മൗനം)

നാലാം ദിവസം -
ഭര്‍ത്താവ് മുറ്റത്തേയ്ക്കിറങ്ങി.
ഭാര്യ : എവിടെപ്പോകുന്നു?
ഭര്‍ത്താവ് :  ഓ, വെറുതെ, പുറത്തു നല്ല കാറ്റുണ്ട്....

(29.04.2011)

Sunday, May 1, 2011

May
1

വൈകിപ്പോയത്

6



ഏറെക്കൊതിച്ച യാത്രയ്ക്ക് 

നീ വന്നു വിളിച്ചത് 

വര്‍ഷങ്ങള്‍ കഴിഞ്ഞ്...


അപ്പോഴേയ്ക്കും

നിന്നോടുള്ള

എന്‍റെ സ്നേഹം

തീര്‍ന്നുപോയിരുന്നു.


(14.04.2011)