Thursday, November 22, 2012

Nov
22

ഓഫ്‌ലൈന്‍

13


ഇഷ്ടമുണ്ടോ...യെന്ന
ചോദ്യത്തിനവള്‍ തന്നു
രണ്ടുകുത്തും നക്ഷത്രവും,
കണ്ണുമിഴിച്ചവന്‍

വിടവടയ്ക്കൂ... എന്ന്
ചാറ്റ് ബോക്സിലിട്ടവള്‍,
ചെന്നി ചൊറിഞ്ഞവന്‍

മന്ദബുദ്ധീ...യെന്നു
നീട്ടിവിളിച്ചവള്‍,
നെറ്റി ചുളിച്ചവന്‍

അര്‍ത്ഥമറിയാതിനി
ചാറ്റില്‍ വരേണ്ടെന്ന്,
ഓഫ്‌ലൈനായ്‌ നിന്നവള്‍

വിടവുകളെങ്ങനെ
എവിടെയുണ്ടാകുവാന്‍,
തലമാന്തിയോര്‍ത്തവന്‍

വിടവിന്‍റെ മലയാളം
സ്പേസല്ലേ ചെക്കാ...ന്ന്
ഊറിച്ചിരിച്ചവള്‍

സ്പേസൊന്നു കാണുവാന്‍
ആകാശം നോക്കവേ
സൂര്യനെക്കണ്ടവന്‍

വിടവടച്ചപ്പൊഴോ
ചുംബനമായ്‌ മാറി
കോളനും സ്റ്റാറും... :*

അന്നുതൊട്ടാണവന്‍
പ്രണയിച്ചുതുടങ്ങിയത്,
ഓഫ്‌ലൈന്‍ ഉമ്മകളെ...

(06..12..2012)

Saturday, November 10, 2012

Nov
10

മേഘം

9


മേഘം - മിഥുനങ്ങള്‍

ലോകാദിതൊട്ടേ
നാമൊന്നെങ്കിലും
നമുക്കുരണ്ട്;
ഇരട്ടക്കുരുന്നുകള്‍
അല്പായുസ്സുകള്‍
പെറ്റിട്ട മാത്രയില്‍
ചത്തൊടുങ്ങുന്നവര്‍
വേദന വിങ്ങലായ്‌
വിങ്ങലോ കണ്ണീരായ്
അച്ഛനുമമ്മയും
പെയ്തുതീരുംവരെ...

മേഘം - ശത്രുക്കള്‍

നേര്‍ക്കുനേര്‍ കണ്ടാല്‍
ആക്രമണം മാത്രം
വീശുന്ന വാളില്‍
സൂര്യരശ്മി,
വെട്ടുതടുക്കുമ്പോള്‍
പരിചമുട്ടും.
കൊണ്ടും കൊടുത്തും
കൊള്ളാതിരിക്കിലും
ഇറ്റിറ്റുവീഴും അവര്‍ണ്ണരക്തം.

(05..01..2012)