Saturday, January 12, 2013

ശേഷം ചിന്ത്യം

18

 
നീ, മാറിടം പിഴിഞ്ഞെന്‍റെ
ചോര കുടിച്ചവന്‍,
കാല്‍വിരല്‍ താഴ്ത്തിയെന്‍
ശ്വാസം മുറിച്ചവന്‍,
ആറടിയ്ക്കുള്ളില്‍
കളിയ്ക്കും നിനക്കിനി
ജാതകം കുറിച്ചിട്ട്
പിറക്കുന്ന കുഞ്ഞുങ്ങള്‍

ഇനിവരും ജന്മവും
ഗതിയില്ലാതലയണം;
ദുര്‍മ്മരണമാക്കുവാന്‍
ഊര്‍ദ്ധ്വന്‍റെ പ്രാണനെ
തൂക്കിനിര്‍ത്തുന്നവന്‍

താന്താനനര്‍ത്ഥങ്ങള്‍!
താവഴിക്കാഴ്ചയില്‍
ആറുകലങ്ങാത്ത
കാലവര്‍ഷങ്ങളും
തീറെഴുതിത്തീരുന്ന
തീരദേശങ്ങളും

വരയാടിന്നുദരത്തില്‍
പ്ലാസ്റ്റിക്‌ ഗര്‍ഭങ്ങള്‍,
വംശം നശിക്കുന്ന
തൂമഴപ്പാറ്റകള്‍,
വീശിക്കഴയ്ക്കും
ഇരുട്ടടിമൂര്‍ച്ഛയില്‍
സൂര്യനെച്ചൂണ്ടുന്ന
മിന്നാമിനുങ്ങുകള്‍

മലിനത തീണ്ടിയെന്‍
ദക്ഷിണമുരുകുമ്പോള്‍
കരിവിഷക്കാറ്റുകള്‍
വാനം തുളയ്ക്കുമ്പോള്‍
വേരില്ലാമണ്ണിലെ
ഇലയില്ലാത്തടിയിലെ
ചൂണ്ടാണി ചായുന്നു, എന്‍റെ
നെല്ലിപ്പടിയിലേയ്ക്ക്...

(07..12..2012)

18 Response to ശേഷം ചിന്ത്യം

January 12, 2013 at 12:24 PM

നെല്ലിപ്പടി കാണാറായി...

January 12, 2013 at 1:34 PM

നല്ല വരികള്‍ ,

വേരില്ലാമണ്ണിലെ
ഇലയില്ലാത്തടിയിലെ
ചൂണ്ടാണി ചായുന്നു, എന്‍റെ
നെല്ലിപ്പടിയിലേയ്ക്ക്... ഈ വരികള്‍ പ്രത്യേകിച്ചും

January 12, 2013 at 1:45 PM

കാല്‍വിരല്‍ താഴ്ത്തിയെന്‍
ശ്വാസം മുറിച്ചവന്‍,....ഇവിടെ എന്തോ ഒരു വശപ്പിശകില്ലേ? കാൽ വിരൽ എവിടെ താഴ്തി..ഊര്‍ദ്ധ്വൻ =അവസാനത്തെ ശ്വാസം.അത് തന്നെയല്ലേ പ്രാണനും.. ഇവിടെ 'അത്യാന്താധുനികത' പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾക്ക് ഭംഗം വരുത്തുന്നില്ലേ സോദരീ...ഒന്ന് കൂടെ ശരിയാക്കണമെന്ന് തോന്നുന്നൂ...ആശംസകൾ

January 12, 2013 at 2:06 PM

കരിവിഷക്കാറ്റുകള്‍...

ആശംസകൾ

January 12, 2013 at 2:20 PM

@ചന്തുനായര്‍ : കാല്‍വിരല്‍ ആഴ്ത്തിയാല്‍ ശ്വാസം മുറിയുന്ന ഒരേയൊരു സ്ഥലം മനുഷ്യശരീരത്തുള്ളത് തൊണ്ടക്കുഴിയാണ്. ഇവിടെ പരിദേവനം ഭൂമിദേവിയുടേതാണ്, അപ്പോള്‍ കാല്‍വിരല്‍ എവിടെ എന്ന ചോദ്യം ഉദിക്കുന്നില്ല.

പിന്നെ, ഊര്‍ദ്ധ്വന്‍ എന്നാല്‍ അവസാനശ്വാസം എന്നര്‍ത്ഥം. ഊര്‍ദ്ധ്വന്‍ വലിക്കുന്ന പ്രാണനെ (പ്രാണന്‍ = ജീവന്‍) എന്നാണ് സംവദിപ്പിക്കാന്‍ ശ്രമിച്ചത്. അര്‍ഥം തികച്ചും ലളിതമാണ്, ഇവിടെ അത്യന്താധുനികത ഒന്നും ഇല്ലേയില്ല.

നന്ദി, അഭിപ്രായങ്ങള്‍ക്ക്.

January 12, 2013 at 4:15 PM

രോഷം കൊള്ളാം , നല്ല വരികളായി തീര്‍ന്നപ്പോള്‍

January 12, 2013 at 5:07 PM

ആശംസകള്‍ .

January 12, 2013 at 7:41 PM

മലിനത തീണ്ടിയെന്‍
ദക്ഷിണമുരുകുമ്പോള്‍
കരിവിഷക്കാറ്റുകള്‍
വാനം തുളയ്ക്കുമ്പോള്‍ ...............ഭയകാത്തതെന്തു നാം

( ആശംസകള്‍ )..........

January 12, 2013 at 7:59 PM

നെല്ലിപ്പടിയിലേക്ക്

January 12, 2013 at 8:20 PM

വേറൊരു മായന്‍ കലണ്ടര്‍...???

January 12, 2013 at 8:37 PM

അടുത്ത ജന്മത്തില്‍ മാറത്തെ ചോര മാത്രം പോര മാംസവും വേണം.. (ന്യൂജന്‍ ലക്ഷ്യങ്ങള്‍)

January 12, 2013 at 10:49 PM

ശുഭാശംസകള്‍ ..........

January 13, 2013 at 5:28 PM

ഇത്തരം കവിതകള്‍ വായിപ്പിച്ചു നെല്ലിപ്പടി കാണിക്കും അല്ലെ ...

അര്‍ഥം പുടി കിട്ടിയില്ലെങ്കിലും സുന്ദരമായി മിശ്രണം ചെയ്ത വരികള്‍ ഇഷ്ട്ടമായി.

ഇനിവരും ജന്മവും
ഗതിയില്ലാതലയണം;
ദുര്‍മ്മരണമാക്കുവാന്‍
ഊര്‍ദ്ധ്വന്‍റെ പ്രാണനെ
തൂക്കിനിര്‍ത്തുന്നവന്‍... ഇങ്ങിനെ .. ഇങ്ങിനെ ...

January 14, 2013 at 12:09 AM

ആകെയൊരു അസ്വസ്ഥത

January 14, 2013 at 2:51 PM

കൊളളാം....പുതിയ ചില ബിംബങ്ങള് പരിചയപ്പെട്ടു

January 15, 2013 at 9:08 AM

Theekshanamaya varikal

January 15, 2013 at 11:23 PM

കവിത ഉഗ്രന്‍ സോണീ..!

January 17, 2013 at 9:13 AM

വരികള്‍, പ്രയോഗം, അര്‍ത്ഥതലങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ കൂടുതല്‍ ശക്തമാവുന്നു....ബ്ലോഗില്‍ മാത്രം ഒതുങ്ങാതെ പുറത്തേക്കിറങ്ങണ്ട സമയം അതിക്രമിച്ചു.....

Post a Comment