Friday, January 17, 2014

അടുപ്പുകല്ലുകള്‍

25

​​
ഒറ്റയ്ക്കിരിക്കുവാന്‍
കല്ലായ്‌പ്പിറന്നവര്‍
മൂന്നായിരിക്കിലും
ഒന്നായിരിപ്പവര്‍

ആറിപ്പറക്കുന്ന
ചാരം പൊതിഞ്ഞവര്‍
ഊതിപ്പുകയ്ക്കലില്‍
നീറിപ്പിടഞ്ഞവര്‍

താഴേയ്ക്കെരിച്ചിലും
മേലേ തിളയ്ക്കലും
തീക്കൊള്ളി കുത്തലും...
പാടേ വലഞ്ഞവര്‍

നോവിന്‍ കനല്‍ക്കട്ട
പേറിക്കിടക്കിലും
വാവിട്ടൊരൊട്ടും
വിളിച്ചുകൂവാത്തവര്‍

വേവൊക്കെയെത്തുകില്‍
വെള്ളം  കുടഞ്ഞിട്ടു
മൂലയ്ക്കലേയ്ക്കുള്ളൊ-
രേറില്‍ പൊടിഞ്ഞവര്‍

വേണ്ടുന്ന നേരത്ത്
വീണ്ടുമെടുക്കുവാന്‍
കാറ്റില്‍, വെയില്‍ച്ചൂടി-
ലോരത്തിരിപ്പവര്‍

മൂന്നായിരിക്കിലും
ഒന്നായിരുന്നവര്‍
ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍

(05..01..2013)

25 Response to അടുപ്പുകല്ലുകള്‍

January 18, 2014 at 9:51 AM

ഒരു രാവിലെയാണ് വായിച്ചത്. ഇന്നത്തെ ആദ്യവായന മോശമല്ല. അഭി....

January 18, 2014 at 6:23 PM

ആറിപ്പറക്കുന്ന
ചാരം പൊതിഞ്ഞവര്‍
ഊതിപ്പുകയ്ക്കലില്‍
നീറിപ്പിടഞ്ഞവര്‍

നല്ല വരികൾ

ശുഭാശംസകൾ.....

January 18, 2014 at 7:37 PM

എരിയുന്നുണ്ടേ............!!

January 18, 2014 at 9:12 PM

ഒന്നായിരിപ്പവര്‍ നീറിപ്പിടഞ്ഞും വലഞ്ഞും വിളിച്ചുകൂവിയും പൊടിഞ്ഞും......
നല്ല കവിത.

January 18, 2014 at 11:59 PM

പതിവ് പോലെ തന്നെ ...സുന്ദരം ....

January 19, 2014 at 5:20 AM

കവിത ഇഷ്ടായിട്ടോ...

Anonymous
January 20, 2014 at 3:31 PM

😊😊😊....

January 20, 2014 at 3:41 PM

പറയാതെ പറഞ്ഞ വാക്കുകള്‍ അനുവദി
ആശംസകള്‍

January 21, 2014 at 12:42 AM

മൂന്നായിരിക്കിലും
ഒന്നായിരുന്നവര്‍
ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍--------സൂപ്പര്‍

January 21, 2014 at 2:03 AM

//ഒറ്റയ്ക്കിരിക്കുവാന്‍
കല്ലായ്‌പ്പിറന്നവര്‍
മൂന്നായിരിക്കിലും
ഒന്നായിരിപ്പവര്‍// വാക്കുകളും ചേര്‍ന്നിരിക്കുന്നത് മനോഹരമായി തന്നെ.

January 21, 2014 at 12:00 PM
This comment has been removed by the author.
January 21, 2014 at 12:00 PM
This comment has been removed by the author.
January 21, 2014 at 8:03 PM

ഒരു അടുപ്പുകല്ലിനെകുറിച്ച് ഇത്രയൊക്കെ പറയാനുണ്ടല്ലേ എന്നൊരു അതിശയത്തോടെ..വാക്കുകള്‍ക്കും വരികള്‍ക്കും അടുപ്പുകല്ലുകള്‍ പോലെ ഒരുമയും ഉണ്ടായിരുന്നു. വളരെ ഇഷ്ടപ്പെട്ടു.

January 21, 2014 at 8:59 PM

കൊള്ളാം..മനോഹരമായിരിക്കുന്നു.

നന്മയ്ക്കു വേണ്ടി ഒത്തൊരുമിച്ച് പൊരുതുകയും യാതനകൾ സഹിക്കുകയും ചെയ്യുമ്പോഴും, തിന്മകളും തിരിച്ചടികളും തനിയെയും ഏറ്റു വാങ്ങുന്നവർ. ത്യാഗികൾ ! രക്തസാക്ഷികൾ !

January 21, 2014 at 9:12 PM

കവിതയില്‍ നിറയെ കവിതകള്‍, സോണി എന്നെ നിറഞ്ഞിരിക്കുന്നു.

ഈ 'അടുപ്പുകല്ലുകള്‍'ക്കരികെ ഞാനൊരുമ്മയെ കാണുന്നു/അറിയുന്നു.

"ചട്ടി വടിച്ച് കഴിച്ച് വീട്ടിലെപ്പെണ്ണുങ്ങള്‍
ഇറങ്ങിപ്പോകാന്‍ ഒരുക്കമല്ലെന്നാവര്‍ത്തിക്കുമ്പോഴും
അടുക്കളയില്‍ സ്നേഹം അടുപ്പിലൂതുകയാണ്.

സങ്കടം നനഞ്ഞ് പനിച്ചൂടില്‍ വിയര്‍ക്കുമ്പോള്‍
പൊടിയരിക്കഞ്ഞിയില്‍ സ്നേഹമലിയിച്ച്
സാരമില്ലെന്ന് സ്വയം നിന്ന്‍ കത്തുകയാണ്. "

ക്ഷമിക്കണം, ഇതെന്റെ മാത്രം സ്വാര്‍ത്ഥതയാണ്.

ആശംസകള്‍.!

January 21, 2014 at 11:40 PM

"വേവൊക്കെയെത്തുകില്‍
വെള്ളം കുടഞ്ഞിട്ടു
മൂലയ്ക്കലേയ്ക്കുള്ളൊ-
രേറില്‍ പൊടിഞ്ഞവര്‍..!"
- ഇതിങ്ങനെ പുകഞ്ഞുകൊണ്ടിരിക്കട്ടെ..!

ഒത്തിരിയാശംസകളോടെ..പുലരി


January 22, 2014 at 11:47 AM

നല്ല കവിത..

January 24, 2014 at 12:05 PM

അടുപ്പ്‌ പുകയാതിരുന്നെങ്കില്‍
കരച്ചിലും പിഴിച്ചിലും എരിച്ചിലും...
കവിത മനോഹരമായിരിക്കുന്നു
ആശംസകള്‍

January 29, 2014 at 10:45 AM

ലളിതമായ ഭാഷയില്‍ ഹൃദ്യമായ്‌ കുറിച്ച വരികള്‍.
ഈ അടുപ്പിനെ പല തലങ്ങളിലേക്കും വ്യാപരിപ്പിച്ചു മറ്റു ചില കവിതാബിംബങ്ങള്‍ (ഒരു കീഴാള ജീവിതം, ഉരുകുന്ന സ്ത്രീ ജീവിതം അങ്ങിനെ പലതും) കൂടി മനസ്സില്‍ രൂപപ്പെടുത്താം എന്നതാണ് ഈ കവിതയുടെ ഹൈ ലൈറ്റ് !!

ആശംസകള്‍

January 31, 2014 at 12:26 AM

ഒരു അടുപ്പ്കല്ലിനെ പറ്റി ഇത്രയും

നല്ല കവിതയായി അവതരിപ്പിച്ചിരിക്കുന്നു..

ആശംസകള്‍

February 13, 2014 at 8:36 AM

മൂന്നായിരിക്കിലും
ഒന്നായിരുന്നവര്‍
ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍

February 16, 2014 at 3:40 PM

ഇപ്പോൾ വായിച്ചേ ഉള്ളൂ. നന്നായിരിക്കുന്നു. സോണിയുടെ പതിവു ശൈലിയിൽ നിന്ന് മാറി ഒരു കവിത.

February 24, 2014 at 8:52 AM

എങ്ങനെയാണപ്പാ ഇത്തരം ഭാവനകളൊക്കെ വരുന്നത്? 

ഇനിയും ഇനിയും ഇതുപോലെ പുതുമയുള്ള , ലളിതമായ വരികൾ എഴുതാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

March 17, 2014 at 1:42 PM

ഒന്നിച്ചിരിക്കിലും
ഒറ്റയായ്‌പ്പോയവര്‍
ആൾകൂട്ടത്തിൽ തനിച്ചാവുന്നത്പോലെ...

November 1, 2014 at 7:08 PM

മനോഹരം

Post a Comment