Friday, June 3, 2011

അമ്പത്തിനാലാമതക്ഷരം

4

അതെ
ന്റേതായിരുന്നു,
എന്‍റെ സ്വന്തം.

ചൊല്ലിത്തന്നവര്‍,
നുള്ളിത്തന്നവര്‍,
തല്ലിത്തന്നവര്‍,
തള്ളിക്കളഞ്ഞോരക്ഷരം.

ചെല്ലപ്പേരായ്
നിന്നെ വിളിക്കാന്‍
ഞാനതു കാത്തുവച്ചു.

ലിപിയറിയാതെ
നിനക്കുള്ള കത്തുകളില്‍
ഞാനതെഴുതാതിരുന്നു

നീയടുത്തെത്തുമ്പോള്‍
കാതോരമോതുവാന്‍
അമ്പത്തിനാലാമതക്ഷരം
ഞാനോര്‍ത്തുവച്ചു.


കാത്തുകാത്തിന്നലെ
നീ വന്നിരുന്നപ്പോള്‍,
നീയൊന്നു തൊട്ടപ്പോള്‍,
അമ്പത്തിമൂന്നും മറന്നുപോയ്‌ ഞാന്‍...!

മിണ്ടാത്തതെന്തെന്നു
നീ കണ്‍ചിരിച്ചപ്പോള്‍
ഞാനൊന്നു ചൊല്ലുവാന്‍
നിന്നെ വിളിക്കുവാന്‍...
നാവു വരണ്ടതും
ശ്വാസം നിലച്ചതും...

ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം...

(26..05..2011)


4 Response to അമ്പത്തിനാലാമതക്ഷരം

June 3, 2011 at 4:06 PM

ആശംസകള്‍

June 3, 2011 at 5:39 PM

ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം...

അതേതക്ഷരമാ മാഷെ ? കവിത കൊള്ളാട്ടോ ,,ലളിതമായ വരികള്‍..അപ്പോള്‍ വീണ്ടും കാണാം ..

June 10, 2011 at 5:38 AM

"ഏറെക്കഴിഞ്ഞപ്പോള്‍
നീ പോയ്‌മറഞ്ഞപ്പോള്‍
നീറിച്ചുവന്നൊരെന്‍
നിശ്വാസവായുവില്‍
കൂടിക്കലര്‍ന്നു പോയ്‌,
നിന്നെ വിളിക്കാതെ,
അമ്പത്തിനാലാമതക്ഷരം..."

പ്രിയനെ വിളിക്കാന്‍ അമ്പത്തിനാലാമത്തെ അക്ഷരം. ഹാ! മനോഹരം..
എല്ലാം മറന്നു പ്രണയിച്ചവര്‍ക്കേ ഇതുപോലെ എഴുതാന്‍ കഴിയൂ.

December 14, 2011 at 3:30 PM

അതേത് അക്ഷരം....:-/

Post a Comment