Tuesday, June 7, 2011

അളന്നുതൂക്കിയത്

11

പറ കൊണ്ടളന്നപ്പോള്‍
പകുതിയുണ്ടായിരുന്നു,
നാഴികൊണ്ടളന്നപ്പോള്‍
ഉരി വരെ നിറഞ്ഞു,
മുഴക്കോലെടുത്തപ്പോള്‍
അരമുഴം മാത്രം...

തൂക്കക്കട്ടി തേടി
ഞാനോടിനടന്നു,
എതുവച്ചാലും
ചരിയുന്ന ത്രാസ്

വലിച്ചെറിഞ്ഞ പറയും നാഴിയും
ത്രാസും ഭാരവും കൊണ്ട്
പിന്മുറ്റം നിറഞ്ഞു.

മടുപ്പറിഞ്ഞ ദിവസം
എന്‍റെ മനസ്സുവച്ച് തൂക്കി,
തൂക്കം കൃത്യം, കിറുകൃത്യം !

എന്നാല്‍
ഓട്ടത്തിനിടയില്‍
ഞാന്‍ മറന്നുപോയിരുന്നു,
അളന്നും തൂക്കിയും നോക്കിയത്
എന്‍റെ സ്നേഹമോ,
അതോ നിന്‍റെ സ്നേഹമോ?

(04..06..2011)

11 Response to അളന്നുതൂക്കിയത്

June 7, 2011 at 12:28 AM

ഞാന്‍ നിന്നെയോ നീ എന്നെയോ കൂടുതല്‍ സ്നേഹിക്കുന്നത്? - അളക്കാതിരിക്കുക, ഒരിക്കലും.

June 7, 2011 at 2:31 AM

യഥാര്‍ത്ഥ സ്നേഹം അളക്കുന്നതെങ്ങിനെ? ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ തമ്മില്‍ ഒരിക്കലും കണക്കു പറയേണ്ടി വരില്ല. സ്നേഹത്തില്‍ സ്വാര്‍ത്ഥത കലരുമ്പോഴാണ്‌‌ കണക്കെടുപ്പുകള്‍ തുടങ്ങുക. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാന്‍ കഴിയണം അതേ സമയം എന്തും നല്‍കാന്‍ ഒരുക്കവുമായിരിക്കണം.

നല്ല കവിത സോണി.

June 7, 2011 at 7:06 AM

എല്ലാവരും സ്നേഹിക്കുന്നത് അവനവനെത്തന്നെ. മറ്റൊരാളിന്റെ സാമീപ്യത്തില്‍ നിന്ന് നമ്മുടെ മനസിന്‌ ലഭിക്കുന്ന സുഖവും, സമാധാനവും, അതുപോലെ ആ വ്യക്തിയുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ആശ്വാസം, നമുക്ക് അയാള്‍ പ്രത്യേക കരുതല്‍ തരുന്നു എന്നുള്ള വിശ്വാസം, ഇതൊക്കെ ആ വ്യക്തിയോട് കൂടുതല്‍ അടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും അയാളെ നമ്മള്‍ സ്നേഹിക്കുന്നു എന്ന ഒരു ബോധം നമ്മളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെയും നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചത് നമ്മളെ തന്നെ.
പിന്നെ സ്നേഹത്തിന്റെ പേരിലുള്ള ആത്മഹത്യ പോലും അവനവനു സംഭവിക്കുന്ന നിരാശയില്‍ നിന്നും ഉണ്ടാകുന്നതാണ്. അവനെ 'എനിക്ക് ' നഷ്ടമായല്ലോ എന്ന ചിന്തയില്‍ നിന്ന്

June 7, 2011 at 8:24 PM

അളവുമാപിനികള്‍...
എന്നും എപ്പോഴും കുറവുകളെ കണ്ടെത്തുന്നു...ചിലപ്പോഴൊക്കെ വ്യത്യാസങ്ങളുടെ കണക്കുകള്‍ തീര്‍ക്കുന്നു.....
അളവുമാപിനികളില്‍
വിളയാത്തത്
മനസ്സുകളത്രെ..

എങ്കില്‍..
മനസുകള്‍
കണക്കിലെ കളികളാവുന്നു...

എങ്കില്‍,
എന്റെ മനസ്സ്+ നിന്റെ മനസ്സ് = ?

June 8, 2011 at 3:08 PM

എന്തിനാ ഇതൊക്കെ അളക്കാന്‍ പോയെ.. അതല്ലേ പ്രശ്നമായത്‌ ..
സ്നേഹം അളന്നു തിട്ടപ്പെടുതാനുള്ളതല്ല എന്നറിയൂ..
അളന്നു മുറിച്ചു കൊടുക്കേണ്ടതല്ല ..
തെറ്റ് പറ്റിയത് അവിടാണ് :)

June 8, 2011 at 11:00 PM

ഓട്ടത്തിനിടയില്‍
ഞാന്‍ മറന്നുപോയിരുന്നു,
അളന്നും തൂക്കിയും നോക്കിയത്
എന്‍റെ സ്നേഹമോ,
അതോ നിന്‍റെ സ്നേഹമോ?

June 9, 2011 at 5:35 PM

ഇനിയളക്കാന്‍ നില്‍ക്കണ്ട അപ്പോള്‍ കൂടുതലുണ്ടെന്ന് തോന്നും......:)

June 9, 2011 at 9:49 PM

എന്റെ സ്നേഹത്തെക്കാള്‍ കൂടുതലാണ് നിന്റെ സ്നേഹമെന്നാണ് എന്‍റെ വിശ്വാസം..

June 24, 2011 at 9:42 AM

ഈ പ്രേമ രോഗികളുടെ ഒരു കാര്യം...! ആരെയെങ്കിലും കേറി പ്രേമിച്ചിട്ട് നിന്റേത് ചെറുതാ........എന്റേതാ വലുത്.........എന്റേത് 916.......നിന്റേത് അത്രേമില്ല എന്നൊക്കെ കണക്ക് കൂട്ടാൻ നടന്നാൽ ലൈഫ് അതിന്റെ പാട്ടിനു പോകും. അല്ല..........ഒരു ചോദ്യം മിക്ക കവിതകളിലും കാണുന്നു-സ്നേഹ നിരാസം,അവഗണന,.......എന്നൊക്കെ. സ്വന്തം സ്വഭാവം അടിസ്ഥാനമാക്കി ഞാനൊന്നു വെളിപ്പെടുത്താം-എനിക്കിതു വരേയും ആരോടും സ്നേഹം തോന്നിയിട്ടില്ല. തോന്നിയതെല്ലാം ഒരു തരം ആകർഷണം മാത്രം. അതു കൊണ്ട് അളവില്ല തൂക്കമില്ല ഊഹക്കച്ചവടം മാത്രം...................ഐ ലവ് യൂ എന്ന് പറയുമ്പോൾ അവരോട് സ്നേഹമുണ്ടെന്നാല്ല ,മറിച്ച് അവരുടെ എന്തോ,അല്ലെങ്കിൽ എന്തൊക്കെയോ കൈക്കലാക്കനാണ് ഉദ്ദേശ്യമെന്നർത്ഥം. അല്ലേ.........? സത്യസന്ധമായ മനസ്സുണ്ടെകിലതിൽ തൊട്ടു പറയാമോ അല്ല എന്ന് ............... നല്ല കാലിബറുള്ള ആളുകൾ സ്നേഹത്തെ പറ്റി പറഞ്ഞ് സമയം കൊല്ലരുത്..................വിഷയം പിടിച്ചില്ലെങ്കിലും നല്ല രചന. (മരണൻ----ഒരു സ്നേഹ നിരാസം എന്ന കഥ പ്രതീക്ഷിക്കുക)

June 25, 2011 at 7:57 PM

"ഐ ലവ് യൂ എന്ന് പറയുമ്പോൾ അവരോട് സ്നേഹമുണ്ടെന്നാല്ല ,മറിച്ച് അവരുടെ എന്തോ,അല്ലെങ്കിൽ എന്തൊക്കെയോ കൈക്കലാക്കനാണ് ഉദ്ദേശ്യമെന്നർത്ഥം"

ഞാന്‍ യോജിക്കുന്നില്ല. ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുന്നത് അയാളുടെ സ്വന്തം സുഖത്തിനു വേണ്ടിയാണ്, സ്നേഹിച്ചുപോവുകയാണ് നമ്മള്‍. മറ്റൊരാളെ നാം സ്നേഹിക്കുന്നത് അയാള്‍ക്കുവേണ്ടിയാണെങ്കില്‍ അത് തികച്ചും കൃത്രിമമാണ്.

ഞാന്‍ സ്നേഹിച്ചിട്ടുണ്ട്, ആ ആളെ തന്നെ വിവാഹം കഴിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു. അപ്പോള്‍ അനുഭവസ്ഥ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ കൃത്യമായി ഇക്കാര്യം പറയാന്‍ കഴിയും. സ്നേഹിക്കാന്‍ അവരില്‍ നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കണം എന്നില്ല, സ്നേഹം പോലും.

മരണനെ പ്രതീക്ഷിക്കുന്നു, എന്ന് കാണും?

September 11, 2012 at 2:11 PM

മടുപ്പറിഞ്ഞ ദിവസം
എന്‍റെ മനസ്സുവച്ച് തൂക്കി,
തൂക്കം കൃത്യം, കിറുകൃത്യം !

എന്നാല്‍
ഓട്ടത്തിനിടയില്‍
ഞാന്‍ മറന്നുപോയിരുന്നു,
അളന്നും തൂക്കിയും നോക്കിയത്
എന്‍റെ സ്നേഹമോ,
അതോ നിന്‍റെ സ്നേഹമോ?

Post a Comment