Monday, June 20, 2011

കുറും കുറിപ്പുകള്‍

8

ചില്ലക്ഷരങ്ങള്‍

ചില്ലക്ഷരങ്ങള്‍
ഇല്ലായിരുന്നെങ്കില്‍
അവനും
അവളും
അവരും,
ലിംഗവും വചനവുമില്ലാത്ത
വെറും 'അവ' മാത്രം.
 ++++++++++++


കളഞ്ഞുകിട്ടിയത്

നടക്കാനിറങ്ങിയപ്പോള്‍
വഴിയരികിലൊരു ജീവി...
അതെന്നോടു ചിരിച്ചു,
പഴയ പരിചയക്കാരനെപ്പോലെ.
സൂക്ഷിച്ചു നോക്കിയപ്പോള്‍
അതെന്‍റെ ഹൃദയമായിരുന്നു,
വര്‍ഷങ്ങള്‍ക്കു മുന്‍പേ
കണക്കു പറഞ്ഞും
വഴക്കുണ്ടാക്കിയും
നീ വാങ്ങിക്കൊണ്ടുപോയത്. 
   ++++++++++++ 


അസഭ്യം

കീബോര്‍ഡിലെ
മുകള്‍ വരിയില്‍
അക്കങ്ങള്‍ക്ക് മേലെ
ചിഹ്നങ്ങളില്ലെങ്കില്‍
സഭ്യമായി
അസഭ്യം പറയുന്നതെങ്ങനെ?
++++++++++++

(17..06..2011)

8 Response to കുറും കുറിപ്പുകള്‍

June 20, 2011 at 4:51 PM

വര്‍ഷങ്ങള്‍ക്കു മുന്‍പേ
കണക്കു പറഞ്ഞും
വഴക്കുണ്ടാക്കിയും
നീ വാങ്ങിക്കൊണ്ടുപോയത്.

'കളഞ്ഞുകിട്ടിയത് ' നന്നായിട്ടുണ്ട്

June 20, 2011 at 10:40 PM

കവിതകള്‍ കൊള്ളാം..
"കീബോര്‍ഡിലെ
മുകള്‍ വരിയില്‍
അക്കങ്ങള്‍ക്ക് മേലെ
ചിഹ്നങ്ങളില്ലെങ്കില്‍
സഭ്യമായി
അസഭ്യം പറയുന്നതെങ്ങനെ?"

അത് എങ്ങനെ എന്ന് അറിയില്ലേ ചെവിയില്‍ പറഞ്ഞുതരാം ..

June 21, 2011 at 12:21 AM

1.ചില്ലക്ഷരങ്ങളെ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ? ശരിയാണല്ലോ സോണി.

2.കളഞ്ഞു പോയ ഒരു വസ്തുവിനെ കുറേവര്‍‌ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഉടമസ്ഥനെ അതു തിരിച്ചറിഞ്ഞല്ലോ? അത്രയും ഭാഗ്യം. ഇക്കൂട്ടരെയാണല്ലേ ഹൃദയശൂന്യര്‍ എന്നു വിളിക്കുന്നത്.

3.അസഭ്യം പറയണമെന്ന് ഉള്ളവര്‍ക്കു മാത്രമല്ലേ കീബോര്‍ഡിലെ മുകള്‍ വരിയില്‍ അക്കങ്ങള്‍ക്ക് മേലെയുള്ള ചിഹ്നങ്ങള്‍ കൊണ്ട് പ്രയോജനമുള്ളൂ. അല്ലാത്തവര്‍ക്ക് എല്ലാം ഒരുപോലെ.

മൂന്നു വ്യത്യസ്തമായ ആശയങ്ങള്‍. നീരിക്ഷണം കൊള്ളാം.

June 21, 2011 at 2:24 AM

കശ്മലന്‍ കാണില്ലായിരുന്നു
കശ്മല മാത്രം ........
ലവനും ലവളുമോ?

ഹൃദയം ഒരു ജീവി?
ജീവിയ്ക്കൊരു ജീവിതം കൊടുക്കാന്‍ ഒരുങ്ങിയവനെ സമ്മതിക്കണം.

സ്മൈലി ....??

June 21, 2011 at 1:56 PM

1.ചില്ലക്ഷരങ്ങളുണ്ടായിട്ടും എത്ര പേരെ ചില്ലിലാക്കി നമ്മൾ? 2.ഹൃദയം വഴിക്കുപേക്ഷിച്ചവൻ ചെയ്ത സല്പ്രവൃത്തി കണ്ടില്ലേ?ബാക്കിയെല്ലാം അവൻ മൊബൈൽ ഫോണുകൾക്ക് സദ്യയാക്കിയിട്ടുണ്ട് .ആട്ടെ ആ ഹൃദയത്തിന് അറകളെത്രയാ.......? നെറ്റിലെ മറ്ററകളിലെന്തെങ്കിലും ബാക്കിയുണ്ടോന്നറിയാനാ.3.#$@%^&*(%*+‌|#$^&@@#$%^& മനസ്സിലായില്ലേ ?അസഭ്യം തന്നെ-നന്നായീന്ന്

June 22, 2011 at 3:06 PM

വ്യക്തിയിലേക്ക് വല്ലാതെ ചുരുങ്ങിപോകുന്നുണ്ട് സോണിയുടെ കവിതകള്‍. സോണിയുടെ കവിതകളുടെ കരുത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ വിമര്‍ശനം എന്നു മനസ്സിലാക്കുമല്ലോ.

June 23, 2011 at 11:46 AM

നന്ദി, എല്ലാവര്‍ക്കും.

@ ഒരു ദുബായ്ക്കാരന്‍ : ചെവിയില്‍ ആര്‍ക്കും പറയാം, തുരന്ന് പറയണം എങ്കില്‍ ഇതേയുള്ളൂ ഒരു മാര്‍ഗ്ഗം.

@ വായാടി : ആരെ എങ്കിലും ഒക്കെ ചീത്ത വിളിക്കണം എങ്കില്‍ ഏറ്റവും നല്ല വഴി അതല്ലേ? തെറി പറഞ്ഞാല്‍ കേസ് കൊടുക്കാന്‍ വകുപ്പുണ്ട്. ഒരാളെ ഈ രീതിയില്‍ ചീത്ത വിളിച്ചാല്‍.... കേസ് കൊടുക്കാന്‍ പറ്റുമോ?

@ ഞാന്‍ : അപ്പോള്‍ കശ്മലനെയും കശ്മലയെയും എങ്ങനെ തിരിച്ചറിയും? പുരുഷനെ പലയിടത്തും പുരുഷനാക്കുന്നത് ചില്ലുകള്‍ അല്ലേ? പുരുഷന്‍, മനുഷ്യന്‍, കറുമ്പന്‍, അങ്ങനെ... പിന്നെ കീ ബോര്‍ഡില്‍ സ്മൈലി ഉണ്ടോ, ഇല്ലല്ലോ? സ്മൈലി ഉപയോഗിച്ചു (അതില്‍ അക്ഷരമില്ലാതെ) ചീത്ത വിളിക്കാന്‍ പറ്റുമോ?

@ വിധു ചോപ്ര : നന്നായി എന്ന് അസഭ്യം പറയുന്നോ?

@ ഭാനു : ശരിയാണ്. ചുരുക്കെഴുത്തുകള്‍ എനിക്കിഷ്ടമാണ്. (ഈ പേരില്‍ ഒരു വികൃതി വൈകാതെ പ്രതീക്ഷിക്കാം.)

June 26, 2011 at 2:27 PM

ഹായി ,,കവിതകള്‍ വായിച്ചു..നന്നായിരുക്കുന്നു.ആശംസകള്‍

Post a Comment