Wednesday, December 12, 2012

പിന്‍വിളി

21



കുഴിവെട്ടി മൂടിയെന്‍
ഓര്‍മ്മത്തലയ്ക്കല്‍
മീസാന്‍ കല്ലിന്മേല്‍
കാവലായ്‌ ഞാന്‍

തണുത്ത ഖബറിന്‍
കറുത്ത മണ്ണില്‍
നുരച്ചുനടന്നു
നിന്‍റെ വാക്ക് -
ഓര്‍ക്കുവാന്‍ കൂടി
ഭയമാണെനിക്കെന്ന്‍...

കളിക്കളങ്ങളില്‍
അവളെ മൊഴിഞ്ഞതും,
നെഞ്ചില്‍
വെറുത്ത പക്ഷിതന്‍
തൂവലുകണ്ടതും
ചുണ്ടില്‍
തണുത്ത പാത്രത്തില്‍
വറുതി നുരഞ്ഞതും
മറക്കണം.... നീ
പൊറുക്കുവാനുള്ളവള്‍

എങ്കിലും...
വെളുത്ത കിണ്ണിയില്‍
പുത്തരിക്കഞ്ഞിയില്‍
കറുത്തിരുള്‍മുടി
വലിഞ്ഞുനീളവേ
കരുത്തനായൊരാള്‍
പൊറുത്തുനില്‍ക്കണോ...?

കനത്ത കൈകളില്‍
പിടച്ചുനിന്നതും,
ചുവര്‍വെളുപ്പിലും
മുടിക്കറുപ്പിലും
ഇടിച്ചുവപ്പിന്‍റെ
നീറ്റലുണ്ടായതും
പൊറുക്കണം... നീ
മറക്കുവാനുള്ളവള്‍

ഉയിര്‍ത്തെഴുന്നേറ്റയെന്‍
ഓര്‍മ്മത്തലയ്ക്കല്‍
മീസാന്‍ കല്ലിന്മേല്‍
ഞാനിനിയും...

ഒരൊറ്റച്ചവിട്ടിലെന്‍
ഉണ്ണിയുടഞ്ഞാലും
മുത്തലാക്കെന്നോതി
ഇറക്കിവിട്ടാലും
മുറിച്ചകാലുമായ്
പനിച്ചുതുള്ളവേ
നിനക്കൊരിത്തിരി
അടുത്തിരുന്നൂടെ....?

(01..10..2012)

21 Response to പിന്‍വിളി

December 12, 2012 at 8:42 PM

അതെ, സ്ത്രീയെ ഏത് അഗ്നിയിലിട്ട് പൊരിച്ചാലും അവള്‍ പൊറുക്കേണ്ടവളാണെന്നാണ് വെയ്പ്പ്.എന്നിട്ട് അന്തിച്ചൂടും...ഈ മീസാന്‍ കല്ലിന്‍ ചുവട്ടിലെ ഓര്‍മ്മകള്‍ നന്നായി ആവിഷ്ക്കരിച്ചു.

December 12, 2012 at 8:44 PM

സ്പന്ദിക്കുന്ന കുഴിമാടങ്ങൾ.....
നല്ല വരികൾ...
ശുഭാശംസകൾ......

December 13, 2012 at 2:23 AM

മീസാന്‍കല്ല്‌ കൊണ്ടൊരു പുകയുന്ന ചിന്ത
ഭാവുകങ്ങള്‍

December 13, 2012 at 9:26 AM

കനത്ത കൈകളില്‍ പിടഞ്ഞുനിന്നതും,
ചുവര്‍വെളുപ്പിലും മുടിക്കറുപ്പിലും
ഇടിച്ചുവപ്പിന്‍റെ നീറ്റലുണ്ടായതും പൊറുക്കണം...
നീ മറക്കുവാനുള്ളവള്‍

ആഹാ,മറക്കാനും പൊറുക്കാനുമൊക്കെ പഠിച്ചു അല്ലേ കാലം ഇങ്ങനെ കെടക്കുവല്ലേ ? എന്തെല്ലാം പഠിക്കാനിരിക്കുന്നു.
നല്ലതാ മാറ്റങ്ങൾ,
ആശംസകൾ...........

December 13, 2012 at 10:32 AM

ഒരൊറ്റച്ചവിട്ടിലെന്‍
ഉണ്ണിയുടഞ്ഞാലും
മുത്തലാക്കെന്നോതി
ഇറക്കിവിട്ടാലും
മുറിച്ചകാലുമായ്
പനിച്ചുതുള്ളവേ
നിനക്കൊരിത്തിരി
അടുത്തിരുന്നൂടെ....?


കൊള്ളാം .. നല്ല വരികള്‍ .. ഭാവുകങ്ങള്‍.

December 13, 2012 at 10:56 AM

മുറിച്ചകാലുമായ്
പനിച്ചുതുള്ളവേ
നിനക്കൊരിത്തിരി
അടുത്തിരുന്നൂടെ....?

വളരെ നന്നായി എഴുതി സോണി

ആശംസകള്‍

December 13, 2012 at 2:35 PM

കരുത്താര്‍ന്നതും ശക്തവുമായ ഒന്ന്.

December 13, 2012 at 9:09 PM

കൊള്ളാം..ശക്തമായ വരികൾ..

December 13, 2012 at 10:44 PM

നല്ല വരികൾ.....

December 13, 2012 at 11:33 PM

കൊള്ളാം..!!

December 14, 2012 at 1:07 AM

നന്നായിട്ടുണ്ട്.......ആശംസകള്‍

December 15, 2012 at 2:10 PM

അവളെ മൊഴിഞ്ഞ
വെളുത്ത കിണ്ണിയില്‍

അക്ഷരതെറ്റുകളാണോ ?

കവിത നന്ന്

December 15, 2012 at 3:26 PM

അല്ല സുമേഷ്‌, കിടക്കയില്‍ അയാള്‍ ഉച്ചരിച്ചത് മറ്റൊരുവളുടെ പേരായിരുന്നു എന്ന്. കിണ്ണം എന്നതിന് കിണ്ണി എന്ന് പറയാറുണ്ട്‌.

December 15, 2012 at 9:21 PM

ആകുലപ്പെടുത്തുന്ന ചിന്തകള്‍ !
നല്ല വരികള്‍ ..കൊള്ളാം
ആശംസകളോടെ
അസ്രുസ്

December 17, 2012 at 7:27 PM

ഈ സോണി ക്കും ഇഷ്ടായി :)

December 17, 2012 at 9:12 PM

ആൺപക്ഷകാലത്ത്
പെണ്ണായ് പിറന്നെങ്കിൽ
ആണായ് നടിക്കണം
പിഴവായിരുന്നു നീ....

താളം പിഴച്ചിട്ടും
മിണ്ടാതെ വിട്ടതും
മേളം പെരുക്കവേ
ചെണ്ടയായ് നിന്നതും
പിഴവായിരുന്നു നീ
ചെറുക്കാൻ പഠിക്കണം

വരികൾ പുകയുന്നു, അടുക്കും ഒതുക്കവുമുള്ള അവതരണം
ആശംസകൾ...!

December 19, 2012 at 2:48 PM

ആഹാ ...എന്ത് നല്ല വരികള്‍

Anonymous
December 19, 2012 at 7:23 PM

പുകയുന്ന വരികൾ.
ചൊല്ലാനും ഒരു സുഖമുണ്ട്. 
 എന്നാണീ വേർതിരിവ് മാറുക എന്നറിയില്ല. അടുക്കളയിൽ ഉമ്മ ക്ഷീണിച്ചു നിൽക്കവേ "ഞാനെന്തു ചെയ്യണം" എന്നും ചോദിച്ച് വരുന്ന, "ഇന്ന് രാത്രി കഞ്ഞി മാത്രം മതി" അല്ലെങ്കിൽ ഇന്നത്തെ അത്താഴം ഞാനും മക്കളും തയ്യാറാക്കാം, ഞ്ഞി പോയി കിടന്നോ" എന്നും പറഞ്ഞു വരുന്ന എന്റെ പ്രിയപ്പെട്ട വാപ്പയെ ഓർത്തു പോവുന്നു.

December 22, 2012 at 9:34 PM

കാറ്റും മഴയും വറചട്ടിയിലെന്ന പോലെ..

December 25, 2012 at 11:29 PM

Nalla moorchayulla varikal

April 17, 2013 at 9:44 PM

കവിതകളെ വിലയിരുത്താനുള്ള വിവരമൊന്നും ഇല്ലെന്നാലും അകക്കാമ്പ്‌ ഞാന്‍ ഉള്ളിലാക്കിയിരിക്കുന്നു.

Post a Comment