Saturday, August 21, 2010

നിന്റെ മണം

11
ആദ്യം കാണുമ്പോള്‍
നിനക്ക് മഴയുടെ മണം.
മുറ്റത്തെ ചരലില്‍ തലതല്ലിച്ചിരിച്ച്
ചുടുമണ്ണിലലിഞ്ഞു ചേര്‍ന്ന
നീര്‍ത്തുള്ളിയുടെ മണം.

പിന്നെ തൊട്ടപ്പോള്‍
നിന്റെ മുടിയിഴകള്‍ക്ക്
മാന്തളിരിന്റെ മണം.

ചുംബിച്ച നേരം ഉമിനീരിലും
ചുണ്ടില്‍ പൊടിഞ്ഞ ചോരത്തുള്ളികളിലും
നിന്റെ മണം.

ഒരു ദേഹമായപ്പോള്‍
നിന്റെ വിയര്‍പ്പില്‍
എന്റെ രേതസ്സും എന്റെ മണവും.

കുഞ്ഞിനുള്ള മുലപ്പാല്‍ കട്ടുകുടിച്ചത്
മൂക്കു തുറന്നുപിടിച്ച്

ഉണ്ണിമൂത്രത്തിനു
പുണ്യാഹമണം

ഒടുവില്‍ ഞാനറിയുന്നത്
നിന്റെ കണ്ണീരിന്റെ മണം.
അതിനു കാരണം...
രാത്രി വൈകിയെത്തിയ
എന്റെ മണവും.

(July 2010)