Tuesday, August 21, 2012

തീര്‍ന്നുപോയൊരാള്‍

36


രാവുറങ്ങുമ്പോള്‍
ഊരുചുറ്റാന്‍ കയറിയ 
കള്ളവണ്ടിയില്‍
അവനുണ്ടായിരുന്നെന്ന്
എന്‍റെയാത്മാവ്...

ഡിസംബറിന്‍റെ
പേടിച്ചൂട് തട്ടി
അവനാകെ വിളറിയിരുന്നു

അവന്‍റെ സഞ്ചിയില്‍
ജനുവരിയില്‍ മുളപ്പിക്കേണ്ട
വിത്തുകളുണ്ടായിരുന്നു

സമതുലനക്കണക്കുപിഴച്ചാല്‍
തിരുത്തിയെഴുതാന്‍
ജാതകവുമവനെടുത്തിരുന്നു ;
തലവര മായ്ച്ചുവരയ്ക്കാന്‍
റബ്ബര്‍പെന്‍സിലും

കള്ളവണ്ടിയ്ക്ക്
ചക്രങ്ങളില്ലാതിരുന്നതിനാല്‍
കാലത്തിനൊത്തുരുളാന്‍
ആത്മാവവനോടു പറഞ്ഞില്ലെന്ന്

കുറുക്കുവഴിയുടെ മുള്ളുകമ്പിയില്‍
കുപ്പായം കുരുങ്ങിയപ്പോള്‍
ദിഗംബരനായവന്‍

കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...

(18..08..2012)