Tuesday, September 27, 2011

കുറിയോട്ടം

47

പെണ്ണേ,
പലകുറി പറഞ്ഞില്ലേ,
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....?

അന്തിയ്ക്കിരുള്‍ വീഴ്കെ,
കുണ്ടനിടവഴി
ചാടിക്കടന്നു നീ

താഴേത്തൊടിയിലെ
മൂവാണ്ടന്‍ കൊമ്പത്ത്
തലകുത്തിയാടി നീ

നീ പെറ്റ മക്കള്‍ക്ക്‌
നാക്കിനു നീളം
നാക്കിലയോളം

നീ നട്ട നേന്ത്രന്‍റെ
ഭാരപ്പടലയില്‍
ഇരുപത്തൊന്നുണ്ണികള്‍   

ഉപ്പു കുറഞ്ഞാലും
നീ വച്ച കഞ്ഞിയ്ക്ക്
കൈപ്പുണ്യസ്വാദ്

എങ്കിലും പെണ്ണേ,
അന്തിക്കിടക്കയില്‍
ഉറക്കം നടിച്ചു നീ
എന്നെ ഞെരുക്കീല്ലേ?

തോളില്‍ കടിച്ചിട്ട്‌
രാക്കനവാണെന്ന്
കള്ളം പറഞ്ഞില്ലേ?

ഒന്നും വരില്ലെന്ന്
കണ്ണിറുക്കീട്ടു നീ
മൂന്നിനെ പെറ്റില്ലേ?

പലകുറി പറഞ്ഞു ഞാന്‍
രണ്ടറ്റമെത്തിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍
കുറിയോട്ടം വേണ്ടെന്ന്....

(26..09..2011)

Tuesday, September 20, 2011

അനോണികള്‍

35

ഫേസ്‌ബുക്ക്‌ പ്രൊഫൈലില്‍
ഗൂഗിള്‍ പടത്തില്‍
മണ്ണാങ്കട്ടയിരുന്നു

കാറ്റില്‍ പറക്കാതെ
ഖത്തറിലുണ്ടെന്ന്
കരിയില പറഞ്ഞു

സ്റ്റാറ്റസ് മെസേജില്‍
ഇരുവരും കണ്ടത് -
'മലയ്ക്കു പോകാത്തവര്‍...'

മഴയെക്കുറിച്ച്
കരിയില പോസ്റ്റിട്ടു,
മണ്ണാങ്കട്ട ലൈക്കടിച്ചു...

കാറ്റിനെപ്പറ്റി
മണ്ണാങ്കട്ട നോട്ടിട്ടു,
കരിയില കമന്റടിച്ചു...

കാറ്റുമറിഞ്ഞില്ല,
മഴയുമറിഞ്ഞില്ല,
അനോണിക്കട്ടയും
ഫേക്കിലയും

(16..09..2011)

(നന്ദി, ഈ വരികള്‍ എഴുതാന്‍ പ്രചോദനമായ 
ശ്രീ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍