Monday, July 16, 2012

നേര്‍ക്കാഴ്ചകള്‍

26

ചീറിപ്പായുന്ന വണ്ടികള്‍,
സീബ്രാലൈന്‍ കണ്ടിട്ടും
കാല്‍വയ്ക്കാനാവാതെ
പേടിച്ചുമാറുന്നു ദൈവം

പഴനിനേര്‍ച്ചയ്ക്കെന്ന്
തേടിക്കിട്ടിയ ചില്ലറ
നോട്ടായ്‌ച്ചുരുളുന്നു
ബിവറേജസ്‌ മേശയില്‍

സഹയാത്രികന്‍റെ
തെറിച്ചുവീണ തുട്ടിന്മേല്‍
ചവിട്ടി നില്‍ക്കുന്നു
മൂഢദുരാഗ്രഹം

 വിളിപ്പുറത്തെത്താന്‍
ഏലസ്സ് തേടുന്നു
കാലപ്പഴക്കത്തില്‍
കല്ലായ ദേവി

 അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും

ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

(മഴവില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
(02..07..2012)