Thursday, May 31, 2012

ഉത്തരം മുട്ടുന്നത്

17

വര്‍ത്തമാനപ്പത്രം
നിവര്‍ത്തുമ്പൊഴെന്നും
ഉത്തരം മുട്ടുന്നു

ഉത്തരം മുട്ടുന്നത്
എളുപ്പവഴിയില്‍
ക്രിയ ചെയ്തിട്ടാണെന്ന്
മകള്‍

 
'ഉത്തരം' മുട്ടുന്നത്
വളര്‍ന്നു വലുതായിട്ടാണെന്ന്
മകന്‍

ചോദ്യങ്ങള്‍ പിന്നെയും
പിറക്കുന്നതുകൊണ്ടാണെന്നു
ഭാര്യ

കൊച്ചിലേയവന്‍
അങ്ങനാണെന്നമ്മ

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....



(31..05..2012)

Wednesday, May 9, 2012

പെങ്ങള്‍

38

വെളുത്ത
ഒരു രാത്രിയിലായിരുന്നു
അവള്‍ ചുവന്നത്...
അച്ഛന്‍റെ ഹൃദയത്തില്‍
നടുക്കം നീലിച്ചപ്പോള്‍
അമ്മയുടെ കവിളില്‍
കണ്ണീര്‍പ്പുഞ്ചിരി

പിന്നീട്,
ഷാംപെയിനില്‍
ചുവന്ന ഒരു രാത്രിയിലാണ്
വെളുത്ത മരണത്തോടൊപ്പം
അവളിറങ്ങിപ്പോയത്...
ശേഷിപ്പുകളില്‍
പറന്നുനടന്നിരുന്നു
കറുത്ത ഒരീച്ച

അന്നുതൊട്ടാണയാള്‍
ഷാംപെയിന്‍ കുടിക്കാതായതും,
ചുവക്കാത്ത മൊട്ടുകള്‍ മാത്രം
ഇറുത്തുതുടങ്ങിയതും...!

(09..05..2012)