കനലറിയാത്ത മഞ്ഞുതുള്ളി
കൂട്ടില്‍ തണുപ്പ്,
ഇരുളും നനവും,
മഞ്ഞുതുള്ളിയ്ക്കും...
കണ്ണീരൊഴുകി -
മഞ്ഞുതുള്ളി അലിഞ്ഞതാണെന്നവര്‍,
വിതുമ്പി വിറച്ചു -
മഞ്ഞുതുള്ളി ചിരിച്ചതാണെന്നവര്‍,
കൂട്ടിലെ ഇരുളില്‍
മുങ്ങിപ്പോയ നിറങ്ങള്‍
നനവില്‍,
പായല്‍ മൂടിയ നൊമ്പരം.
കൂട്ടിനുള്ളില്‍
ചതഞ്ഞ നാരുകള്‍,
മുട്ടത്തോടുകള്‍...
കറുപ്പിനേക്കാള്‍
കറുക്കുന്ന ഇരുള്‍,
കറുത്തതു മഞ്ഞുതുള്ളി.
മുറ്റത്തു വെയില്‍,
വിളര്‍ത്തതും മഞ്ഞുതുള്ളി.
മുട്ടിവിളിച്ചപ്പോള്‍
മുദ്രമോതിരം !
കരളില്‍ അഗ്നിപര്‍വ്വതം,
അതില്‍ ചാരം മാത്രം..
കൂട്ടിലെ തണുപ്പില്‍
ഇരുളില്‍, നനവില്‍,
മഞ്ഞുതുള്ളിയും.
മഞ്ഞലിയില്ല,
വെയിലേല്‍ക്കാതെ.
അലിഞ്ഞുപോയാല്‍
മഞ്ഞില്ലെന്നോ..?
മരവിച്ച മഞ്ഞല്ല,
ജലമാണ് സത്യം,
ജലമാണ് സ്വത്വം..
ഇരുളില്‍ പിടയും മഞ്ഞുതുള്ളി
നനവില്‍ കുതിരും മഞ്ഞുതുള്ളി
ജലമായലിയൂ മഞ്ഞുതുള്ളീ
ഉറവായ് പടരൂ മഞ്ഞുതുള്ളീ
തിരയായ് നുരയൂ മഞ്ഞുതുള്ളീ
കനലായെരിയാനിരിക്കുന്നു ഞാന്‍...
( 15.11.2010)