Saturday, September 18, 2010

കണ്‍മണി

2

കണ്‍മണി കാണാനുള്ളത്,
കരുതല്‍ വേണം -
കുരുന്നിലേ അമ്മ

കളിക്കൂട്ടുകാരിയോട്
കണ്‍മണി ചിരിക്കാനുള്ളത്
സുന്ദരിയെ കാണുമ്പോള്‍
കണ്‍മണി അടയ്ക്കാനുള്ളത്
പ്രണയം മുറിഞ്ഞപ്പോള്‍
കണ്‍മണി കരയാനുള്ളത്...

നിന്നെ കാണുമ്പോള്‍ -
കണ്‍മണി പറയാനുള്ളത്
കണ്‍മണി തിരയാനുള്ളത്
കണ്‍മണി നുണയാനുള്ളത്
കണ്‍മണി കരുതാനുള്ളത്...

അമ്മ പറഞ്ഞതു നേര്....
കണ്‍മണി കരുതാനുള്ളത്.... 

(പ്രചോദനം : സുഹൃത്ത്‌)
(17.09.2010)

Friday, September 17, 2010

ചില വിരലുകള്‍....

4

ചില വിരലുകള്‍ അങ്ങനെയാണ് -
അവ നമുക്ക് എന്തും തരും....
സ്നേഹം, സാന്ത്വനം, വാല്‍സല്യം, പ്രണയം....
അവ നമ്മോട് എന്തിനും കൂടും
കളിക്കാന്‍, ചിരിക്കാന്‍, പിണങ്ങാന്‍....
ഒരിക്കല്‍ ഒരു വിരല്‍ത്തുമ്പില്‍ പിടിക്കുമ്പോള്‍
അത് നിന്റെ സ്വന്തമെന്നു തോന്നും,
അതില്‍ ചുറ്റിപ്പിടിക്കുമ്പോള്‍
കാലിടറിയാലും വീഴില്ലെന്നു തോന്നും,
ഒരു കണ്ണീര്‍ക്കണം പൊടിയും മുന്‍പേ
അത് തുടച്ചു മാറ്റുന്നതറിയും...
ആ വിരല്‍ത്തുമ്പില്‍ തുടിക്കുന്ന ജീവന്‍
നിന്റെ ആത്മാവില്‍ തൊടും...
അപ്പോള്‍ അറിയുക....
ആ ജീവന്‍ നിന്റെ പ്രാണനാണെന്ന്‍...
(17.09.2010)

Tuesday, September 7, 2010

ഞാനായിപ്പോയത്...

6

എനിക്ക് നിന്നോട് പറയാനുള്ളത് -
മണികളടര്‍ന്ന ചിലങ്കയില്‍
ശേഷിക്കുന്ന ഒറ്റമുത്തിന്റെ
ചിലമ്പിച്ച ഏകാന്തത.
പുസ്തകത്തട്ടില്‍
ചിതലെടുത്ത പാതിതാളിന്റെ രോദനം.
പച്ചിലകള്‍ നോക്കിച്ചിരിക്കുമ്പോള്‍
തനിച്ചായ പഴുത്തിലയുടെ വിങ്ങല്‍...
അവയ്ക്കൊടുവില്‍  --
വാക്കുകളുടെ വയല്‍ വരമ്പില്‍
വഴുതിവീണ കുഞ്ഞിന്റെ
"അമ്മേ..." യെന്ന വിളി....

എനിക്ക് നിന്നോടു ചെയ്യാനുള്ളത് -
രാത്രിവഴികളില്‍ വിളക്കുവച്ചു കാത്തിരിക്കുക;
വിയര്‍ത്തുറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്നു വീശിത്തരിക;
കണ്‍കോണില്‍ നീര്‍ പൊടിയുമ്പോള്‍
കൈനീട്ടി നെഞ്ചോട്‌ ചേര്‍ക്കുക;
പകല്‍ച്ചൂടില്‍ തീവെയിലില്‍  
മണ്‍കലത്തിലെ  സംഭാരമാവുക...

എങ്കിലും
ഞാന്‍ നിന്നോട് പറഞ്ഞുപോവുന്നത്  -
വെള്ളം ചോദിച്ചു മലക്കറിക്കാരന്‍ 
അടുക്കളയില്‍ കയറി വന്നത്,
പൈപ്പിന്‍ ചുവട്ടിലിരുന്ന പാത്രം
നാടോടിപ്പെണ്ണ് കട്ടോണ്ടു പോയത്,
അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ
പാവാട പൊക്കി നോക്കിയതിന്
ആറുവയസ്സുകാരന്‍ മകനെ
അയല്‍ക്കാരന്‍ തല്ലിച്ചതച്ചത്,
മുറ്റത്തു തേങ്ങയടര്‍ന്നുവീണ് 
മണ്‍പൂച്ചട്ടി ഉടഞ്ഞുപോയത്...

ഞാന്‍ നിന്നോട് ചെയ്തുപോകുന്നത് -
കറന്റ് ബില്ലടയ്ക്കാന്‍ മറന്നതിന് കാരണം
നീയും നിനക്ക് പിന്നില്‍ നാല് തലമുറയും,
ഓടിനിടയിലൂടെ ചോരുന്നത് നിന്റെയലംഭാവം,
ധാരാളിത്തമെന്നാല്‍ - കടം വാങ്ങിയ കാശിന്
അമ്മയ്ക്ക് മുണ്ട് വാങ്ങിയത്,
ഫീസടയ്ക്കാതെ  മകള്‍ കരഞ്ഞുകൊണ്ടുവന്നത്
നീ കാരണം,
'നീ - പിടിപ്പുകേടിന്റെ പര്യായം!!!'

ഇന്നലെ
പൂട്ടാന്‍ മറന്ന മേശയ്ക്കുള്ളില്‍ കണ്ടത്
നിന്റെ ഡയറിക്കുറിപ്പുകള്‍....
അവയില്‍ -
എന്റെ പെണ്‍ചിന്തകളുടെ ആണ്‍ചിന്തകള്‍.
പെണ്‍വാക്കുകളുടെ ആണ്‍വാക്കുകള്‍.
ആണ്‍വാക്കെങ്ങനെയാണെന്ന്
ഞാന്‍ കേട്ടിരുന്നില്ല;
പെണ്‍വാക്കുകള്‍ നീയും.

നിന്റെ ഏകാന്തത ഞാനറിഞ്ഞു...
ഞാന്‍ ഡയറിയെഴുതാത്തതുകൊണ്ട്
നീയൊന്നുമറിയില്ല.... ഒരിക്കലും.
(2006)
                    ***************************

അവര്‍ അറിയാതിരുന്നത്‌....

0


പ്രണയത്തിന്റെ വീട്ടുപടിക്കല്‍
കവികള്‍ വായിച്ചിട്ടുപോയത്
ചരമക്കുറിപ്പായിരുന്നില്ല...
അതൊരനുശോചനക്കുറിപ്പായിരുന്നു.

അതവരുടെ പ്രതിഷേധക്കുറിപ്പാണ്  - അവന്‍ പറഞ്ഞു;
- അനുവാദമില്ലാതെ പ്രണയിച്ചതിന്...
അതിന്റെയരികുകള്‍ കീറിപ്പോയി - അവള്‍
ഇറങ്ങിച്ചെന്നാല്‍ നാമവരെപ്പോലെയാവും - അവന്‍ മുരണ്ടു
പക്ഷെ ഒരിക്കലുമവര്‍ നമ്മെപ്പോലാവില്ല - അവള്‍ ചിരിച്ചു.

അവന് കുഴിഞ്ഞ കണ്ണുകളായിരുന്നു
അവള്‍ക്ക് പതിഞ്ഞ മൂക്കും.

അവന്റെ കണ്ണുകള്‍ കുഴിഞ്ഞത്
ഇരുട്ടിലേക്ക് നോക്കി ചിന്തിച്ചിട്ടാണെന്നവള്‍ 
അവളുടെ മൂക്ക് പതിഞ്ഞത്
അവന്റെ ചിന്തകള്‍ക്ക് മണം പിടിച്ചിട്ടാണെന്നവന്‍

വീടിന്റെ ആകാശത്ത് മേഘങ്ങളുണ്ടായിരുന്നു
മുറ്റത്ത്‌ അപ്പോള്‍ ‌ നിഴലുകളില്ലായിരുന്നു.

നിലാവും നക്ഷത്രങ്ങളുമില്ലാത്ത 
രാത്രി വരുമെന്നവന്‍,
അന്ന് കാര്‍മേഘങ്ങള്‍ക്കു മീതെ ഉറങ്ങുമെന്നവള്‍ 
എങ്കിലും രാത്രി വരാതിരിക്കില്ലെന്ന്...
രാത്രി കഴിഞ്ഞാല്‍ പുലരുമെന്ന്...
പുലര്‍ന്നാല്‍ വീണ്ടുമിരുട്ടുമെന്ന്...
പുലര്‍ന്നാല്‍ ഇരുട്ടാന്‍ നേരമേറെയെന്ന്....

കറുത്ത രാത്രി വെളുത്തപ്പോള്‍
അവര്‍ മഴയിലേയ്ക്കിറങ്ങി...

അവരറിഞ്ഞിരുന്നില്ല -
അനുശോചിക്കാന്‍ വന്നവര്‍
മുറ്റത്തെ മണലിനടിയില്‍
കാരമുള്ളുകള്‍ നിരത്തിയത്....

(2006)
                       ***************