Friday, April 29, 2011

കാത്തിരിപ്പ്

8


ഇരുവഴി പിരിയുമ്പോള്‍

അവള്‍ പറഞ്ഞു,

കാത്തിരിക്കും ഞാന്‍,

വേഴാമ്പല്‍ പോലെ.


വേഴാമ്പലിന്റേത്

കള്ളക്കാത്തിരിപ്പ് -


ഒരു മഴപെയ്തു ദാഹംതീര്‍ന്നാല്‍

അതാരെയും കാത്തിരിക്കില്ല,

വീണ്ടും ദാഹിക്കുന്നതുവരെ....

(21.04.2011)

Wednesday, April 27, 2011

ബാധ്യത

8

 
ഞാനത്

മുറിക്കാന്‍ തീരുമാനിച്ചു;

ഈര്‍ക്കില്‍ കൊണ്ട്

ഇലകള്‍ തുന്നി

നാണം മറച്ചപ്പോള്‍

നീണ്ടുനിന്നതുകൊണ്ട്.


                                  (14.04.2011)

Monday, April 25, 2011

എങ്ങുമെത്താത്തവര്‍

3ചിന്തകള്‍ക്ക് വേരിറങ്ങിയപ്പോള്‍
വിണ്ടുപോയത് സ്വന്തങ്ങള്‍;
പ്രായം തികഞ്ഞ വിഷാദങ്ങള്‍ക്ക് 
രോമം മുളച്ചത് സ്വപ്നങ്ങളിലും.


ഒന്നുമൊന്നും കൂട്ടിയാല്‍
രണ്ടല്ലേയാവൂ എന്ന്,
രണ്ടു രണ്ടായിപ്പിളരുമ്പോള്‍
ഒന്നാവാത്തതെന്തുകൊണ്ടെന്ന്....


കണ്ണീര്‍ ചുരന്നപ്പോഴും
അവളുടെ കണ്ണിലെ തീക്കനല്‍
തിളങ്ങിയതെന്തിനെന്ന്,
കുടലെരിഞ്ഞ വിശപ്പിലും 
മുന്നില്‍ കണ്ട പെണ്‍കഴുത്തില്‍
ഉരുമ്മാന്‍ തോന്നിയതെന്തിനെന്ന്....


അന്തമില്ലാത്ത തോന്നുകള്‍,
ചിന്ത തൂങ്ങുന്ന കൊമ്പുകള്‍


നേരറിവിന്റെ നെഞ്ചില്‍
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍,
ചില്ലുകൂട്ടിലെ തലച്ചോറില്‍
പൊടിക്കാറ്റു ചുഴന്നപ്പോള്‍
കണ്ണില്‍ മിന്നിയ ബോധിയില്‍
കല്ലില്‍ കൊത്തിക്കണ്ടത് -
"താഴേയ്ക്ക് വളരുന്നത്‌ വേരുകളും
താടിമീശകളും മാത്രം."


(വേണ്ടതും വേണ്ടാത്തതും ചിന്തിച്ചുകൂട്ടി 
തല പുണ്ണും പിണ്ണാക്കും ഒക്കെ ആക്കുന്ന ചിലരുണ്ട്, 
അവരെക്കുറിച്ച്...)
(14.04.2011)

Sunday, April 17, 2011

രൂപാന്തരണം

4സ്നേഹം -- കിട്ടുന്നവര്‍ക്ക്

ദാഹം -- കിട്ടാത്തവര്‍ക്ക്,

ബാധ്യത -- വാരിക്കോരിക്കിട്ടി

ചെടിച്ചു പോയവര്‍ക്ക്...

(14.04.2011)

Friday, April 15, 2011

കൈവശപ്പിശകുകള്‍

1വേനല്‍ച്ചിന്തകളുടെ   
ചുവരുതുളച്ചുവന്നു,
തെരുവില്‍ നിന്നൊരു കൈ.

മേശപ്പുറത്തു പരതി
അന്നത്തെ പത്രവും കത്രികയുമെടുത്ത്
വാതിലിലൂടെ അതിറങ്ങിപ്പോയി.

നിമിഷങ്ങള്‍ക്കപ്പുറം തിരികെ വന്നത് 
നീളത്തില്‍ മടക്കിയ
നാലു കൌപീനങ്ങള്‍

മടങ്ങുംമുന്‍പ് എനിക്കും കിട്ടീ,
അതിലൊരെണ്ണം, നരച്ച ചരടും...

(13.04.2011)Tuesday, April 12, 2011

നിനക്കറിയുമോ

3മേഘം മണ്ണിനോട് ചെയ്തത്,

നീയെന്നോടു ചെയ്തു...നിനക്കറിയുമോ,

ജലം വിത്തിനോട് ചെയ്തതും

മഴത്തുള്ളി ചിപ്പിയോടു ചെയ്തതും

എന്തായിരുന്നെന്ന്?(പ്രചോദനം : ജീവിതഗാനം)

(11.04.2011) 


Sunday, April 10, 2011

'അ'മൂല്യം

3


ഹൃദയം പണയം വച്ച്
ഞാനൊരു സുന്ദരിയെ 
വിലയ്ക്കുവാങ്ങി.

തവണയടയ്ക്കാതെ 
ലേലത്തിനു വച്ചപ്പോള്‍
എന്‍റെ ഹൃദയം വാങ്ങാന്‍
ആരുമില്ലായിരുന്നു.

ജപ്തിനോട്ടീസ് കൈപ്പറ്റി;
ഞാനിറങ്ങി നടന്നു,
അതിനുമെത്രയോ മുന്‍പേ 
അവള്‍ പൊയ്ക്കഴിഞ്ഞിരുന്നു !!

(10.04.2011)

എഴുത്താണിക്കുത്തുകള്‍

2


എഴുത്താണിപ്പുറത്തിരുന്ന് ചെമ്പോത്ത് ചിലച്ചു,
ചുണ്ടപ്പൂവിട്ട കണ്ണില്‍ കാമമോ ക്രോധമോ?

തൂലികയെക്കാള്‍ നല്ലതെഴുത്താണി;
തൊട്ടതു തീരുമ്പോള്‍ നിറം മാറ്റാനെളുപ്പം.
കത്തിയെക്കാളും നല്ലതെഴുത്താണി;
കുത്താനെടുത്താലും ആരുമതോര്‍ക്കില്ല.

പ്രണയം ചാലിച്ചാല്‍ 
ചുവന്ന മഷിയില്‍ കവിതകളെഴുതാം,
പകയില്‍ തൊടുവിച്ചാല്‍
ചുവപ്പുചോരയില്‍  ചിത്രം വരയ്ക്കാം.

അവളുടെ മേശപ്പുറത്തെ
എഴുത്താണി കുടഞ്ഞപ്പോള്‍
തെറിച്ചത്‌ കണ്ണീരും ചോരയും.

കിടക്കപ്പാതിയില്‍  അവള്‍ ചിലച്ചപ്പോള്‍
ഇരുട്ടുകൊളുത്തിട്ട് കാതടച്ചുവച്ചു.
എഴുതാനെടുത്തത് ചെത്തിക്കൂര്‍പ്പിച്ച്
മടിയില്‍ തിരുകി, അവനെ കുത്താന്‍.

എഴുത്താണി കൊത്തി ചെമ്പോത്ത് പറന്നപ്പോള്‍
എന്‍റെ കണ്ണിലും കാമവും ക്രൌര്യവും...

ഇരുണ്ടുവെളുത്തപ്പോള്‍ നനഞ്ഞിരുന്നു,
അവളുടെ തലയണ, എന്‍റെ കിടക്കയും.

(10.04.2011)

എനിക്ക് വേണ്ടത്

0


മനസ്സും ശരീരവും,
 
പ്രണയവും കൂടി
 
അവള്‍ക്കു കൊടുക്കുക,
 
എനിക്ക് വേണം

നിന്‍റെ കാലടികള്‍ മാത്രം.

അവയില്‍ മുഖം ചേര്‍ത്ത്
 
ഞാനുറങ്ങട്ടെ...


(10.04.2011)

കവിഞ്ഞൊഴുകിയത്

2രാവിലെ ഞാന്‍ കരഞ്ഞു,
ഇന്നലെയും കരഞ്ഞു,
വിങ്ങിവിങ്ങിക്കരഞ്ഞു...
അടക്കാനാവാതെ
കവിഞ്ഞൊഴുകിയത്
സ്നേഹമായിരുന്നു;
നിന്നോടുള്ള....
  (07.04.2011)
 

Wednesday, April 6, 2011

'പ്റ'

3


പ്രണയം

വഷളാവുന്നതെപ്പോള്‍...???


- അതിനെ

' പ്റണയം ' എന്നെഴുതുമ്പോള്‍ മാത്രം.


(എഴുതിയത് : ഞാന്‍,  പ്രണയഭംഗമില്ലാത്ത ഒരാള്‍)

(06.04.2011)

Monday, April 4, 2011

കൂടുകൂട്ടേണ്ടവര്‍

8


വാക്കുകള്‍ മുറിച്ച് വീടുവച്ചപ്പോള്‍

തൂണ്‌ നാട്ടാന്‍ മറന്നുപോയവര്‍ നാം.


നാവിനടിയില്‍ കുഴിച്ചിട്ട്

നിന്‍റെ ചിന്തകള്‍ ചിതലരിക്കവേ,

പൂവന്‍ കാണാത്ത നേരുകള്‍ക്ക്

നീയും ഞാനും അടയിരിക്കവേ,

അക്ഷരം പൊടിഞ്ഞോട്ടയായതില്‍

തുള്ളിപ്പെയ്തത് കന്മഴ...!!


വാക്കുമുറിച്ചത് തെറ്റ്,

വീടുപണിഞ്ഞതബദ്ധം...

മനസ്സുകീറി നാരെടുത്ത്,

ഹൃദയം ചുരണ്ടി തോലെടുത്ത്

കൂടുകൂട്ടണമായിരുന്നു...


തൂണില്ലാത്തത്,

താങ്ങുവേണ്ടാത്തത്

കൂടുമാത്രം...

കൂടിനു മാത്രം...

(04.04.2011)
 

നിഴല്‍

3

എന്‍റെ സ്നേഹം

ഇരുണ്ടുപോവുന്നതില്‍

എനിക്ക് പരാതിയില്ല,

അത് നിന്‍റെ നിഴലാവുമെങ്കില്‍.


( എങ്കിലും

എനിക്ക് നിന്‍റെ നിഴലാവേണ്ട,

ഇരുളിലും കൂട്ടിരിക്കാന്‍

നിഴലിനാവില്ല. ) 

(04.04.2011)
 

വിവര്‍ത്തനം

0


പണിപ്പെട്ടിരുന്നിട്ടും

മൊഴി മാറ്റാനാവാതെ
  
നിന്‍റെ ഭാഷ !
 

അതിന്‍റെ വക്കുകളില്‍ വേദന,

ചിരിക്കാന്‍ പറഞ്ഞപ്പോള്‍ തേങ്ങല്‍,

കണ്ണുടക്കില്‍ ശൂന്യത,
  
വാക്കിലെല്ലാം നീറ്റല്‍,
  
പഠിച്ച ഭാഷയിലെങ്ങും

അതെഴുതാന്‍ കഴിഞ്ഞില്ല.


നാളെ ഞാന്‍ രാജിവയ്ക്കുന്നു,

യൂണിവേഴ്സിറ്റിയില്‍നിന്ന്,

വിവര്‍ത്തകന്‍റെ കസേരയില്‍ 

എനിക്കിനി വയ്യാ....

(04.04.2011)

Sunday, April 3, 2011

പേടി

4


ഒരുമ്മ കൊടുത്തപ്പോള്‍

അവള്‍ അമ്മയായി,

ഇനിയൊരുമ്മ കൊടുക്കാന്‍

പേടിയാവുന്നു

അവള്‍ തീര്‍ന്നുപോയാലോ?

(01.04.2011)