Monday, July 18, 2011

ചുരുക്കെഴുത്തുകള്‍

22


കൃതയുഗം -
കരകവിഞ്ഞ പ്രണയത്തില്‍ മുക്കി
നാലുപുറമെഴുതിയപ്പോള്‍ അവള്‍ പറഞ്ഞു,
'ചുരുക്കിയെഴുതൂ, സമയമില്ല'


ത്രേതായുഗം -
പെയ്തിറങ്ങിയത്‌ പേനയിലാക്കി,
മൂന്നുപുറമായപ്പോള്‍ അവള്‍ പറഞ്ഞു,
'ഇത്രയും വേണ്ടാ, ഒതുക്കിയെഴുതൂ'


ദ്വാപരയുഗം -
കുടത്തില്‍ നിന്നെടുത്ത്
കുടഞ്ഞുകുടഞ്ഞെഴുതി,
രണ്ടാംപുറം അവള്‍ വായിച്ചില്ല.


കലിയുഗം -
കരണ്ടിയില്‍ക്കോരിയപ്പോള്‍
അരപ്പുറം കവിഞ്ഞു,
അവളതു മടക്കി, 'പിന്നെ നോക്കാം'


കല്‍പ്പാന്തം -
ചുരണ്ടി നോക്കിയപ്പോള്‍
രണ്ട് കുത്തും കോമയും മാത്രം
അവള്‍ ചിരിച്ചു, 'എന്തിനാ വെറുതെ...'


ഇന്ന് രാവിലെ -
കുത്തിനോക്കി,
കുഴിച്ചുനോക്കി,
നനവു പോലുമില്ല...
 
അവള്‍ പറഞ്ഞു,
'എനിക്ക് ദാഹിക്കുന്നു...'

(23..06..2011)

Saturday, July 16, 2011

അക്കരെ...

11

കണ്ണെത്താത്തിടത്തോളം
എനിക്കും നിനക്കുമിടയില്‍ കണ്ട അഗാധഗര്‍ത്തം
ഒരു പുഴയായിരുന്നെന്നു ഞാനറിയുന്നത്
മഴക്കാലം വന്നപ്പോഴാണ്.

വീണു കാലൊടിയുമെന്നു കരുതി വേനല്‍ക്കാലത്തും,
മുങ്ങിച്ചാവുമെന്നു ഭയന്ന് മഴക്കാലത്തും
നിന്‍റെയടുത്തെത്താന്‍ എനിക്ക് കഴിഞ്ഞില്ല....

Tuesday, July 12, 2011

ഹവ്വാവിലാപം

14

രക്തത്തിലല്ലാതെ
എല്ലില്‍ പിറന്നവള്‍
മാംസം ധരിക്കാതെ
മജ്ജയില്‍ തീര്‍ന്നവള്‍

നേരിന്‍റെ പേര്‍ചൊല്ലി
വഞ്ചിക്കപ്പെട്ടവള്‍,
പാമ്പിന്‍ പരസ്യത്തില്‍
മൂക്കറ്റു വീണവള്‍,
"പെണ്‍വാക്കുകേട്ടവന്‍
പെരുവഴി" ച്ചൊല്ലിന്‍റെ
കാര്യം മെനഞ്ഞവള്‍,
കാരണമായവള്‍

നാരുകള്‍ ചേര്‍ത്തിട്ട
പച്ചിലത്തുന്നലില്‍
ആദ്യമായ് നാണിച്ചു
വസ്ത്രം ധരിച്ചവള്‍,
ആദിമാതാവെന്നു
പേരിട്ടു നില്‍ക്കിലും
ആദി
പാപത്തിന്‍റെ
കുറ്റം ചുമന്നവള്‍.

രക്തബന്ധുക്കളായ്
മക്കളെ പെറ്റവള്‍,
സ്വന്തം പിതാവിനെ
വേള്‍ക്കേണ്ടിവന്നവള്‍ !

ചോദ്യം വരുന്നേരം
ചൂണ്ടിക്കൊടുക്കവെ,
അച്ഛനപ്പൂപ്പനായ്
അപ്പൂപ്പനച്ഛനായ്.......
ചൂണ്ടാണിത്തുമ്പിലും
ചോര പൊടിഞ്ഞവള്‍

ഒന്നൊന്നായങ്ങനെ
ചിന്തിച്ചിരിക്കില്‍
ഒരന്തമില്ലാത്തവള്‍.....

(04..07..2011)

Saturday, July 9, 2011

ഒരു ചാറ്റുകാരന്‍റെ അന്ത്യം

16

ഒരിക്കല്‍,

കണ്ടതെല്ലാം
പച്ചയായിരുന്നു,
ഞാനും.

പിന്നെപ്പിന്നെ
ചാരനിറം
ഞാന്‍ വാരിപ്പൂശി.

ഇപ്പോള്‍
പലതും ചാരമായപ്പോള്‍
ഒരു പച്ചയ്ക്ക് കൊതിച്ചു...

കണ്ടതെല്ലാം
മഞ്ഞയും, ചുവപ്പും...!!

(02..06..2011)

Tuesday, July 5, 2011

സു-ഡോ-കു

22
ഒടുവിലൊരക്കം,
ബാക്കിയൊരു കളവും.


വരിയിലും നിരയിലുമുണ്ട്
ശേഷിച്ച അക്കം;
അതുമാത്രമില്ല
ചതുരത്തിനുള്ളില്‍

ചേര്‍ക്കാതിരിക്കാനും
എഴുതാനുമാവാതെ
കളത്തിനു പുറത്ത്
തൂലികയും ഞാനും

അകത്ത്,
ഇടം കിട്ടിയവരുടെ
ആഘോഷങ്ങള്‍.
അക്കമെന്നെ നോക്കുന്നു,
അതിന്‍റെ മുഖത്ത്
കമ്പിയില്‍ തൂങ്ങി
നില്‍ക്കുന്ന ഭാവം

ഞാനുമതിനെ നോക്കി,
ഈര്‍ക്കിലാവാം,

ഉലക്കയുമാവാം,
ഒരൊന്നായിരുന്നത് !

ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ,
ഒന്നിനൊന്നോടു മാത്രം
സാമ്യം ചൊല്ലിയിരിപ്പു ഞാന്‍.

അക്കം പിശകാന്‍ കാരണം
തൂലികയോ, തലച്ചോറോ?
എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?

(15..05..2011)

Saturday, July 2, 2011

അസ്തിത്വം

16

ഞാന്‍ കാല്‍ നീട്ടിയപ്പോള്‍
നീയതു തൊട്ടു,
കൈ നീട്ടിയപ്പോള്‍
നീയതു പിടിച്ചു,
എനിക്കു തല ചായ്ക്കാന്‍
നീ ചുമല്‍ വിരിച്ചുതന്നു,
പിന്നെ ഞാന്‍ ഹൃദയം നീട്ടിയപ്പോള്‍
നീയതു വേണ്ടെന്നു പറഞ്ഞു,
അസ്തിത്വമില്ലാത്തവയെ
നിനക്കിഷ്ടമല്ലെന്ന്.

അസ്തിത്വമെന്നാലെന്തെന്ന്
എനിക്കറിയില്ലായിരുന്നു,
ഹൃദയത്തിന് മാത്രമെന്തേ
അസ്ഥിയില്ലാതെ പോയത്?

തിരികെ നടന്നപ്പോഴാണ്
ഞാനതോര്‍ത്തത്‌,
എന്‍റെ ചുണ്ടിനും നാവിനും
അസ്തിത്വമില്ലെന്ന്
ഒരിക്കലും നീ
പറഞ്ഞിരുന്നില്ലല്ലോ എന്ന്.

(10..06..2011)