Wednesday, December 22, 2010

വഴിക്കണ്ണ്

6


വഴിക്കണ്ണു നീളുന്ന -
തവള്‍ മാത്രമറിയുന്നു
മയങ്ങുന്ന കുരുവികള്‍
വിതുമ്പുന്ന രാക്കിളി
തണുക്കുന്ന കിണര്‍വെള്ളം...
മരവിക്കുമത്താഴം...

വഴിക്കണ്ണു നീറുമ്പൊ -
ഴവള്‍ മാത്രമുരുകുന്നു
വൈകുമെന്നൊറ്റ
വരിയ്ക്കൊരു സന്ദേശം...
ഇരുളുന്ന വീഥികള്‍
മങ്ങുന്ന കാഴ്ചകള്‍
കുളിരുന്ന ചാറ്റലില്‍
വഴുക്കുന്ന ചരിവുകള്‍ ‍...!!!

വഴിക്കണ്ണു കടയുമ്പൊ -
ഴവള്‍ മാത്രം പിടയുന്നു
വഴിയില്‍ കുടുങ്ങിയോ...?
കുഴികള്‍ ചതിച്ചുവോ...?
ഇരുളിന്‍റെ മറവുകള്‍ ...
മരനീര്‍ വളയങ്ങള്‍ ...
മാരകവേഗങ്ങള്‍ ‍...
ചുടുചോര... വേദന...

കണ്‍പോള തുടികളായ്...
നെഞ്ചിടം ചെണ്ടയായ്‌
അടിവയര്‍ തീക്കനല്‍
കൈകാല്‍ തരിപ്പുകള്‍
ചുണ്ടിലും നാവിലും -
കാക്കണേ......യീശ്വരാ...
......................................
......................................

വഴിക്കണ്ണു കാണുന്നു...!!!
വഴിക്കണ്ണു തിരയുന്നു...
വഴിക്കണ്ണു കാണുമ്പൊ -
ഴവള്‍ മാത്രമവള്‍ മാത്ര -
മവളായ് തീരുന്നു....
വഴിക്കണ്ണറിയുന്നു...
ആ നിഴല്‍ ജീവിതം,
ആ മുഖം പ്രാണനും...
ആ സ്വരം ശ്വാസവും...

(30.11.2010)

Thursday, December 16, 2010

! ! !

1

സത്യങ്ങള്‍ രണ്ടു തരം -
പ്രിയസത്യങ്ങള്‍, അപ്രിയസത്യങ്ങള്‍...

കള്ളങ്ങളും രണ്ടു തരം -
പ്രിയ കള്ളങ്ങള്‍, അപ്രിയകള്ളങ്ങള്‍....

പ്രിയ സത്യങ്ങള്‍ - എപ്പോഴും പറയാവുന്നത്,
അപ്രിയസത്യങ്ങള്‍ - പറയാതിരിക്കേണ്ടത്.

പ്രിയ കള്ളങ്ങള്‍ - വേണമെങ്കില്‍ പറയാവുന്നത്,
അപ്രിയ കള്ളങ്ങള്‍ - ഒരിക്കലും പാടില്ലാത്തത്.

സന്ദേഹം

0

അവന്‍ പറഞ്ഞു,

അവളുണ്ട്....

നല്ലത്, അവള്‍ ചിരിച്ചു.


അവന്‍ പറഞ്ഞു,

അവളുണ്ട്....

അതും നല്ലത്, എങ്കിലും

അവള്‍ കരഞ്ഞു.


അവന്‍ വീണ്ടും പറഞ്ഞു,

അവള്‍ പോയി....

അവള്‍ക്കറിയില്ലായിരുന്നു,

ചിരിക്കണോ, കരയണോ....??


(15.12.10) 

Wednesday, December 1, 2010

തിരിച്ചറിവ്

2


അറിവുകള്‍ നിന്റെ സ്വന്തം !!
അരിഞ്ഞുകൊടുത്ത ചിറകുകളും...

കതിരും പതിരും തിരിയാതെ
അറിയുന്നത് വെറുതെ.
തിരിച്ചറിയാത്ത അറിവുകള്‍ -
കൊഴിച്ചെടുക്കാത്ത നെന്മണികള്‍.
ഹാ...!  കഷ്ടം...!!!

കാണുന്നതറിയുന്നു
വേറെന്തോ മൊഴിയുന്നു
കയങ്ങളില്‍ മുങ്ങുന്നു
ചുഴികളില്‍ ചുറ്റുന്നു
നിലയുണ്ട് ;
നിലപാടുകള്‍ മാത്രം...

തിരിച്ചറിയാത്ത അറിവുകള്‍
നിലയില്ലാക്കുമിളകള്‍.
നേരറിവുകള്‍ക്കിനിയും
ചെവിയോര്‍ക്കാത്ത കാലം.
വിരാമമെന്നാല്‍ -
ന: ബ്രൂവാത്‌  സത്യമപ്രിയം...!!!

(01.12.2010)

Friday, November 26, 2010

വിരല്‍ത്തുമ്പ്

0

അമ്മിഞ്ഞ തീര്‍ന്നപ്പോള്‍
കിട്ടിയത് വിരല്‍ത്തുമ്പ്
പിച്ച നടന്നപ്പോള്‍
അച്ഛന്റെ വിരല്‍ത്തുമ്പ്
അക്ഷരം കുറിച്ചപ്പോള്‍
നൊന്തതു വിരല്‍ത്തുമ്പ്
ഓടിക്കളിച്ചപ്പോള്‍
തോഴന്റെ വിരല്‍ത്തുമ്പ്
ആദ്യം കടിച്ചത്
അവളുടെ വിരല്‍ത്തുമ്പ്
താലിയ്ക്കു കൂട്ടായ്‌
സിന്ദൂര വിരല്‍ത്തുമ്പ്
കണ്ണീരുറന്നപ്പോള്‍
മെല്ലെത്തുടയ്ക്കുവാന്‍
സ്വന്തം വിരല്‍ത്തുമ്പ്...
ആദ്യ വിരല്‍ത്തുമ്പ്...

(25.11.2010)

Wednesday, November 24, 2010

ഉടഞ്ഞ മണ്‍പാത്രം

0

ഇളനീര്‍ മണക്കുന്ന
അവളുടെ കൈകളില്‍
ഇളംചോപ്പും തണുപ്പും
ചേര്‍ത്തുവച്ചടച്ചപ്പോള്‍
വിരലില്‍ കുറിച്ചു –
“ഇതെന്റെ മനസ്സ്‌...”

അവളുടെ കുസൃതി –
“മണ്ണപ്പം ചുടും ഞാന്‍...”
എന്റെ പുഞ്ചിരി –
“നിനക്കുതന്നു, നിന്റെയിഷ്ടം...”

കാലം കടന്നപ്പോള്‍
അവള്‍ക്കു പ്രണയം
കണ്ണാടിച്ചില്ലുകള്‍

ഇന്നലെ വന്ന പാഴ്‌സല്‍ -
- ഉടഞ്ഞ മണ്‍പാത്രം....!!!
ഒപ്പം കുറിപ്പ്‌ -
‘...കളയാന്‍ തോന്നിയില്ല...’

എന്റെ മനസ്സില്‍
മണ്ണപ്പം ചുട്ടാലും
ഉടയ്ക്കില്ലെന്നു ഞാന്‍...
ഉടച്ചാലും കളയില്ലെന്നവള്‍...
ശരിയാര്...???
തെറ്റേത്...???

 (24.11.2010)

Tuesday, November 16, 2010

വ്യര്‍ത്ഥം

0


വ്യര്‍ത്ഥം -
നിറമില്ലാത്ത ചുവര്‍ചിത്രം
വരകള്‍ മാഞ്ഞ കൈത്തലം
നഖമില്ലാത്ത വിരലുകള്‍
ചിതറിപ്പോയ സൗഹൃദം

(15.11.2010)

കനലറിയാത്ത മഞ്ഞുതുള്ളി

0

കനലറിയാത്ത മഞ്ഞുതുള്ളി


കൂട്ടില്‍ തണുപ്പ്,
ഇരുളും നനവും,
മഞ്ഞുതുള്ളിയ്ക്കും...

കണ്ണീരൊഴുകി -
മഞ്ഞുതുള്ളി അലിഞ്ഞതാണെന്നവര്‍,
വിതുമ്പി വിറച്ചു -
മഞ്ഞുതുള്ളി ചിരിച്ചതാണെന്നവര്‍,
കൂട്ടിലെ ഇരുളില്‍
മുങ്ങിപ്പോയ നിറങ്ങള്‍
നനവില്‍,
പായല്‍ മൂടിയ നൊമ്പരം.
കൂട്ടിനുള്ളില്‍
ചതഞ്ഞ നാരുകള്‍,
മുട്ടത്തോടുകള്‍...

കറുപ്പിനേക്കാള്‍
കറുക്കുന്ന ഇരുള്‍,
കറുത്തതു മഞ്ഞുതുള്ളി.
മുറ്റത്തു വെയില്‍,
വിളര്‍ത്തതും മഞ്ഞുതുള്ളി.
മുട്ടിവിളിച്ചപ്പോള്‍
മുദ്രമോതിരം !
കരളില്‍ അഗ്നിപര്‍വ്വതം,
അതില്‍ ചാരം മാത്രം..

കൂട്ടിലെ തണുപ്പില്‍
ഇരുളില്‍, നനവില്‍,
മഞ്ഞുതുള്ളിയും.

മഞ്ഞലിയില്ല,
വെയിലേല്‍ക്കാതെ.
അലിഞ്ഞുപോയാല്‍
മഞ്ഞില്ലെന്നോ..?
മരവിച്ച മഞ്ഞല്ല,
ജലമാണ് സത്യം,
ജലമാണ് സ്വത്വം..

ഇരുളില്‍ പിടയും മഞ്ഞുതുള്ളി
നനവില്‍ കുതിരും മഞ്ഞുതുള്ളി

ജലമായലിയൂ മഞ്ഞുതുള്ളീ
ഉറവായ്‌ പടരൂ മഞ്ഞുതുള്ളീ
തിരയായ്‌ നുരയൂ മഞ്ഞുതുള്ളീ
കനലായെരിയാനിരിക്കുന്നു ഞാന്‍...

( 15.11.2010)


Saturday, November 13, 2010

മരമെന്നാല്‍....

1

മരം മരമാകുന്നതെപ്പോള്‍...???

മരമെന്നാല്‍
വേരുകളോ ശിഖരങ്ങളോ?

നീ കാണുന്നത്  ശിഖരങ്ങള്‍
ഞാനറിയുന്നത് വേരുകള്‍
വേരില്ലാതെ മരമില്ല
മരമില്ലെങ്കിലും വേരുണ്ടാവും
- അത് വേരു മാത്രം.
മരമെന്നാല്‍ തായ്ത്തടി,
ശിഖരങ്ങളും...
ഞാനറിയുന്നത് വേരുകള്‍ ;
നീയെന്റെ ശിഖരങ്ങള്‍...
നിന്നില്‍ കൂടുകൂട്ടുന്നത്
എന്റെ സ്വപ്‌നങ്ങള്‍...
എന്നില്‍ ചോര പകരുന്നത്
എന്റെ വേരുകള്‍ ;
എന്നെ ഞാനാക്കുന്നത്
എന്റെ ശിഖരങ്ങള്‍...

(12.11.2010)

Wednesday, November 10, 2010

പുകയുന്ന കഥകള്‍

0

പൊരുത്തം

11


പൊരുത്തം

പത്തില്‍ പത്തെന്നവള്‍ 

പത്തിലെട്ടെന്നു പണിക്കര്‍ 

പത്തിലാറെന്നു കൂട്ടര്‍

പത്തില്‍ നാലെന്നമ്മ 

പത്തില്‍ രണ്ടെന്നു മക്കള്‍

പത്തിലൊന്നുമില്ലെന്നു കാലം...


(10.11.2010)

Friday, November 5, 2010

ശ്ലഥചിന്തകള്‍

0
(Photo by Amal)

ചിറകടികള്‍... കൂട്ടം തെറ്റിയ കിളിക്കുഞ്ഞ്
മിഴിയിണകള്‍... കരി പുരളാത്ത ആകാശം
മറുപടിയില്‍... പറന്നുപോയ പ്രണയിനി
മൊഴികളില്‍... വിതുമ്പാന്‍ മടിച്ച വാക്ക്‌
ചുവരുകള്‍ക്കുള്ളില്‍... വരണ്ടുപോയ പ്രണയം
ഇനി ഓര്‍മ്മക്കുറിപ്പുകള്‍... വാക്കുകള്‍ മാത്രം...




(05.11.2010)

വാലുവേണോ...?

1



കട്ടുറുമ്പിന്‍ മുട്ട പട്ടി തിന്നു
പട്ടിയെ പിന്നൊരു പാമ്പു നക്കി
പാമ്പിന്റെ പോട്ടിലൊരാന കേറി
വാലു വേണോ... ആനവാലു വേണോ...?

സാന്ത്വനങ്ങള്‍ പിറക്കുന്നത്...

0


പുരുഷന്‍ സാന്ത്വനങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത്
അവന്റെ നെഞ്ചില്‍.....                            
സ്ത്രീ സങ്കടങ്ങള്‍ മറക്കുന്നത്
വിടര്‍ന്ന നെഞ്ചില്‍ മുഖമണച്ച്.....
അവന്റെ ഹൃദയത്തുടിപ്പുകള്‍
അവളുടെ നിശ്വാസങ്ങള്‍ക്കു താളം.....

സ്ത്രീ സാന്ത്വനങ്ങള്‍ ഒളിപ്പിക്കുന്നത്
അവളുടെ മടിത്തട്ടില്‍.....
മുഖം പൂഴ്ത്തുമ്പോള്‍ പുരുഷനറിയുന്നത്
അലിയുന്ന ദു:ഖങ്ങള്‍.....
പൊഴിയുന്ന വിങ്ങലുകള്‍......

സാന്ത്വനങ്ങള്‍ പിറക്കുന്നത്
അങ്ങനെയാണ്  -
അതൊരു  ചുറ്റിത്തിരിയലാണ് -
അവളുടെ പെണ്‍മണം            
ശ്വാസത്തില്‍ കലര്‍ന്നാല്‍                                  
അവന്റെ നെഞ്ചോളം.....
അവന്റെ ആണ്‍മണം ഉള്ളില്‍ കടന്നാല്‍
അവളുടെ മടിത്തട്ടോളം..... 

(05.11.2010)

താടി

1

മത്തങ്ങാനാണിയ്ക്കു മക്കളില്ലാഞ്ഞിട്ടു
നേന്ത്രയ്ക്ക പോലൊരു ചെക്കനെ വേട്ടവള്‍
പത്തും തികഞ്ഞപ്പോള്‍ പുത്രന്‍ പിറന്നുപോല്‍...
പന്ത്രണ്ടാം മാസത്തില്‍ താടിയും വന്നുപോല്‍...

Sunday, October 31, 2010

അച്ഛനെവിടെ...?

0


എന്നോ മയക്കത്തിലുള്‍ക്കാമ്പു തേങ്ങിയോ
കുഞ്ഞായ്‌പ്പിറക്കാന്‍ കൊതിച്ചു ഞാന്‍ നിന്നുവോ
കണ്ണീര്‍ക്കിനാവായ്‌ കരള്‍ക്കാമ്പിലൂറിയോ
നിന്നോര്‍മ്മ തന്‍ വെറും സങ്കല്പരൂപങ്ങള്‍

നീര്‍പ്പാലകള്‍ പൂത്ത പാതയോരങ്ങളില്‍
പുല്‍നാമ്പുകള്‍ കാറ്റിലാടും വരമ്പിലും
മുള്‍ക്കാടു തങ്ങിടും പാറയിടുക്കിലും
കാതരയായ്‌ നിന്‍ വിരല്‍ത്തുമ്പു തേടി ഞാന്‍

കാല്‍പ്പാടു കാണാതെ പൊള്ളും നിരത്തിലും
കാലൊച്ച കേള്‍ക്കാത്തിടനാഴി വക്കിലും
ചുറ്റും ചിരിക്കാത്ത കണ്‍കള്‍ക്കു മുന്നിലും
സാന്ത്വനമായ്‌ നിന്റെ കൈത്തണ്ട തേടി ഞാന്‍


തിങ്ങിപ്പിളര്‍ക്കാന്‍ വിതുമ്പും വിഷാദവും
നീര്‍ച്ചാല്‍ പതിക്കും കപോലതടങ്ങളും
നെഞ്ചില്‍ പിടയ്ക്കും മഹാമൗനവും നിന്റെ
കുഞ്ഞുതലോടലിന്നായ്‌ കാത്തിരുന്നതും...

നീരറ്റ ഭൂമിയില്‍ നീര്‍പ്രവാഹം പോലെ
കാര്‍മേഘജാലത്തിലേകതാരം പോലെ
വിങ്ങുന്ന വേദനയ്ക്കാശ്വാസമന്ത്രമായ്‌
നീയെത്തിടാനായ്‌ ഞാന്‍ കാത്തിരുന്നതും...

കാണും മുഖങ്ങളില്‍, കാല്‍നഖവെണ്മയില്‍,
നീളുന്ന നോട്ടത്തില്‍, രോമകൂപങ്ങളില്‍,
മങ്ങിത്തെളിഞ്ഞിടും മന്ദഹാസങ്ങളില്‍
നിന്‍ ഭാവമേതെന്നറിയാതിരുന്നതും...

കൊഞ്ചിപ്പുണര്‍ന്നു മടിത്തട്ടിലേറിടാന്‍,
വിമ്മിക്കരഞ്ഞു നെഞ്ചില്‍ മുഖം പൂഴ്ത്തുവാന്‍,
മൂര്‍ദ്ധാവിലിത്തിരി സ്നേഹം നുകര്‍ന്നിടാന്‍,
എത്താത്തതെന്തെ? - യെന്നെന്നിലായ്‌ ചൊല്ലിയും...

കൈപിടിച്ചുള്ളിലെ  ദു:ഖങ്ങളും മോഹ -
ഭംഗങ്ങളും പാദസത്രത്തിനുള്ളിലായ്‌
കൈവിടാന്‍, വര്‍ഷമായ്‌ പെയ്തൊഴിഞ്ഞീടുവാന്‍
എന്തേ വരാത്തതെന്നോര്‍മ്മയില്‍ തേടിയും...

ആ മുഖം, സ്പര്‍ശവും സാന്ത്വനഭാവവും
ശാസിക്കുമാര്‍ദ്രമാം കാരുണ്യകാന്തിയും...
കണ്ടെത്തുമോ പിതൃവാല്‍സല്യഭാവമേ,
കൈകാല്‍ കുഴഞ്ഞു ഞാന്‍ വീഴുന്ന നാളിലും ?

(17.07.1996)

മറന്നത്

0
(Photo by Amal)

പ്രണയം പെയ്തൊഴിഞ്ഞപ്പോള്‍
അവള്‍ പറഞ്ഞിരുന്നു -
"നനവുകള്‍ വറ്റുമ്പോഴും
ഞാന്‍ നിന്നെ മറക്കില്ല ... "

ഞാനന്ന് മൂളി ...
മനസ്സ്‌ പറഞ്ഞു -
ഞാനവളെ  ഓര്‍ക്കില്ലെന്ന് ...

ഇരുപതാണ്ടിനിപ്പുറം
തീവണ്ടിമുറിയില്‍
അവളും കുടുംബവും ...

എതിരെയിരുന്നത്
ഒന്നു കാണാന്‍ ...
കാലത്തിന്റെ കൈപ്പാടുകള്‍
കണ്ടറിയാന്‍ ...

അവളെന്നെ നോക്കി,
-- ഞാനൊരപരിചിതന്‍ ...!!!
ഞാനവളെ നോക്കി,
--  മറക്കാന്‍ കഴിയാതെ
ജീവിതം കളഞ്ഞവന്‍ ...!!!

(24.05.2010)