Sunday, December 30, 2012

ആണരശുനാടുകള്‍

16


ചില നാടുകള്‍
അങ്ങനെയാണ്...

സൂര്യനെല്ലിയും,
കിളിരൂര്‍, വിതുരയും
കവിയൂര്‍, ദില്ലിയും...
മുഖമില്ലയെങ്കിലും
അവയിലെല്ലാമുണ്ട്
മോഹിനീരൂപങ്ങള്‍

ചില നാമങ്ങള്‍
ഇങ്ങനെയാണ്...
ശാരിയും സൗമ്യയും
അനഘയും ജ്യോതിയും...
പൈതങ്ങളെത്രപേര്‍
ജീവന്‍വിടാത്തവര്‍,
പേരറിയാത്തവര്‍,
രൂപമില്ലാത്തവര്‍

ചില നേരങ്ങള്‍
അങ്ങനെയാണ്,
വാമൂടിക്കെട്ടണം
കോലങ്ങള്‍ കത്തണം
കൊടികള്‍ പിടിക്കണം
കണ്ണീര്‍ വെടിയണം

ചില  ചോദ്യങ്ങള്‍
ഇങ്ങനെയാണ്,
നാടുനന്നാകുവാന്‍
ഇനിപ്പിറക്കേണ്ടത്
വാസവദത്തയോ,
ഇനിത്തുറക്കേണ്ടത്
ചുവന്നതെരുവീഥിയോ?

ചില മൗനങ്ങള്‍
എങ്ങനെയെന്നോ...
പാടിച്ചിരിക്കുക,
കണ്ടുരസിക്കുക,
കൊണ്ടുകൂത്താടുക,
കല്ലെടു‍ത്തെറിയുക...
ആഹഹ... ആഹഹ...

(29..12..2012)


Wednesday, December 12, 2012

പിന്‍വിളി

21



കുഴിവെട്ടി മൂടിയെന്‍
ഓര്‍മ്മത്തലയ്ക്കല്‍
മീസാന്‍ കല്ലിന്മേല്‍
കാവലായ്‌ ഞാന്‍

തണുത്ത ഖബറിന്‍
കറുത്ത മണ്ണില്‍
നുരച്ചുനടന്നു
നിന്‍റെ വാക്ക് -
ഓര്‍ക്കുവാന്‍ കൂടി
ഭയമാണെനിക്കെന്ന്‍...

കളിക്കളങ്ങളില്‍
അവളെ മൊഴിഞ്ഞതും,
നെഞ്ചില്‍
വെറുത്ത പക്ഷിതന്‍
തൂവലുകണ്ടതും
ചുണ്ടില്‍
തണുത്ത പാത്രത്തില്‍
വറുതി നുരഞ്ഞതും
മറക്കണം.... നീ
പൊറുക്കുവാനുള്ളവള്‍

എങ്കിലും...
വെളുത്ത കിണ്ണിയില്‍
പുത്തരിക്കഞ്ഞിയില്‍
കറുത്തിരുള്‍മുടി
വലിഞ്ഞുനീളവേ
കരുത്തനായൊരാള്‍
പൊറുത്തുനില്‍ക്കണോ...?

കനത്ത കൈകളില്‍
പിടച്ചുനിന്നതും,
ചുവര്‍വെളുപ്പിലും
മുടിക്കറുപ്പിലും
ഇടിച്ചുവപ്പിന്‍റെ
നീറ്റലുണ്ടായതും
പൊറുക്കണം... നീ
മറക്കുവാനുള്ളവള്‍

ഉയിര്‍ത്തെഴുന്നേറ്റയെന്‍
ഓര്‍മ്മത്തലയ്ക്കല്‍
മീസാന്‍ കല്ലിന്മേല്‍
ഞാനിനിയും...

ഒരൊറ്റച്ചവിട്ടിലെന്‍
ഉണ്ണിയുടഞ്ഞാലും
മുത്തലാക്കെന്നോതി
ഇറക്കിവിട്ടാലും
മുറിച്ചകാലുമായ്
പനിച്ചുതുള്ളവേ
നിനക്കൊരിത്തിരി
അടുത്തിരുന്നൂടെ....?

(01..10..2012)

Monday, December 3, 2012

രൂപാന്തരണം

15


പുലര്‍ച്ചെ
അവളായിരുന്നു
മകനെയുണര്‍ത്തിയത്

പിന്നീട് ബാങ്കില്‍ പോയതും
മലക്കറി വാങ്ങിയതും
ഉച്ചവെയിലില്‍ തിരികെ വന്നതും
കീറലുകള്‍ തുന്നിയതും
പലഹാരമുണ്ടാക്കിയതും
അവളായിരുന്നു

രാത്രിവാര്‍ത്തയില്‍
കുഴല്‍ക്കിണറിലെ കുട്ടിയും
പൊള്ളിക്കരിഞ്ഞ ഭാര്യയും
കാണാതായ മകളും വന്നപ്പോള്‍
അവള്‍ അവളല്ലായിരുന്നു

പാതിരാവരികില്‍
അടുക്കളയൊതുക്കി
ഉറക്കറയിലെത്തുമ്പോള്‍
അവള്‍ വെറും
മിനിമം ബാലന്‍സും
അഴുകിയ തക്കാളിയും
മുക്കാല്‍ക്കിലോ അമര്‍ഷവും മാത്രമായ്

(01..08..2012)