Wednesday, March 30, 2011

ഭാരം

4

പ്രണയം
നിന്നോടു പറയും മുന്‍പ്
ഞാനൊരപ്പൂപ്പന്‍താടിയായിരുന്നു.


ഇന്നലെ നീ പറഞ്ഞു,
നീ എന്നെ
പ്രണയിക്കുന്നുവെന്ന്.


ഇന്ന് നിന്‍റെ മനസ്
എന്‍റെ നെഞ്ചില്‍...


എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.


എനിക്കറിയില്ലായിരുന്നു,
നിന്‍റെ മനസ്സിന്
ഇത്രയും ഭാരമുണ്ടെന്ന്‌.

(30.03.2011)

Sunday, March 27, 2011

കറു(വെളു)പ്പുകള്‍

1


പിറന്ന കാലം,
 
കറുപ്പും വെളുപ്പും മാത്രം.
 
ചിരിക്കുമ്പോള്‍
 
അമ്മയുടെ പല്ല് വെളുത്തിട്ട്,
 
മുലക്കണ്ണു കറുത്തിട്ട്,
 
ചുരന്ന പാല്‍ വെളുത്തിട്ട്,
 
അമ്മക്കണ്ണില്‍ കറുപ്പും വെളുപ്പും...

 
പിച്ചവയ്ക്കുമ്പോള്‍,
 
വെളുത്ത പാലും, വെളുത്ത ചോറും.
 
പിന്നെക്കിട്ടീ,

കറുത്ത സ്ലേറ്റും, കല്ലുപെന്‍സിലും.

 
പച്ച കണ്ടത് മഷിത്തണ്ടില്‍,
 
മഞ്ഞക്കുപ്പായം അമ്മുക്കുട്ടിയ്ക്ക്,
 
നീലക്കണ്ണുകള്‍ ചക്കിപ്പൂച്ചയ്ക്ക്...

 
മീശ പൊടിച്ചപ്പോള്‍
 
ചുവന്ന സ്വപ്‌നങ്ങള്‍,
 
അതില്‍ നിന്റെ ചുണ്ടും നാവും...

 
പിന്നെ കണ്ടതെല്ലാം ചുവപ്പായിരുന്നു,
 
ചുവപ്പു മാത്രം.
 
ചുവന്ന  കൊടികള്‍,
 
ചുവന്ന പുസ്തകങ്ങള്‍,
 
ചുവന്ന വരികളില്‍

ചുവപ്പന്‍ ചിന്തകള്‍‍,

അവ കൊണ്ട് മുറിഞ്ഞപ്പോള്‍
 
ചുവന്ന ചോരത്തുള്ളികള്‍...

 
ഇന്ന്, നിന്റെ കണ്ണിലും
 
കറുപ്പും വെളുപ്പും...

 
എനിക്ക് വേണ്ടത് കറുത്ത കുഞ്ഞ്,
 
അവന്‍ വെളുപ്പെന്നു നീ.
 
എങ്കിലും എനിക്കറിയാം,
 
നമ്മുടെ കുഞ്ഞു ചുവന്നിരിക്കും
 
എനിക്കും നിനക്കും ജനിക്കുന്നതുകൊണ്ട്,
 
നമ്മുടെ രക്തത്തില്‍ പിറക്കുന്നതുകൊണ്ട്.

(26.03.2011)

Friday, March 25, 2011

ഒരു വാക്ക്

3


ആത്മഹത്യാക്കുറിപ്പ് -

" ഞാന്‍ മരിക്കില്ലായിരുന്നു,

ഒരു വാക്ക്,

ഒരേയൊരു വാക്ക്,

നീ പറഞ്ഞിരുന്നെങ്കില്‍,

'പോട്ടെടാ' എന്ന്... "


(26.03.2011)

Wednesday, March 23, 2011

ഹൃദയമില്ലാത്തവര്‍

12


ചിലത് കാണുമ്പൊഴോര്‍ക്കും,

മരമായിരുന്നെങ്കില്‍,

ചിലത് കേള്‍ക്കുമ്പോള്‍

കല്ലായിരുന്നെങ്കില്‍


എനിക്കും നിനക്കും അവനും

അര്‍ഹതയില്ലാത്ത ഭൂമി.
    
നിലപാടു വേവുമ്പോള്‍

കാലുറയ്ക്കാത്ത കാഴ്ചപ്പാടുകള്‍

കര്‍മ്മം പരദൈവങ്ങള്‍ക്ക്,

പഞ്ഞമില്ലാത്തത് 

ദുര്‍ന്നിമിത്തങ്ങള്‍ക്ക്
   
നിലയ്ക്കാത്ത ചലനങ്ങള്‍,

കടലെടുത്ത ജന്മങ്ങള്‍‍,

തിരവിഴുങ്ങും അണുകുടീരങ്ങള്‍ 


ശ്വസിച്ച വായുവില്‍

നീയും ഞാനും പൊടിഞ്ഞുതീരവേ
   
ഇനി ഭൂമിക്കവകാശികള്‍

കല്ലും മരവും,

ഹൃദയമില്ലാത്ത പ്രാണികളും മാത്രം.


(22.03.2011)

ഉത്തരമില്ലാതെ

2

ആപേക്ഷികം,

ഉദയവും, അസ്തമയവും.

ഭൂമി തിരിയുമ്പോള്‍ അസ്തമയം.


അച്ചുതണ്ടില്ലാതെ

ഞാനിടം തിരിയുമ്പോള്‍

പിന്നിലാളുന്നത് നീ !

എരിഞ്ഞുതീരുന്നതും നീ !


തൂവല്‍ കരിഞ്ഞത്

മുന്‍പേ പറന്ന പക്ഷികള്‍ക്ക്.   


കണ്ണിരുളില്‍

ചുര മാന്തുന്ന ചിന്തകള്‍ -

ആദ്യം ജനിച്ചതാര് ?

ഉദയമോ അസ്തമയമോ?

ഭൂമിയോ സൂര്യനോ?

പ്രാണനോ വായുവോ?

നീയോ ഞാനോ?   

(22.03.2011)

Monday, March 21, 2011

വര

4

നേരേ വരയ്ക്കാന്‍

അമ്മ പഠിപ്പിച്ചു,

വട്ടം വരയ്ക്കാന്‍

മാഷും പഠിപ്പിച്ചു,

എന്നാലും

നിന്നെ ഞാന്‍ മറക്കില്ല,

കാരണം

കുത്തിവരയ്ക്കാന്‍

എന്നെ പഠിപ്പിച്ചത്

നീയാണ്,

നീ മാത്രം.


(221.03.2011)

തോല്‍വി

1

പ്രയാണം

തോറ്റങ്ങള്‍ക്ക്,

തോറ്റവര്‍ക്ക്,

തോല്‍പ്പിക്കപ്പെട്ടവര്‍ക്ക്.  


 ഉരുളാത്ത ജപമാലമണികള്‍ 

ഉരുക്കഴിക്കാന്‍ മറന്ന മന്ത്രങ്ങള്‍,

വിരലുകള്‍ക്കിടയില്‍, നാവിലും.


തോല്‍വി തിരശ്ചീനം,

അതാരോടും ഏറ്റുമുട്ടുന്നില്ല.

തോറ്റവര്‍ നിശ്ചലം,

അവരുടെ കണ്ണുകള്‍ ഉറഞ്ഞുപോയത്.


ഇനി പ്രണാമം,

കോമ്പല്ലുള്ള കിനാവുകള്‍ക്ക്,

തീയില്‍ക്കുരുക്കുന്ന പകലുകള്‍ക്ക്‌,

വിരല്‍ ഞൊടിക്കുമ്പോള്‍ 

ഉരുകിത്തീരുന്ന മെഴുകുതിരികള്‍ക്ക്.


ഇനിയും,

 പ്രണാമം -

അന്യംനിന്ന വാക്കുകള്‍ക്ക്...


(21.03.2011)

സങ്കടം

2എല്ലാരും ചിരിച്ചു,

നിന്നോടു പറഞ്ഞപ്പോള്‍

നീയും ചിരിച്ചു,

ഇനി

എനിക്കെന്തിനാ.... 

                                                                                        (21.03.2011)

Thursday, March 17, 2011

എന്നിട്ടും...

4

പെണ്ണേ,

നിന്റെ നിശ്വാസം

കാര്‍ബണ്‍ഡയോക്സൈഡ് ;

നിന്റെ ചുംബനം

സലൈവ ;

നീ വിയര്‍ക്കുന്നത് 

അഴുക്കും, ഉപ്പും ;

ആമാശയത്തില്‍

ഹൈഡ്രോക്ലോറിക്കാസിഡ് ;

കുടലിനുള്ളില്‍ വിസര്‍ജ്യങ്ങള്‍ ;

അശുദ്ധരക്തവും

ഒഴുകുന്ന സിരകള്‍ ;

പിന്നെ ചെവിക്കായവും, കണ്ണീരും...

എന്നിട്ടുമെന്തേ,

എനിക്ക് നിന്നെ 

അറയ്ക്കാത്തത് ???
   
(17.03.2011)

പുനര്‍ജന്മം

1

ഓര്‍മ്മകള്‍ക്കക്കരെ 

ശ്വാസത്തിനപ്പുറം
 
 ഉണ്ടെന്നുമില്ലെന്നും--
 
ഒരു പുനര്‍ജന്മം !!


ഇലയായ്, പുഴുവായ്,

നരിയായ്, കിളിയായ്,

പാമ്പായുറുമ്പായ്   

-- അറിയാത്ത ജന്മങ്ങള്‍


അവിടെയില്ലാത്തത് ,

ഓര്‍മ്മകള്‍ !!


പുനര്‍ജന്മമുണ്ടെങ്കില്‍

എനിക്കോര്‍മ്മകളാവണം,

നനവുള്ള, നിറവുള്ള

മണമുള്ള ഓര്‍മ്മകള്‍ -

നിന്നെക്കുറിച്ച്....
  
 (17.03.2011)

Wednesday, March 16, 2011

മാറ്റം

1


പ്രിയാ...

നീയെന്റേതായിരുന്നപ്പോള്‍ 

കത്തുകള്‍ ഞാന്‍ പൂട്ടിവച്ചു,

അവയെല്ലാം തുടങ്ങുന്നത്

'പ്രിയ' പ്പെട്ട.... എന്നായിരുന്നു


നോട്ട്ബുക്ക് ഞാനൊളിപ്പിച്ചു,

അതിന്റെ പുറംചട്ടയില്‍  

'പ്രിയ' എന്ന പേരുണ്ടായിരുന്നു


അമ്മ സാരിവാങ്ങി വന്നപ്പോള്‍

'പ്രിയ' യെന്നെഴുതിയ കവര്‍ കണ്ട് 

ഞാന്‍ ഞെട്ടി...


പ്രിയം പറയുന്ന പാട്ടുകള്‍ കേട്ട് 

ഞാന്‍ ചാനലുകള്‍ മാറ്റി


ഇന്നലെ.... നീയെന്നെ വിട്ടുപോയി....


ഇന്നു രാവിലെ,

ഞാന്‍ പ്രിയ സോപ്പുവാങ്ങി,

പ്രിയ ടൂത്ത് ബ്രഷ് വാങ്ങി,

പ്രിയ ബനിയന്‍ വാങ്ങി,

പ്രിയ പേന വാങ്ങി....

ഞാനിപ്പോള്‍ നിരത്തിലാണ്,
    
പ്രിയ ചെരിപ്പുകളും ജെട്ടികളും തേടി....

(16.03.2011)

ആഗ്നേയം

0


പ്രണയം

കാറ്റുപോലെയല്ല,

മഞ്ഞുപോലെയല്ല,

നിന്നെപ്പോലെയുമല്ല


പ്രണയം... അഗ്നിയാണ്

-ദൃശ്യം-

പകല്‍ക്കാഴ്ച്ചയില്‍ സുന്ദരം,

ഇരുള്‍ക്കിടക്കയില്‍ മാദകം,

പടര്‍ന്നാളുമ്പോള്‍ വന്യം


പ്രണയം... ഇളംതീയാണ്

-സാമീപ്യം-

മരവിച്ച മനസ്സുകള്‍ക്ക്

തണുത്തുറഞ്ഞ കിനാവുകള്‍ക്ക്

ഉരുകിയെത്താത്ത നോവുകള്‍ക്ക്‌


പ്രണയം

-സ്പര്‍ശം-

വിരലൊന്നു നീട്ടിയാല്‍,

മുടിയൊന്നു പാറിയാല്‍,

അരികിലേയ്ക്കെത്തിയാല്‍

പൊള്ളും, കരിയും, വരളും....

പ്രണയം അഗ്നിയാണ്.


ശേഷം

കരിഞ്ഞുപോയതും

കറുത്തിരുണ്ടതും   

വരണ്ടുവിണ്ടതും

ഞാന്‍...


എരിഞ്ഞുതീര്‍ന്നതോ 

നീ...

( ആദ്യവരികള്‍ക്ക് കടപ്പാട് : 'പുലിനി'  - Short Film by Pampally )
(16.03.2011)
     

Thursday, March 3, 2011

ആകാശമില്ലാതെ

5


നീ മാത്രമിത്രമേലായത്തിലാടവേ
നീ മാത്രമാകാശസീമകടക്കവേ
നീളമില്ലാത്തൊരെന്നൂഞ്ഞാല്‍ച്ചരടുമായ് 
നീ പോയ കാറ്റൊലി കേട്ടുനില്‍ക്കുന്നു ഞാന്‍

കാരില മൂടിയ മാന്തോപ്പിനപ്പുറം
ഞാനിരുന്നാടീ തനിച്ചെന്റെയൂയലില്‍ 
മേഘത്തിനക്കരെ പോയ്‌മറഞ്ഞെങ്ങു നീ 
താരക്കുരുന്നുകള്‍ വാരിക്കളിക്കാനോ... 


നീ മേലെയില്ലാതെ, നീ കൂടെയെത്താതെ  
നീ മാത്രമായത്തിലാടിയൊരൂഞ്ഞാലും,
നീറിച്ചുവക്കും ഇരുള്‍ക്കൊമ്പില്‍ നിശ്ചലം,
നിന്‍ ഗന്ധവും എന്റെ പിന്‍വിളിത്തേങ്ങലും....താഴേയ്ക്കു പോരുന്നൊരൂഞ്ഞാലിലിത്തിരി
വെണ്‍മേഘതുണ്ടങ്ങള്‍ പാറിപ്പറന്നുപോയ്‌...
ഞാനീ നിലാവില്‍ കരള്‍നട്ടിരിക്കുന്നു,
നീയായ്പ്പറക്കുന്നതെപ്പൊഴും കാണുവാന്‍


(03.03.2011) 

നിനക്കു മാത്രം

5

ആര്‍ക്കുമാവും,

നിന്നെ കരയിക്കാന്‍,

ചിരിപ്പിക്കാന്‍

കൊതിപ്പിക്കാന്‍,

നിന്റെ കൂടെ കഴിയാന്‍,

ചേര്‍ന്നു നടക്കാന്‍

നിന്നെ തൃപ്തനാക്കാന്‍ 


എന്നാല്‍,

 നിനക്കു മാത്രമേ കഴിയൂ

.............................

എന്നെ നോവിക്കാന്‍

(03.03.2011)