Tuesday, April 21, 2015

പുഴയുരുക്കം

22


കിണറിനുള്ളില്‍
ഒരു പുഴയൊഴുകുന്നുണ്ട്

വലയങ്ങള്‍ക്കുള്ളില്‍
അലകളൊതുക്കി,
കരിങ്കല്‍മടക്കില്‍
ചിറകുകളുടക്കി
തളരുന്നുണ്ടൊരു പുഴ

തൊട്ടിക്കയറിലൂടെ
കയറിപ്പോകുന്നുണ്ട്
പുഴയുടെയാത്മാക്കള്‍
കപ്പിക്കരച്ചിലില്‍
ചിതറിപ്പോകുന്നുണ്ട്
വേവിന്‍ തേങ്ങലുകള്‍

നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന്‍ നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ

കരളിന്‍ കാണാച്ചുവരുകള്‍ക്കുള്ളില്‍
ഒരു പുഴ തിളയ്ക്കുന്നുണ്ട്

തൊടിയാഴങ്ങളില്‍ മാറിടമുരഞ്ഞ്
ദുരിതക്കിണറിന്നതിരുകള്‍ക്കുള്ളില്‍
കുഴയുന്നുണ്ടൊരു പുഴ

സമയം വറ്റിത്തീരുമ്പോള്‍
മരണക്കിണറിന്‍ ചരിവുകള്‍ക്കുള്ളില്‍
പിടയുന്നുണ്ടൊരു പുഴ

കിണറിനുള്ളില്‍
ഒരു പുഴ തകരുന്നുണ്ട്...

(20.01.2015)