Tuesday, November 12, 2013

കൊട്ടുവടി

35
​​
​​


ഏതുസമയത്തുമെടുക്കാനായ്
മുറിയുടെ മൂലയ്ക്കിരിപ്പുണ്ട്
ഒരു വടി

ഇടത്തേയ്ക്കൊന്നു നീങ്ങുമ്പോള്‍
വടി കൊണ്ടെനിക്കൊരു കൊട്ടുകിട്ടും,
വലത്തേയ്ക്കൊന്നു ചാഞ്ഞാലോ
വടിയാല്‍ തലയ്ക്കൊരു മുട്ടുകിട്ടും,
വെറുതേയിരിക്കും നേരമെല്ലാം
വടിയെന്നെ നോക്കിച്ചിരിച്ചിരിക്കും

വളയ്ക്കാനൊക്കില്ലാ വടി,
ഒടിക്കാനൊക്കില്ലാ വടി,
തട്ടും മുട്ടും കിട്ടുമ്പോള്‍
തടയാന്‍ പറ്റില്ലാ വടി

ഇന്നും നാളെയുമെന്നെന്നും
സമയം തെറ്റെന്നോര്‍മ്മിക്കാന്‍
മൂലയ്ക്കിരിപ്പുണ്ടാ വടി

തെക്കോട്ടോടും സൂചികള്‍
വട്ടം ചുറ്റി വരുന്നേരം
ഓരോന്നോതിയിടയ്ക്കിടെ
വടി കൊണ്ടോങ്ങുവാന്‍ നീയും...

(07..11..2013)


Saturday, November 9, 2013

അകപ്പെട്ടുപോയവര്‍

16

മറുകര തേടിപ്പോയിരുന്നു
നീലക്കായല്‍ത്താരയില്‍
ഞാനും നീയും നാമും

സ്നേഹപ്പായ്‌വഞ്ചിക്കകം
കണ്ണില്‍ കണ്ണായ് നമ്മള്‍;
കാണാത്തോണിപ്പടിമേലേ
എന്റെ മാറാപ്പായ്‌ നീയും
നിന്റെ മാറാപ്പായ്‌ ഞാനും ​

തോരാക്കണ്ണീര്‍പ്പെയ്ത്തില്‍
തോണി നിറഞ്ഞിട്ടും
നെടുനിശ്വാസക്കാറ്റില്‍
വീശിയുലഞ്ഞിട്ടും
നിന്നെക്കളയാതെ ഞാനും
എന്നെക്കരുതുവാന്‍ നീയും

​മറുകരയെത്താതായപ്പോള്‍
തീക്കാറ്റൂതിയടിച്ചപ്പോള്‍
അഴിമുഖമോടിയടുത്തപ്പോള്‍,
ഒന്നും രണ്ടും ചൊല്ലാതെ
മുന്നും പിന്നും നോക്കാതെ
തോണിയില്‍ നമ്മെയുപേക്ഷിച്ച്
കൈകോര്‍ത്തങ്ങനെ നീന്തി
നീയും ഞാനും മാത്രം

നേരം മങ്ങും നേരത്ത്‌
തീരം പുല്‍കാനോരത്ത്
കാണാകുന്നതിനപ്പുറം -​
ആഴക്കടലിന്‍ ശൂന്യത
മോഹക്കണ്ണിന്‍ ​വശ്യത...
നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള്‍ !!!​

(07..11..2013)