Tuesday, April 21, 2015

പുഴയുരുക്കം

22


കിണറിനുള്ളില്‍
ഒരു പുഴയൊഴുകുന്നുണ്ട്

വലയങ്ങള്‍ക്കുള്ളില്‍
അലകളൊതുക്കി,
കരിങ്കല്‍മടക്കില്‍
ചിറകുകളുടക്കി
തളരുന്നുണ്ടൊരു പുഴ

തൊട്ടിക്കയറിലൂടെ
കയറിപ്പോകുന്നുണ്ട്
പുഴയുടെയാത്മാക്കള്‍
കപ്പിക്കരച്ചിലില്‍
ചിതറിപ്പോകുന്നുണ്ട്
വേവിന്‍ തേങ്ങലുകള്‍

നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന്‍ നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ

കരളിന്‍ കാണാച്ചുവരുകള്‍ക്കുള്ളില്‍
ഒരു പുഴ തിളയ്ക്കുന്നുണ്ട്

തൊടിയാഴങ്ങളില്‍ മാറിടമുരഞ്ഞ്
ദുരിതക്കിണറിന്നതിരുകള്‍ക്കുള്ളില്‍
കുഴയുന്നുണ്ടൊരു പുഴ

സമയം വറ്റിത്തീരുമ്പോള്‍
മരണക്കിണറിന്‍ ചരിവുകള്‍ക്കുള്ളില്‍
പിടയുന്നുണ്ടൊരു പുഴ

കിണറിനുള്ളില്‍
ഒരു പുഴ തകരുന്നുണ്ട്...

(20.01.2015)

22 Response to പുഴയുരുക്കം

April 21, 2015 at 12:03 PM

നെഞ്ചോളങ്ങളില്‍ വിങ്ങുന്നൊരു പുഴ

April 21, 2015 at 2:50 PM

കരളിന്‍ കാണാച്ചുവരുകള്‍ക്കുള്ളില്‍
ഒരു പുഴ തിളയ്ക്കുന്നുണ്ട്

April 21, 2015 at 4:50 PM

തകരുന്ന പുഴ ........

April 21, 2015 at 7:10 PM

സങ്കടപ്പുഴ

April 21, 2015 at 7:29 PM

ഞങ്ങടെ കിണറിൽ ഒരു പൊട്ടൻ തവള പോലുമില്ല

April 21, 2015 at 7:38 PM

നിധികാക്കുന്ന ഭൂതത്താന്മാര്‍ പുഴയെ ആഴത്തിലേക്ക് ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നു!
ആശംസകള്‍

April 21, 2015 at 7:44 PM

കരളിനുള്ളിൽ തകരുന്ന പുഴ

April 21, 2015 at 8:36 PM

Yes.കരളിനുള്ളിൽ ഒരു പുഴയുണ്ട്

April 21, 2015 at 9:01 PM

പ്രയാസങ്ങളിലൂടെയൊരു പുഴ.
കവിത നന്നായി.

April 21, 2015 at 9:26 PM

കിണറിനുള്ളില്‍
ഒരു പുഴ തകരുന്നുണ്ട്

April 21, 2015 at 9:39 PM

വേദനകള്‍ ഒഴുക്കിന്‍റെ ശക്തി കൂട്ടും...

April 21, 2015 at 11:48 PM

തൊട്ടിക്കയറിലൂടെ
കയറിപ്പോകുന്നുണ്ട്
പുഴയുടെയാത്മാക്കള്‍ഽ/////നല്ല ഇഷ്ടം!!!!

April 22, 2015 at 12:25 AM

ഒരു പുഴയുടെ രോദനം

April 22, 2015 at 12:26 AM

ഒരു പുഴയുടെ രോദനം

April 22, 2015 at 4:14 PM

കിണറിനുള്ളില്‍ ഒന്നല്ല ഒരായിരം പുഴകളുണ്ട്...പുരാവൃത്തങ്ങളിലെവിടെയോക്കെയോ കനക്കുന്ന കദനത്തിന്റെ,കുന്നായ്മകളുടെ ,കല്ല്‌ വച്ച നുണക്കിലുക്കങ്ങളുടെ,സാന്ധ്യ രാഗം മൂളും പ്രണയ വര്‍ണ്ണങ്ങളുടെ ......!! ഇന്നിപ്പോള്‍ പ്രാണന്‍റെ അവസാന തുള്ളിയും ചുടു നെഞ്ചില്‍ നിന്നൂറ്റപ്പെടവേ,പിടപിടക്കുന്ന അവസാന ശ്വാസത്തിന്‍റെ തിരിച്ചുകിട്ടാത്ത മിടിപ്പുകളും ....! നല്ലൊരു കവിതയ്ക്ക് ആശംസകള്‍ !

April 23, 2015 at 6:03 PM

പുഴ കിണറായി.
കിണർ കുഴലായി
വെള്ളമില്ലെന്നായി
ജീവിതം ദാഹമായി.

April 23, 2015 at 9:15 PM

വരികള്‍ക്കിടയിലും അവസാനശ്വാസത്തിനായ് പിടയുന്നുണ്ടൊരു പുഴ..
നല്ല വരികള്‍

April 24, 2015 at 11:41 AM

കിണറിനെ വട്ടത്തിലുള്ള പുഴയെന്നുവിളിച്ചാല്‍ ഞാള് പുഴയെ നീളത്തിലുള്ള കിണറെന്നും വിളിക്കും...

April 26, 2015 at 12:27 AM

വലയങ്ങൾ പൊട്ടിച്ച്, കരിങ്കൽ ഭിത്തികൾ തകർത്ത് പെൺകിണറുകൾ പുറത്തേക്കൊഴുകുന്ന കാലം വരിക തന്നെ ചെയ്യും. പക്ഷേ അന്നൊഴുകാനായി പുഴവഴികളിലും പച്ചപ്പും ഉണ്ടാവുമോ എന്നുമാത്രം സംശയം.

April 26, 2015 at 7:11 PM

ഉറവകളിലേക്ക് തിരിച്ചൊഴുകുവാൻ പോലുമാകാത്ത ഒരു ജീവിതപ്പുഴ

June 6, 2015 at 1:21 AM

പുഴയുരുകണം..
വാ മൂടി അമ്പിളി വട്ടം നിഷേധിച്ച്
ഉരുള്‍ താളവും തൊട്ടിയുടെ ആയങ്ങളും കവര്‍ന്ന്‍
ഒഴുക്കിന്‍റെ മേല്‍പ്പുതപ്പില്‍ ശ്വാസം മുട്ടി
പുഴയുടെ ആധാരങ്ങളില്‍ ആകാശം തേടി
ഇരുള്‍ കായുന്നുണ്ട് അനേകം കിണറുകള്‍...

March 10, 2016 at 12:03 PM

നീണ്ടുനിവര്‍ന്നാല്‍ മേലാപ്പില്‍
അമ്പിളിവട്ടം ആകാശം,
പൂണ്ടുകിടക്കാമെന്നാലോ
ഭൂമിപ്പെണ്ണിന്‍ നെടുവീര്‍പ്പും,
കരയാനാവില്ലൊരു നാളും,
കലരും കണ്ണീർ തെളിനീരിൽ .
താളത്തിൽ ചൊല്ലാൻ പറ്റുന്നുണ്ട് :-)

Post a Comment