Saturday, December 17, 2011

മീശക്കാരി

28

പെണ്ണിനു മീശയില്ലെന്നു പറഞ്ഞവന്‍
നിന്നെക്കാണണം പെണ്ണേ,
കണ്‍പുരികങ്ങളില്‍ നിനക്കില്ലേ
നല്ലൊരുജോഡി കട്ടിമീശ...!

ചൂണ്ടുവിരല്‍ത്തുമ്പത്ത്
താമരയുഴിഞ്ഞപ്പോള്‍,
കാല്‍മുട്ടുചിരട്ടയില്‍
തീവെട്ടിയെരിഞ്ഞപ്പോള്‍,
മീശ വിറപ്പിച്ചല്ലേ നീയെന്നെ
വീണപൂവാക്കിത്തീര്‍ത്തത്?

ഇടതുചെവിമടക്കിനുള്ളില്‍‌,
നാലാമത്തെ വാരിയെല്ലില്‍,
നട്ടെല്ലിനരികിലെ കുഴികളിലാണ്‌
നിന്‍റെ 'നീ'യെന്നു പറഞ്ഞപ്പോള്‍,
പ്രണയം മൂര്‍ച്ഛിച്ച ഒന്‍പതാം
മരണത്തിന്‍റെമണമറിഞ്ഞു ഞാന്‍.

ആറാമിന്ദ്രിയം വരെ
ആടിയുലഞ്ഞു നീ നില്‍ക്കവേ,
തോരാനിട്ടിരിക്കുന്നു ഞാന്‍
ഹൃദയത്തിന്‍റെ കുപ്പായം...
ചുളി വീണുപോയതും നോക്കി
ഉറങ്ങാനൊക്കാതിരിക്കുന്നു ഞാന്‍...

(04.10.2011)

*  പ്രണയത്തിന്‍റെ അവസ്ഥകള്‍ ഒന്‍പതെണ്ണം ആണെന്ന് ശാസ്ത്രം.  അവ യഥാക്രമം - 1. ചക്ഷുപ്രീതി, 2. മനസ്സംഗം, 3. നിദ്രാഛേദം, 4. ശരീരകാര്‍ശ്യം, 5. ലജ്ജാനാശം, 6. വിഷയനിവൃത്തി, 7. ഉന്മാദം, 8. മൂര്‍ഛ, 9. മരണം ഇങ്ങനെയാണ്.

28 Response to മീശക്കാരി

December 17, 2011 at 3:13 PM

ആറാമിന്ദ്രിയം വരെ
ആടിയുലഞ്ഞു നീ നില്‍ക്കവേ,
തോരാനിട്ടിരിക്കുന്നു ഞാന്‍
ഹൃദയത്തിന്‍റെ കുപ്പായം...

നല്ല വരികള്‍ ...
കുറച്ചു കാലത്തിനു ശേഷം ശ്രീമതി സോണിയുടെ ഒരു സൂപ്പര്‍ കവിത ..
ഇഷ്ടമായി
എല്ലാവിധ ആശംസകളും

December 17, 2011 at 3:20 PM

സോണിചെച്ചീ..ഞാന്‍ ആദ്യമായിട്ട് അഭിപ്രായം എഴുതുകയാണ് ഈ ബ്ലോഗില്‍...
നല്ല ഒരു ചെറിയ വിഷയം..
പക്ഷെ, അതിന്റെ ആഴമോ..വളരെ വലുത്............
Keep it up.........

December 17, 2011 at 3:26 PM

മീശ വിറപ്പിച്ചല്ലേ നീയെന്നെ
വീണപൂവാക്കിത്തീര്‍ത്തത്? (ലജ്ജാനാശം)
നല്ല കവിതയ്ക്ക് നല്ല ആശംസകള്‍....

പ്രണയത്തിന്‍റെ അവസ്ഥകള്‍ ഒന്‍പതെണ്ണം അല്ല പത്താണ്. പ്രണയത്തിന്റെ ദശാവസ്ഥകളുടെ വ്യാഖ്യാനം അറിയുവാന്‍ തിരോന്തരം പുപ്പുലിയുടെ ബ്ലോഗ് സന്ദര്‍ശിക്കുക.

http://rajagopaltvm.blogspot.com/2010/02/blog-post.html

December 17, 2011 at 3:30 PM

ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ കുപ്പായം കൂടെ കൊണ്ട് പോയെങ്കില്‍..!!!

December 17, 2011 at 3:50 PM

വഴിച്ചെഴുതുതുന്ന പെണ്‍പുരികങ്ങളുടെ
ഇടയില്‍ കലര്‍പ്പില്ലാത്ത പുരികമീശയുള്ള
കവിത..
ആശംസകള്‍,
നന്മകള്‍..

December 17, 2011 at 3:58 PM

എന്താപ്പോ പറയാ ....
ഒന്നും പറയാനും അറിയില്ല നിക്ക് ...
ന്നാലും എന്തെങ്കിലും ഒക്കെ പറയേം വേണം ...
സംഗതി കൊള്ളം കൊള്ളി ചേച്ചി (സംഗതി എന്ന് പറഞ്ഞാല്‍ സരത്തിന്റെ അതെ സംഗതി, അതാവുമ്പോള്‍ ആര്‍ക്കും അറിയില്ലാലോ എന്താ ഉദേശിച്ചത് എന്ന് )

December 17, 2011 at 4:11 PM

ഹൊ മീശ
ചിന്ത കൊള്ളാം

December 17, 2011 at 4:27 PM

മീശക്കാരീ ..നിനക്ക് ഈ മീശക്കാരന്റെ എല്ലാ ഭാവുകങ്ങളും.

December 17, 2011 at 5:04 PM

നല്ല കവിത സോണി.അഭിനന്ദനങ്ങള്‍

December 17, 2011 at 5:30 PM

നന്നായിട്ടുണ്ട്.
മീശകാട്ടി വിരട്ടുന്ന വരികള്‍.
തരുന്നു തെല്ലു വേദനയുള്ളില്‍.
എങ്കിലും ഉള്ളില്‍ ചോദ്യമവശേഷിക്കുന്നു
ക്ഷതമേല്പ്പിക്കാനായവന്‍... ആര്?

December 17, 2011 at 6:49 PM

ഇടതുചെവിമടക്കിനുള്ളില്‍‌,
നാലാമത്തെ വാരിയെല്ലില്‍,
നട്ടെല്ലിനരികിലെ കുഴികളിലാണ്‌
നിന്‍റെ 'നീ'യെന്നു പറഞ്ഞപ്പോള്‍,
പ്രണയം മൂര്‍ച്ഛിച്ച ഒന്‍പതാം
മരണത്തിന്‍റെ* മണമറിഞ്ഞു ഞാന്‍....

ഞാനിപ്പോ ഒമ്പതില്‍ ഏതവസ്ഥയിലാണാവോ പടച്ചോനെ..?

മീശക്കാരിക്ക് ആശംസകള്‍..

December 17, 2011 at 7:39 PM

കവിത നന്നായി
ഒപ്പം പ്രണയത്തിന്റെ അവസ്ഥയെ പറഞ്ഞു തന്നതിന് നന്ദി
ആശംസകള്‍

December 17, 2011 at 9:19 PM

നന്നായി

December 17, 2011 at 11:26 PM

പ്രണയത്തിന്റെ അവസ്ഥ ഇപ്പോഴാ അറിഞ്ഞത്... ഇനി ദൈര്യതോടെ ഒരു കയ്യ് നോകാലോ...

കവിത നന്നായിട്ടുണ്ട്.. വിഷയവും ഗംഭീരം... നല്ല കവിതയ്ക്ക് ആശംസകള്‍...

December 18, 2011 at 1:25 AM

ഒരു മീശയുള്ള കവിത..ആശംസകള്‍..

December 18, 2011 at 7:06 PM

ആസ്വാദനം പൂര്‍ണ്ണമായില്ല. മനസ്സിലാകാതെ എന്തെങ്കിലും പറയുക വയ്യല്ലോ.

December 19, 2011 at 1:48 AM

മീശക്കവിത ഇഷ്ടമായി പെൺപർവ്വത്തിന് ആശംസകൾ.... !!

December 19, 2011 at 9:47 AM

പ്രണയത്തിന്‍റെ അവസ്ഥകള്‍ പറഞ്ഞു തന്നതിനു നന്ദി ..
കവിതയ്ക്ക് ആശംസകള്‍

December 19, 2011 at 12:58 PM

കൂടുതല്‍ ഞാന്‍ ശ്രദ്ധിച്ചത് പ്രണയത്തിന്റെ അവസ്ഥകളെ ആണ്

December 21, 2011 at 2:14 PM

വല്ലാത്ത ദുർഗ്രഹതയുണ്ടീ കവിതയ്ക്ക്. വായനയ്ക്കപ്പുറത്തെ തലത്തിലേക്ക് എന്നെ കൊണ്ടു പോകാൻ,വായനയിലൂടെ പറ്റുന്നില്ല. യദാർത്ഥത്തിൽ വരികൾക്കപ്പുറത്തെ സന്ദേശം ഒളിച്ചും മറച്ചുമാണു കവിത എഴുതിയിരിക്കുന്നത്.
വിധേയത്വമേറെയുള്ള ഒരു സ്ത്രീയെയും, അതിനു കടക വിരുദ്ധമായ സ്വത്വമുള്ള മറ്റൊരു സ്ത്രീയെയും ഇതിൽ കാണുന്നു. എന്നാൽ പ്രണയത്തിന്റെ ഒൻപതാം അവസ്ഥ മരണമാണെങ്കിൽ, ഒൻപതാം മരണത്തിന്റെ മണമറിഞ്ഞു എന്ന് പറഞ്ഞത് ശരിയായില്ലെന്ന് തോന്നുന്നു. മരണത്തിന്റെ മണമറിഞ്ഞു എന്ന് പറയാം.
ദുർബ്ബലയായ പെണ്ണിനു മീശയില്ലെങ്കിലും ശക്തമായി പ്രതികരിക്കാമെന്നും, അതിനു പുരികം മീശയാക്കി നേരിടാനൊരുങ്ങണമെന്നുമൊക്കെ സന്ദേശമുള്ളതായി തോന്നുന്നു. ഇത് നല്ല വായനാ സുഖം പകർന്നെങ്കിലും അർത്ഥതലത്തിന്റെ വ്യാപ്തി അളന്നെടുക്കാനാകാത്തതു കൊണ്ട് നിരാശാ ബോധമാണുള്ളതിപ്പോൾ.
കവിതയെഴുതുക കവിയുടെ നിയോഗം.അത് വിശദീകരിക്കുക എന്നത് കവിയുടെ ദുര്യോഗം.ക്ഷമാപൂർവ്വം ആ ദുര്യോഗം സ്വീകരിക്കാൻ അപേക്ഷ.
സ്നേഹപൂർവ്വം വിധു

December 26, 2011 at 12:29 AM

@ വിധു ചോപ്ര..
ആദ്യമായാ എഴുതിയ ഒന്നിന് വിശദീകരണം നല്‍കേണ്ടി വരുന്നത്.
ഇവിടെ പുരുഷനും 'നീ' എന്ന സ്ത്രീയും...
ഹൃദയത്തിന്‍റെ കുപ്പായം എന്ന് പറഞ്ഞത് ശരീരത്തെയാണ്. യൗവനം കത്തിനില്‍ക്കേണ്ട പ്രായത്തിലും ആവശ്യമില്ലാതിരുന്നിട്ടും ഉത്തേജകങ്ങളുടെ പിന്നാലെ പോവുന്ന ഒരു തലമുറയെ പറ്റി...

December 26, 2011 at 4:11 PM

വിശദീകരണം കണ്ടതു കൊണ്ട് അധികം തല പുകക്കേണ്ടി വന്നില്ല. എന്നാലും എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌ ആദ്യത്തെ നാല് വരികളാണ്...!

December 30, 2011 at 11:59 AM

മീശ കവിത ഇഷ്ടായി സോണി.. പ്രണയത്തിന്റെ അവസ്ഥയെ പറഞ്ഞു തന്നതിനു നന്ദി ...അഭിനന്ദനങ്ങള്‍
ഒപ്പം പുതുവത്സരാശംസകളും ..

December 30, 2011 at 1:50 PM

നന്ദി കൂട്ടുകാരി. നവവത്സരാശംസകൾ.

January 2, 2012 at 5:36 AM

ഭോഗക്കിടക്കയില്‍ പരാജയപ്പെട്ടവന്റെ സ്വാഭാവികനിലവിളി ഇണക്ക് മേലുള്ള കോപവും കാര്‍ക്കശ്യവുമാണ്. ഇവിടെ കിടക്കവിരിയില്‍ ഒരു വിഴുപ്പുകുപ്പായമായി വിയര്‍പ്പാറ്റുമ്പോള്‍ പൌരുഷത്തിന്റെ കുടമാറ്റത്തിന് അനാവശ്യവും സംശയാസ്പദവുമായ തിടുക്കം കൂട്ടുന്നുണ്ട് അയാള്‍...!

January 5, 2012 at 2:51 PM

നന്നായി ..എന്നാലും ഈ അളവുതൂക്കങ്ങള്‍ ....
നന്നായി എന്നുതന്നെ പറയണം .

January 5, 2012 at 7:57 PM

അഞ്ചു പ്രാവശ്യം വായിച്ചു. ഒന്നും പിടി കിട്ടിയില്ല. കമന്റൂത്തുകാർ എന്താ പറയുന്നതെന്നു നോക്കി. വിധു ചോപ്രയെ കണ്ട് ആശ്വസിച്ചു. മറുപടി വായിച്ച് വീണ്ടും മുകളിലേക്ക് പോയി. ഏന്നാലും ഒരപൂർണ്ണത..
“കാല്‍മുട്ടുചിരട്ടയില്‍
തീവെട്ടിയെരിഞ്ഞപ്പോള്‍,“
കവയിത്രിയോടു തന്നെ ചോദിച്ചു
ഉത്തരം കിട്ടി.
നാവിറങ്ങിപ്പോയി..
വായനയില്ലാത്തതാണ് പ്രശ്നം !

January 6, 2012 at 9:29 PM

കൊള്ളി പുകഞ്ഞു കൊണ്ടെയിരിക്കട്ടെ. ആശംസകള്‍!

Post a Comment