Tuesday, September 7, 2010

ഞാനായിപ്പോയത്...

6

എനിക്ക് നിന്നോട് പറയാനുള്ളത് -
മണികളടര്‍ന്ന ചിലങ്കയില്‍
ശേഷിക്കുന്ന ഒറ്റമുത്തിന്റെ
ചിലമ്പിച്ച ഏകാന്തത.
പുസ്തകത്തട്ടില്‍
ചിതലെടുത്ത പാതിതാളിന്റെ രോദനം.
പച്ചിലകള്‍ നോക്കിച്ചിരിക്കുമ്പോള്‍
തനിച്ചായ പഴുത്തിലയുടെ വിങ്ങല്‍...
അവയ്ക്കൊടുവില്‍  --
വാക്കുകളുടെ വയല്‍ വരമ്പില്‍
വഴുതിവീണ കുഞ്ഞിന്റെ
"അമ്മേ..." യെന്ന വിളി....

എനിക്ക് നിന്നോടു ചെയ്യാനുള്ളത് -
രാത്രിവഴികളില്‍ വിളക്കുവച്ചു കാത്തിരിക്കുക;
വിയര്‍ത്തുറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്നു വീശിത്തരിക;
കണ്‍കോണില്‍ നീര്‍ പൊടിയുമ്പോള്‍
കൈനീട്ടി നെഞ്ചോട്‌ ചേര്‍ക്കുക;
പകല്‍ച്ചൂടില്‍ തീവെയിലില്‍  
മണ്‍കലത്തിലെ  സംഭാരമാവുക...

എങ്കിലും
ഞാന്‍ നിന്നോട് പറഞ്ഞുപോവുന്നത്  -
വെള്ളം ചോദിച്ചു മലക്കറിക്കാരന്‍ 
അടുക്കളയില്‍ കയറി വന്നത്,
പൈപ്പിന്‍ ചുവട്ടിലിരുന്ന പാത്രം
നാടോടിപ്പെണ്ണ് കട്ടോണ്ടു പോയത്,
അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ
പാവാട പൊക്കി നോക്കിയതിന്
ആറുവയസ്സുകാരന്‍ മകനെ
അയല്‍ക്കാരന്‍ തല്ലിച്ചതച്ചത്,
മുറ്റത്തു തേങ്ങയടര്‍ന്നുവീണ് 
മണ്‍പൂച്ചട്ടി ഉടഞ്ഞുപോയത്...

ഞാന്‍ നിന്നോട് ചെയ്തുപോകുന്നത് -
കറന്റ് ബില്ലടയ്ക്കാന്‍ മറന്നതിന് കാരണം
നീയും നിനക്ക് പിന്നില്‍ നാല് തലമുറയും,
ഓടിനിടയിലൂടെ ചോരുന്നത് നിന്റെയലംഭാവം,
ധാരാളിത്തമെന്നാല്‍ - കടം വാങ്ങിയ കാശിന്
അമ്മയ്ക്ക് മുണ്ട് വാങ്ങിയത്,
ഫീസടയ്ക്കാതെ  മകള്‍ കരഞ്ഞുകൊണ്ടുവന്നത്
നീ കാരണം,
'നീ - പിടിപ്പുകേടിന്റെ പര്യായം!!!'

ഇന്നലെ
പൂട്ടാന്‍ മറന്ന മേശയ്ക്കുള്ളില്‍ കണ്ടത്
നിന്റെ ഡയറിക്കുറിപ്പുകള്‍....
അവയില്‍ -
എന്റെ പെണ്‍ചിന്തകളുടെ ആണ്‍ചിന്തകള്‍.
പെണ്‍വാക്കുകളുടെ ആണ്‍വാക്കുകള്‍.
ആണ്‍വാക്കെങ്ങനെയാണെന്ന്
ഞാന്‍ കേട്ടിരുന്നില്ല;
പെണ്‍വാക്കുകള്‍ നീയും.

നിന്റെ ഏകാന്തത ഞാനറിഞ്ഞു...
ഞാന്‍ ഡയറിയെഴുതാത്തതുകൊണ്ട്
നീയൊന്നുമറിയില്ല.... ഒരിക്കലും.
(2006)
                    ***************************

6 Response to ഞാനായിപ്പോയത്...

September 17, 2010 at 11:41 PM

onnum evideyum ezhuthiyidathe pokunna jeevithangalanu adhikavum.

orikalum nee ariyathirikaruthu.orikalenkilum ninne ariyiku

varikal manoharamayirikunnu.

Anonymous
October 7, 2010 at 11:37 PM

sony...........very nice....really beautiful words............

March 14, 2011 at 4:51 PM

എനിക്ക് നിന്നോട് പറയാനുള്ളത്.…ഞാനിവിടെ വന്നിരുന്നു,,,,,ഒന്നും പറയാതെ പോകുന്നു,,,,,

November 24, 2011 at 10:47 AM

colour settings onnu mattoo...vaayikkan valre budhimuttunnu... aake oru puka pole....!

November 24, 2011 at 12:14 PM

നന്നായിട്ടുണ്ട് ട്ടോ..
ആശംസകള്‍...( വളരെ ഇഷ്ടമായി..)

November 24, 2011 at 12:30 PM

ഡയറി എഴുതരുത് ചലപ്പോള്‍ മഷി തികയില്ല

Post a Comment