Sunday, October 31, 2010

അച്ഛനെവിടെ...?

0


എന്നോ മയക്കത്തിലുള്‍ക്കാമ്പു തേങ്ങിയോ
കുഞ്ഞായ്‌പ്പിറക്കാന്‍ കൊതിച്ചു ഞാന്‍ നിന്നുവോ
കണ്ണീര്‍ക്കിനാവായ്‌ കരള്‍ക്കാമ്പിലൂറിയോ
നിന്നോര്‍മ്മ തന്‍ വെറും സങ്കല്പരൂപങ്ങള്‍

നീര്‍പ്പാലകള്‍ പൂത്ത പാതയോരങ്ങളില്‍
പുല്‍നാമ്പുകള്‍ കാറ്റിലാടും വരമ്പിലും
മുള്‍ക്കാടു തങ്ങിടും പാറയിടുക്കിലും
കാതരയായ്‌ നിന്‍ വിരല്‍ത്തുമ്പു തേടി ഞാന്‍

കാല്‍പ്പാടു കാണാതെ പൊള്ളും നിരത്തിലും
കാലൊച്ച കേള്‍ക്കാത്തിടനാഴി വക്കിലും
ചുറ്റും ചിരിക്കാത്ത കണ്‍കള്‍ക്കു മുന്നിലും
സാന്ത്വനമായ്‌ നിന്റെ കൈത്തണ്ട തേടി ഞാന്‍


തിങ്ങിപ്പിളര്‍ക്കാന്‍ വിതുമ്പും വിഷാദവും
നീര്‍ച്ചാല്‍ പതിക്കും കപോലതടങ്ങളും
നെഞ്ചില്‍ പിടയ്ക്കും മഹാമൗനവും നിന്റെ
കുഞ്ഞുതലോടലിന്നായ്‌ കാത്തിരുന്നതും...

നീരറ്റ ഭൂമിയില്‍ നീര്‍പ്രവാഹം പോലെ
കാര്‍മേഘജാലത്തിലേകതാരം പോലെ
വിങ്ങുന്ന വേദനയ്ക്കാശ്വാസമന്ത്രമായ്‌
നീയെത്തിടാനായ്‌ ഞാന്‍ കാത്തിരുന്നതും...

കാണും മുഖങ്ങളില്‍, കാല്‍നഖവെണ്മയില്‍,
നീളുന്ന നോട്ടത്തില്‍, രോമകൂപങ്ങളില്‍,
മങ്ങിത്തെളിഞ്ഞിടും മന്ദഹാസങ്ങളില്‍
നിന്‍ ഭാവമേതെന്നറിയാതിരുന്നതും...

കൊഞ്ചിപ്പുണര്‍ന്നു മടിത്തട്ടിലേറിടാന്‍,
വിമ്മിക്കരഞ്ഞു നെഞ്ചില്‍ മുഖം പൂഴ്ത്തുവാന്‍,
മൂര്‍ദ്ധാവിലിത്തിരി സ്നേഹം നുകര്‍ന്നിടാന്‍,
എത്താത്തതെന്തെ? - യെന്നെന്നിലായ്‌ ചൊല്ലിയും...

കൈപിടിച്ചുള്ളിലെ  ദു:ഖങ്ങളും മോഹ -
ഭംഗങ്ങളും പാദസത്രത്തിനുള്ളിലായ്‌
കൈവിടാന്‍, വര്‍ഷമായ്‌ പെയ്തൊഴിഞ്ഞീടുവാന്‍
എന്തേ വരാത്തതെന്നോര്‍മ്മയില്‍ തേടിയും...

ആ മുഖം, സ്പര്‍ശവും സാന്ത്വനഭാവവും
ശാസിക്കുമാര്‍ദ്രമാം കാരുണ്യകാന്തിയും...
കണ്ടെത്തുമോ പിതൃവാല്‍സല്യഭാവമേ,
കൈകാല്‍ കുഴഞ്ഞു ഞാന്‍ വീഴുന്ന നാളിലും ?

(17.07.1996)

No Response to "അച്ഛനെവിടെ...?"

Post a Comment