Wednesday, October 31, 2012

നോക്കുകുത്തി

33


കെട്ടുമുറുകിയപ്പോള്‍
ഞാനായതു നോക്കുകുത്തി

പുടവയില്‍ കൈവച്ചപ്പോള്‍
ആദ്യമായന്നാദ്യരാത്രി
അവളുടെ നോക്ക് എന്നെ കുത്തി

അനിയത്തിക്കുട്ടിയെ
സ്വന്തമെന്നോര്‍ത്തിട്ട്
കവിളില്‍ തട്ടുമ്പോള്‍
വീണ്ടുമൊരു നോക്ക് കുത്തി

അച്ഛനാവുന്നു ഞാനെന്നവള്‍
അമ്മയോടാദ്യം പറഞ്ഞപ്പോള്‍ 
എനിക്കും തോന്നി, ഞാന്‍ നോക്കുകുത്തി

നാലാംമാസം ചെക്കപ്പിന്
കൂടെച്ചെല്ലാതിരുന്നപ്പോള്‍,
കുഞ്ഞുപിറന്നു കിടക്കുമ്പോള്‍
പള്ളയുടുപ്പു മറന്നതിന്,
ഉണ്ണിമൂത്രം വീണപ്പോള്‍
'അയ്യേ..'യെന്നു പറഞ്ഞതിന്,
സ്കൂളില്‍ ചേര്‍ക്കാന്‍ നേരത്ത്
ലീവില്ലെന്നുമൊഴിഞ്ഞതിന്...
പിന്നെയും പിന്നെയുമോരോ
നോക്കുകളെന്നെ കുത്തി

പോകെപ്പോകെയെന്‍റെ
 മേശച്ചില്ലിനടിയില്‍ നിന്നും
ചോറുപാത്രത്തിനുള്ളില്‍ നിന്നും
കറുത്ത കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്നും
നോക്കുകളോരോന്നായെന്നെ കുത്തി

മടക്കവും മോക്ഷവുമില്ലാതെ
ശാപം വരച്ച കരിക്കലവും
വൈക്കോല്‍ നിറച്ച കുപ്പായവുമായ്‌
നോക്കുകുത്തിയായ്‌ത്തന്നെ
ഞാനിനിയും; അവളുടെ
നെഞ്ചോളം പോന്നൊരു
 നോക്കുകുത്തി

(31..10..2012)

Saturday, September 15, 2012

മല്ലു

31

മല്ലു
ഇതിഹാസമാണവന്‍
കെമിക്കല്‍ത്തോട്ടങ്ങള്‍
വലിച്ചു ചടച്ചവന്‍
ചുരം കടന്നെത്തുന്ന
വിഷക്കായ രുചിച്ചവന്‍
മണ്ണിര കൊഴുപ്പിച്ച
പാലാഴി കുടിച്ചവന്‍ - മല്ലു

വാ കീറിയ ദൈവം തന്നാല്‍
വാലറ്റവും തിന്നുന്നവന്‍
ഇര തേടിയിറങ്ങാതിനിയും
പരദേശിയെ പോറ്റുന്നവന്‍
എണ്ണവിലയ്ക്കു തീയിട്ടാലും
മുന്തിയ വണ്ടി പറത്തുന്നവന്‍
മല്ലു പരിഹാസമാണവന്‍

മഴ കൊയ്തെടുക്കാതെ
മരം കൊയ്തെടുക്കുന്നവന്‍
പച്ചില ദഹിക്കാതെ
നരകക്കോഴി വിഴുങ്ങുന്നവന്‍
ഇ-ടോയ്‌ലറ്റിനു പിന്നില്‍
ഗാന്ധി ചിരിക്കുന്ന കീശയില്‍ 
നാണയത്തുട്ടു പിശുക്കുന്നവന്‍

മല്ലു ഇനിയും,
കുംഭകോണങ്ങള്‍ക്കുമപ്പുറം
പൊട്ടാന്‍മുട്ടും കെട്ടിനുമേലെ
കാലത്തിന്‍റെ തടുക്കപ്പായില്‍ ,
ഇടിവെട്ടേറ്റവനിരിക്കുന്നു
പാമ്പുകടിക്കുന്നതും കാത്ത്


(14..09..2012)

Saturday, September 1, 2012

ഡാര്‍ലിംഗ്

35
 
മോണിറ്ററില്‍ നിന്നിറങ്ങി വരുമ്പോള്‍
അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു
  
 മഞ്ഞുമൂടിയ കിടക്കയില്‍
തീപ്പൊരി പുകച്ചവള്‍...
തണുത്ത കഞ്ഞിയ്ക്കും തൊട്ടുകൂട്ടാന്‍
തേങ്ങാച്ചട്നി മതിയായിരുന്നു,
അവളുടെ ചുണ്ടും

എന്നിട്ടും, 
 വാട്ടര്‍ജഗ്ഗിനു മേലേ കയറി
പല്ലിയെ പിടിക്കാന്‍ പോയവള്‍ ...
ചിരവയെടുത്തു തല ചൊറിഞ്ഞ്
വറ്റല്‍മുളകിന്‍ കഷണത്തെപ്പറ്റി
വാതോരാതിരുന്നും,
വട്ടന്‍റെ പുല്ലിംഗം ചോദിച്ച്
ആര്‍ത്താര്‍ത്തു ചിരിച്ചും...
സ്വൈരക്കേടായവള്‍

തലവേദനയെനിക്ക്;
തിരികെ പിടിച്ചവളെയെങ്ങനെ
മോണിറ്ററില്‍ കയറ്റും ഞാന്‍ ...!!!

(31..08..2012)

Tuesday, August 21, 2012

തീര്‍ന്നുപോയൊരാള്‍

35


രാവുറങ്ങുമ്പോള്‍
ഊരുചുറ്റാന്‍ കയറിയ 
കള്ളവണ്ടിയില്‍
അവനുണ്ടായിരുന്നെന്ന്
എന്‍റെയാത്മാവ്...

ഡിസംബറിന്‍റെ
പേടിച്ചൂട് തട്ടി
അവനാകെ വിളറിയിരുന്നു

അവന്‍റെ സഞ്ചിയില്‍
ജനുവരിയില്‍ മുളപ്പിക്കേണ്ട
വിത്തുകളുണ്ടായിരുന്നു

സമതുലനക്കണക്കുപിഴച്ചാല്‍
തിരുത്തിയെഴുതാന്‍
ജാതകവുമവനെടുത്തിരുന്നു ;
തലവര മായ്ച്ചുവരയ്ക്കാന്‍
റബ്ബര്‍പെന്‍സിലും

കള്ളവണ്ടിയ്ക്ക്
ചക്രങ്ങളില്ലാതിരുന്നതിനാല്‍
കാലത്തിനൊത്തുരുളാന്‍
ആത്മാവവനോടു പറഞ്ഞില്ലെന്ന്

കുറുക്കുവഴിയുടെ മുള്ളുകമ്പിയില്‍
കുപ്പായം കുരുങ്ങിയപ്പോള്‍
ദിഗംബരനായവന്‍

കൂടെപ്പോരാന്‍ വിളിച്ചെന്ന്
ആത്മാവ് പറഞ്ഞപ്പോഴും
വിശ്വസിച്ചില്ല ഞാന്‍ ;
നടുമുറ്റത്തന്തിയില്‍
കരിഞ്ഞുണങ്ങിയ വിത്തുകളും
മുനയൊടിഞ്ഞ പെന്‍സിലും
കാണുന്നതുവരെയും...

(18..08..2012)

Monday, July 16, 2012

നേര്‍ക്കാഴ്ചകള്‍

26

ചീറിപ്പായുന്ന വണ്ടികള്‍,
സീബ്രാലൈന്‍ കണ്ടിട്ടും
കാല്‍വയ്ക്കാനാവാതെ
പേടിച്ചുമാറുന്നു ദൈവം

പഴനിനേര്‍ച്ചയ്ക്കെന്ന്
തേടിക്കിട്ടിയ ചില്ലറ
നോട്ടായ്‌ച്ചുരുളുന്നു
ബിവറേജസ്‌ മേശയില്‍

സഹയാത്രികന്‍റെ
തെറിച്ചുവീണ തുട്ടിന്മേല്‍
ചവിട്ടി നില്‍ക്കുന്നു
മൂഢദുരാഗ്രഹം

 വിളിപ്പുറത്തെത്താന്‍
ഏലസ്സ് തേടുന്നു
കാലപ്പഴക്കത്തില്‍
കല്ലായ ദേവി

 അമ്മയെ വെട്ടിയ പുത്രനും
പുത്രിയെക്കാമിച്ചയച്ഛനും
കൈമണിക്കുപ്പായക്കീശയും

ഭാവിതേടുമ്പോള്‍
കൊത്തിയ ചീട്ട്
തെറ്റിപ്പോയെന്ന്
കിളിയോടു കയര്‍ക്കുന്നു
പക്ഷിശാസ്ത്രജ്ഞന്‍

നൂറ്റാണ്ടുയുദ്ധത്തില്‍
ശാസ്ത്രം ജയിച്ചപ്പോള്‍
തോറ്റ മനുഷ്യന്‍
കുമ്പസാരക്കൂട്ടില്‍
മുട്ടുകുത്തുന്നു
എന്‍റെപിഴ... എന്‍റെ പിഴ...

(മഴവില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
(02..07..2012)