Wednesday, March 16, 2011

ആഗ്നേയം

0


പ്രണയം

കാറ്റുപോലെയല്ല,

മഞ്ഞുപോലെയല്ല,

നിന്നെപ്പോലെയുമല്ല


പ്രണയം... അഗ്നിയാണ്

-ദൃശ്യം-

പകല്‍ക്കാഴ്ച്ചയില്‍ സുന്ദരം,

ഇരുള്‍ക്കിടക്കയില്‍ മാദകം,

പടര്‍ന്നാളുമ്പോള്‍ വന്യം


പ്രണയം... ഇളംതീയാണ്

-സാമീപ്യം-

മരവിച്ച മനസ്സുകള്‍ക്ക്

തണുത്തുറഞ്ഞ കിനാവുകള്‍ക്ക്

ഉരുകിയെത്താത്ത നോവുകള്‍ക്ക്‌


പ്രണയം

-സ്പര്‍ശം-

വിരലൊന്നു നീട്ടിയാല്‍,

മുടിയൊന്നു പാറിയാല്‍,

അരികിലേയ്ക്കെത്തിയാല്‍

പൊള്ളും, കരിയും, വരളും....

പ്രണയം അഗ്നിയാണ്.


ശേഷം

കരിഞ്ഞുപോയതും

കറുത്തിരുണ്ടതും   

വരണ്ടുവിണ്ടതും

ഞാന്‍...


എരിഞ്ഞുതീര്‍ന്നതോ 

നീ...

( ആദ്യവരികള്‍ക്ക് കടപ്പാട് : 'പുലിനി'  - Short Film by Pampally )
(16.03.2011)
     

Thursday, March 3, 2011

ആകാശമില്ലാതെ

5


നീ മാത്രമിത്രമേലായത്തിലാടവേ
നീ മാത്രമാകാശസീമകടക്കവേ
നീളമില്ലാത്തൊരെന്നൂഞ്ഞാല്‍ച്ചരടുമായ് 
നീ പോയ കാറ്റൊലി കേട്ടുനില്‍ക്കുന്നു ഞാന്‍

കാരില മൂടിയ മാന്തോപ്പിനപ്പുറം
ഞാനിരുന്നാടീ തനിച്ചെന്റെയൂയലില്‍ 
മേഘത്തിനക്കരെ പോയ്‌മറഞ്ഞെങ്ങു നീ 
താരക്കുരുന്നുകള്‍ വാരിക്കളിക്കാനോ... 


നീ മേലെയില്ലാതെ, നീ കൂടെയെത്താതെ  
നീ മാത്രമായത്തിലാടിയൊരൂഞ്ഞാലും,
നീറിച്ചുവക്കും ഇരുള്‍ക്കൊമ്പില്‍ നിശ്ചലം,
നിന്‍ ഗന്ധവും എന്റെ പിന്‍വിളിത്തേങ്ങലും....



താഴേയ്ക്കു പോരുന്നൊരൂഞ്ഞാലിലിത്തിരി
വെണ്‍മേഘതുണ്ടങ്ങള്‍ പാറിപ്പറന്നുപോയ്‌...
ഞാനീ നിലാവില്‍ കരള്‍നട്ടിരിക്കുന്നു,
നീയായ്പ്പറക്കുന്നതെപ്പൊഴും കാണുവാന്‍


(03.03.2011) 

നിനക്കു മാത്രം

5

ആര്‍ക്കുമാവും,

നിന്നെ കരയിക്കാന്‍,

ചിരിപ്പിക്കാന്‍

കൊതിപ്പിക്കാന്‍,

നിന്റെ കൂടെ കഴിയാന്‍,

ചേര്‍ന്നു നടക്കാന്‍

നിന്നെ തൃപ്തനാക്കാന്‍ 


എന്നാല്‍,

 നിനക്കു മാത്രമേ കഴിയൂ

.............................

എന്നെ നോവിക്കാന്‍

(03.03.2011)

Thursday, February 17, 2011

വിഷമവൃത്തം

14



പിന്‍വിളി കേട്ടില്ലെന്ന് 
പരിഭവം പറയുമ്പോള്‍
നിനക്കറിയണോ,
വട്ടത്തില്‍ ചവിട്ടാന്‍ 
ഞാന്‍ പെടുന്ന പാട്...?


നീയറിയുന്ന വൃത്തങ്ങള്‍ -
ദോശ, സിന്ദൂരപ്പൊട്ട് ,
വട്ടമിട്ടിരുന്നാല്‍ കൊത്തങ്കല്ല്.


മാസാദ്യങ്ങളും കീശ കീറുമ്പോള്‍
അതില്‍
വട്ടമെത്താത്ത നാണയത്തുട്ടുകള്‍ ;
തുന്നിക്കൂട്ടുമ്പോള്‍ മറന്നുപോകുന്നത്
വ്യാസത്തിന്‍റെ സമവാക്യങ്ങള്‍,
ഘനവും ചുറ്റളവുകളും.


നെഞ്ചിടിപ്പുകള്‍;
വിലകൂടല്ലേയെന്ന്,
ഉപ്പിനും അരിക്കും മുളകിനും മാത്രം.


വട്ടത്തില്‍ കീറിയതു കൂട്ടിപ്പിടിച്ച്
നീളത്തില്‍ തുന്നുമ്പോള്‍
ജീവിതമിങ്ങനെ...


ചവിട്ടുന്നത് വട്ടത്തില്‍,
ഓടുന്നത് നീളത്തില്‍...
വരച്ചാലെത്താത്ത വൃത്തത്തില്‍
വഴിക്കണക്കിന്‍റെ  ചോദ്യവും!!!


(16..02..2011)

Thursday, January 27, 2011

അഞ്ചാം വിത്ത്

1


അഞ്ചാമതൊരു വിത്ത് ;


ആരാവാരത്തോടെ ,

പത്തുഗുണം വേണ്ടത് .

വിത്തിന് പക്ഷെ, 

പത്തല്ല, പതിനായിരം...

ഗുണമല്ല ; ദോഷം .

  
വിത്തിട്ട നിലം,

നനവ്‌ വറ്റിത്തുടങ്ങിയത് .

വിതക്കാരന്റെ കൈകള്‍ ,

വിറച്ചുകൊണ്ടിരുന്നത് .

മുളയ്ക്കില്ലെന്നു നിലം ,

മുളച്ചാലും കരിയുമെന്ന് നാട്ടാര്‍ ,

എന്നിട്ടും....
  

വിത്ത്‌ മുളച്ചപ്പോള്‍

കുംഭനിലാവില്ലായിരുന്നു .
 
മുളകള്‍ വെളുത്തിരുന്നപ്പോള്‍ 

വിത്ത്‌ മാത്രമറിഞ്ഞു ,

വിത്തിനുള്ളില്‍

നറും പാലാണെന്ന്...

 
ഇരുണ്ടു വെളുത്തു ;

വെളുത്തിരുണ്ടു -
 

മുള വളര്‍ന്നു ;

അഞ്ചാം വിത്ത്‌ ,

ആരാവാരങ്ങളില്ലാതെ ,

പതിനായിരം ദോഷങ്ങളോടെ ,

ഒരുകോടി കറുപ്പുകളോടെ...



( 27.01.2011 )

Monday, January 17, 2011

അജ്ഞം

19


മൗനം വിളിക്കുമ്പോള്‍ 

ഞാനുറങ്ങുകയായിരുന്നു; 
 

ഉറക്കത്തില്‍
 

പുല്‍മേടുകള്‍ ചുവന്നിരുന്നു;
 

മരങ്ങളില്‍ നിന്ന്
 

ഒഴുകിയിറങ്ങിയ രക്തം
 

വെളുത്തിരുന്നു.


മൗനം വിളിച്ചത്
 

അവള്‍ മരിച്ചുവെന്നു പറയാന്‍ ;
 

എന്റെ ചിതയില്‍ച്ചാടി....

 
അഗ്നി വറ്റി;
 

പറന്നുയര്‍ന്ന ചാരം
 

അവളുടെയും എന്റെയും.
 

ഉരുമ്മിയ അസ്ഥികള്‍;
 

പുരുഷനും, സ്ത്രീയും.

 
ഹിന്ദുച്ചിതയില്‍
 

അന്യജാതിയെല്ലുകള്‍
 

തിരിഞ്ഞെടുക്കാനാവാതെ
 

കുഴങ്ങിയ കാര്‍മ്മികന്‍...

 
കുടത്തിലായത് ചിലത്,
 

കുഴിച്ചുമൂടിയത് ചിലത്.

 
കുടത്തില്‍ അവള്‍
 

ഗംഗയിലൊഴുകിയപ്പോള്‍ 
 

മണ്ണിനടിയില്‍ എനിക്ക് കൂട്ടിന്

അവളുടെ വലതു കൈപ്പത്തി...
 

പുണര്‍ന്ന ചാരം;
 

രക്തവും, മാംസവും, മുടിയിഴകളും...

 
പിന്നെ മൗനം പറഞ്ഞത്
 

വളരെ പതിയെയായിരുന്നു;
 

'ഞാനറിഞ്ഞിരുന്നില്ല,
 

അവള്‍ നിന്നെ പ്രണയിച്ചത്‌...'


(14.01.2011)

Wednesday, December 22, 2010

വഴിക്കണ്ണ്

6


വഴിക്കണ്ണു നീളുന്ന -
തവള്‍ മാത്രമറിയുന്നു
മയങ്ങുന്ന കുരുവികള്‍
വിതുമ്പുന്ന രാക്കിളി
തണുക്കുന്ന കിണര്‍വെള്ളം...
മരവിക്കുമത്താഴം...

വഴിക്കണ്ണു നീറുമ്പൊ -
ഴവള്‍ മാത്രമുരുകുന്നു
വൈകുമെന്നൊറ്റ
വരിയ്ക്കൊരു സന്ദേശം...
ഇരുളുന്ന വീഥികള്‍
മങ്ങുന്ന കാഴ്ചകള്‍
കുളിരുന്ന ചാറ്റലില്‍
വഴുക്കുന്ന ചരിവുകള്‍ ‍...!!!

വഴിക്കണ്ണു കടയുമ്പൊ -
ഴവള്‍ മാത്രം പിടയുന്നു
വഴിയില്‍ കുടുങ്ങിയോ...?
കുഴികള്‍ ചതിച്ചുവോ...?
ഇരുളിന്‍റെ മറവുകള്‍ ...
മരനീര്‍ വളയങ്ങള്‍ ...
മാരകവേഗങ്ങള്‍ ‍...
ചുടുചോര... വേദന...

കണ്‍പോള തുടികളായ്...
നെഞ്ചിടം ചെണ്ടയായ്‌
അടിവയര്‍ തീക്കനല്‍
കൈകാല്‍ തരിപ്പുകള്‍
ചുണ്ടിലും നാവിലും -
കാക്കണേ......യീശ്വരാ...
......................................
......................................

വഴിക്കണ്ണു കാണുന്നു...!!!
വഴിക്കണ്ണു തിരയുന്നു...
വഴിക്കണ്ണു കാണുമ്പൊ -
ഴവള്‍ മാത്രമവള്‍ മാത്ര -
മവളായ് തീരുന്നു....
വഴിക്കണ്ണറിയുന്നു...
ആ നിഴല്‍ ജീവിതം,
ആ മുഖം പ്രാണനും...
ആ സ്വരം ശ്വാസവും...

(30.11.2010)

Thursday, December 16, 2010

! ! !

1

സത്യങ്ങള്‍ രണ്ടു തരം -
പ്രിയസത്യങ്ങള്‍, അപ്രിയസത്യങ്ങള്‍...

കള്ളങ്ങളും രണ്ടു തരം -
പ്രിയ കള്ളങ്ങള്‍, അപ്രിയകള്ളങ്ങള്‍....

പ്രിയ സത്യങ്ങള്‍ - എപ്പോഴും പറയാവുന്നത്,
അപ്രിയസത്യങ്ങള്‍ - പറയാതിരിക്കേണ്ടത്.

പ്രിയ കള്ളങ്ങള്‍ - വേണമെങ്കില്‍ പറയാവുന്നത്,
അപ്രിയ കള്ളങ്ങള്‍ - ഒരിക്കലും പാടില്ലാത്തത്.

സന്ദേഹം

0

അവന്‍ പറഞ്ഞു,

അവളുണ്ട്....

നല്ലത്, അവള്‍ ചിരിച്ചു.


അവന്‍ പറഞ്ഞു,

അവളുണ്ട്....

അതും നല്ലത്, എങ്കിലും

അവള്‍ കരഞ്ഞു.


അവന്‍ വീണ്ടും പറഞ്ഞു,

അവള്‍ പോയി....

അവള്‍ക്കറിയില്ലായിരുന്നു,

ചിരിക്കണോ, കരയണോ....??


(15.12.10) 

Wednesday, December 1, 2010

തിരിച്ചറിവ്

2


അറിവുകള്‍ നിന്റെ സ്വന്തം !!
അരിഞ്ഞുകൊടുത്ത ചിറകുകളും...

കതിരും പതിരും തിരിയാതെ
അറിയുന്നത് വെറുതെ.
തിരിച്ചറിയാത്ത അറിവുകള്‍ -
കൊഴിച്ചെടുക്കാത്ത നെന്മണികള്‍.
ഹാ...!  കഷ്ടം...!!!

കാണുന്നതറിയുന്നു
വേറെന്തോ മൊഴിയുന്നു
കയങ്ങളില്‍ മുങ്ങുന്നു
ചുഴികളില്‍ ചുറ്റുന്നു
നിലയുണ്ട് ;
നിലപാടുകള്‍ മാത്രം...

തിരിച്ചറിയാത്ത അറിവുകള്‍
നിലയില്ലാക്കുമിളകള്‍.
നേരറിവുകള്‍ക്കിനിയും
ചെവിയോര്‍ക്കാത്ത കാലം.
വിരാമമെന്നാല്‍ -
ന: ബ്രൂവാത്‌  സത്യമപ്രിയം...!!!

(01.12.2010)