Thursday, June 23, 2011

നിരാസം

9

എന്‍റെ സ്നേഹത്തിനു ചൂടായിരുന്നില്ല, തണുപ്പായിരുന്നു.  തണുക്കുന്നെന്നു പരാതി പറഞ്ഞ് എന്‍റെ രാത്രിയുടെ വാതില്‍ വലിച്ചുതുറന്ന് നീയിറങ്ങി നടന്നത് കത്തുന്ന പകലിലേയ്ക്കായിരുന്നു.  തണലില്ലാത്ത നിന്‍റെ വഴികളില്‍ വേനല്‍ച്ചൂടില്‍ കരിഞ്ഞത് എന്‍റെ മനസ്സായിരുന്നു.

എന്‍റെയിരുളിലെ വിളര്‍ച്ചയേക്കാള്‍ നിന്‍റെ വെളിച്ചത്തിന്‍റെ വരള്‍ച്ചയെ നീ സ്നേഹിച്ചു.  കത്തുന്ന നെറ്റിയുമായി നീ തിരികെയെത്തുമെന്നും തണുത്ത വിരലുകള്‍ നീട്ടി നിന്നെ തൊട്ടുപൊള്ളിക്കണമെന്നും നനുക്കെ മുത്തണമെന്നും ഞാന്‍ കരുതി.  നീയില്ലാതിരുന്നതിനാല്‍, എരിഞ്ഞ വേനലും ചൊരിഞ്ഞ വര്‍ഷവും വരണ്ട ശിശിരവും ഞാനറിയാതെ പോയി.

ഇതെന്‍റെ മരണക്കിടക്ക...


ഒടുവില്‍ നീയെത്തുമ്പോള്‍ നിന്നെയും കാത്ത് ഒരു പേടകമുണ്ടാവും, അതില്‍ നിനക്കായ് -
കാറ്റില്‍ പറന്നുപോയ ഒരു തുണ്ടു സ്വപ്നം,
പിറക്കാതെ പോയ നമ്മുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് കണ്ടുവച്ച പേര്,
വാക്കിന്‍റെ ഗര്‍ഭത്തില്‍ അലസിപ്പോയ അര്‍ഥം,
നിന്നെയോര്‍ത്തു കരഞ്ഞ അവസാനത്തുള്ളി കണ്ണുനീര്‍ ഒപ്പിയെടുത്ത കൈലേസ്,
പിന്നെയൊരു ചെപ്പിനുള്ളില്‍,
എന്‍റെ കാലടിയില്‍ നിന്നൂര്‍ന്നുപോയ ഒരു പിടി മണ്ണ്....

ആ പേടകം പാഴ്ത്തടിയുടേതാവും, അതിലും ഇരുളും തണുപ്പുമുണ്ടാവും...

ഇഷ്ടമാവില്ലെങ്കിലും നിനക്കുനല്‍കാന്‍
എനിക്കതൊന്നു മാത്രം.

9 Response to നിരാസം

June 23, 2011 at 4:55 PM

മരണമേ നീ പോവൂ.
കിനാവുകള്‍ കൊണ്ട്
തുന്നിക്കെട്ടിയ
ജീവിതത്തിന്റെ
സുഗന്ധം നേരുന്നു
വരുംകാല വരികളില്‍.

Anonymous
June 23, 2011 at 7:46 PM

എന്തു പറയണമെന്നറിയില്ല. ഇത് മനസ്സില്‍ നിന്നും മനസ്സിലെക്കൊഴുകുന്ന എഴുത്തെന്നു മാത്രം പറയട്ടെ..

June 23, 2011 at 9:49 PM

അയ്യോ...ഒരു ചെപ്പിനുള്ളില്‍ കാലടിയില്‍ നിന്ന് ഊര്‍ന്നു പോയ ഒരു പിടി മണ്ണ് :(

June 24, 2011 at 11:20 AM

ഇരുളും തണുപ്പും ഉണ്ടാവുന്ന ഒരു പാഴ് തടി കൊണ്ടുള്ള ആ പേടകം....അവസാനം എല്ലാവര്ക്കും അത് മാത്രം..


നന്നായി എഴുതി..എല്ലാ ആശംസകളും..

June 24, 2011 at 1:09 PM

ആ പേടകം പാഴ്ത്തടിയുടേതാവും, അതിലും ഇരുളും തണുപ്പുമുണ്ടാവും...
യൂ മീന്‍‍സ്...നിന്‍‍റെ തണുത്ത സ്നേഹം!

പതിവിനു വിപരീതമായി ഈ കുറിപ്പിലെ എല്ലാം മനസ്സിലായി ;)
വരികളിലെ തീവ്രഭാവം, അത് ഇഷ്ടപെട്ടു

ആശംസകള്‍!

June 24, 2011 at 9:06 PM

നല്ല വരികള്‍.
ആശംസകള്‍ അറിയിക്കുന്നു.

UMA
June 25, 2011 at 10:02 PM

നല്ല വാക്കുകള്‍.
എനിക്കിഷ്ടായി.
ഇതിനു മുന്പുള്ളതും കൊള്ളാം ട്ടോ.

June 27, 2011 at 6:30 PM

സ്നേഹം .........മണ്ണാങ്കട്ട! സ്നേഹംന്ന് കേട്ടാലെനിക്ക് കലിയാ. പക്ഷേ ഈ കവിതയിലെ ഒരു വരിയോട് എനിക്ക് സ്നേഹം തോന്നി വല്ലാതെ.....“വാക്കിന്‍റെ ഗര്‍ഭത്തില്‍ അലസിപ്പോയ അര്‍ഥം”..............കവിതയിൽ അപൂർവ്വമായി കാണുന്ന കവിതയായി തോന്നി ആ വരി.

June 5, 2012 at 8:40 PM

നീയില്ലാതിരുന്നതിനാല്‍, എരിഞ്ഞ വേനലും ചൊരിഞ്ഞ വര്‍ഷവും വരണ്ട ശിശിരവും ഞാനറിയാതെ പോയി.
നന്നായിട്ടുണ്ട് സുഹൃത്തേ ..അഭിനന്ദനങ്ങള്‍

Post a Comment