Wednesday, October 6, 2010

മോചനം

0

എന്റെ വീട് -
മരിച്ച പുസ്തകങ്ങള്‍ 
ചതഞ്ഞ കടലാസുതുണ്ടുകള്‍
ചുളിഞ്ഞ വിരിപ്പുകള്‍ 
അവയ്ക്കിടയില്‍
ഉണങ്ങിയ ഉറുമ്പുകള്‍
മനസ്സിന്റെ പാത്രത്തില്‍
കരിഞ്ഞ ചിന്തകള്‍
വിരലുകളില്‍ കറുപ്പ്
ചുറ്റും 
ചിതറിയ പെന്‍സിലുകള്‍
നനയാത്ത പൊടിമണ്ണ്  ...

നീ പെയ്തു,
മണ്ണ് നനഞ്ഞില്ല
നീ വന്നു,
വീടൊതുങ്ങിയില്ല
നീ ചാഞ്ഞു,
വിരിപ്പുകള്‍ നിവര്‍ന്നില്ല
നീ തൊട്ടു,
വിരലുകള്‍ 
കറുത്തുതന്നെയിരുന്നു...
പിന്നെ ---
കടലാസുതുണ്ടുകളും
പെന്‍സില്‍ത്തണ്ടുകളും
പെറുക്കിയെടുത്ത് 
നീ 
അക്ഷരങ്ങള്‍ കോറി
ശേഷം....
ഞാന്‍ വീടുവിട്ടിറങ്ങി 
മണ്ണിലേയ്ക്ക്...
മഴയിലേയ്ക്ക്‌...

(04.10.2010)

No Response to "മോചനം"

Post a Comment