മഴക്കാലമായെന്‍ കരള്‍ക്കൂട്ടിനുള്ളില്‍
കതിര്‍ കാത്തിരിപ്പൂ കിളിക്കുഞ്ഞുപൈതല്‍
കിനാത്തൂവലിന്‍ ചൂടകറ്റില്ല കുഞ്ഞിന്‍
തളിര്‍മേനി മേലേ തണുക്കും വിയോഗം
പറക്കാന്‍, പറന്നു കരക്കൂട്ടിലെത്താന്‍
മുളയ്ക്കാത്തതെന്തെന്‍ ചിറകിന്നു പിന്നില്‍
മഴക്കാറ്റടിപ്പൂ , മഴക്കോളു കൊള്‍വൂ ,
കനല്‍ക്കാടെരിഞ്ഞെന്‍ കരള്‍ക്കൂട്ടിനുള്ളില്‍
നിലയ്ക്കാന്‍ മടിക്കും മിഴിച്ചാലു മാത്രം ,
ചലിയ്ക്കാത്തതുള്ളില്‍ തുടിയ്ക്കുന്ന നീയും
മൊഴിക്കൂട്ടിനെത്താന്‍ , കളിക്കൂട്ടു കൂടാന്‍
വരിപ്പാട്ടു പാടാന്‍ കൊതിയ്ക്കുന്നു തോഴാ
ഇരുള്‍ക്കാര്‍പ്പുതപ്പില്‍ മയങ്ങാന്‍ നിനയ്ക്കെ
കരുത്തായുദിക്കുന്നരികത്തിതാ നീ
വിതുമ്പാന്‍ പിടയ്ക്കും ഇരുട്ടിന്റെ ചുണ്ടില്‍
മൊഴിത്തേന്‍കണങ്ങള്‍ പുരട്ടുന്നു മെല്ലെ
കരക്കൂട്ടിനുള്ളില്‍ ഒളിപ്പിച്ചിതെന്നില്‍
തരിച്ചൂടു മുദ്ര പതിയ്ക്കുന്നു പിന്നെ....
മുകില്‍ പൂത്ത നെഞ്ചില്‍ മുഖം പൂഴ്ത്തിയെന്നും
മയങ്ങുന്നു ഞാനെന്‍ കളിക്കൂട്ടുകാരാ
നമുക്കായ്ത്തുടിയ്ക്കും നടുക്കേകചിത്തം
നമുക്കായ്പ്പിറക്കും മഹാകാവ്യമൌനം
ഇളം പുല്‍ത്തലപ്പില്‍ തുടും നീര്‍പ്പളുങ്കായ്
ഉണര്‍ന്നെത്തിടും നീ മഴക്കാര്‍പ്പിറപ്പായ്
മഴക്കാലമാ,യെന്‍ മനത്താവളത്തില്‍
കുരുന്നോര്‍മ്മകള്‍ക്കും തിരക്കാലമായി
പിടയ്ക്കുന്നു നെഞ്ചില്‍ കിളിക്കുഞ്ഞു പൈതല്‍...
പതിപ്പൂ നീ തൂവല്‍പ്പുതപ്പായിതെന്നില്‍
നിലയ്ക്കാത്ത രാവിന്‍ കുളിര്‍ മച്ചകത്തില്‍
നിലാത്താരകങ്ങള്‍ നമുക്കിന്നു സാക്ഷി
*****************************************************************
തളിര്‍ച്ചുണ്ടിലോമല്‍ മിഴിക്കോണി,ലൊറ്റ –
യ്ക്കിരിക്കുന്ന നേരം കടന്നെത്തിടും ഞാന്‍
മയങ്ങാന്‍ മടിക്കും നിശാര്‍ദ്ധങ്ങളില്‍ എന്‍
നിറച്ചൂടു പങ്കിട്ടുറക്കീടുമെന്നും
*****************************************************************
(25.04.1996)
No Response to "മഴക്കാലമായ്...."
Post a Comment